Latest NewsNewsIndia

ജി.എസ്.ടി കൗണ്‍സിലിന്റെ ആദ്യയോഗത്തില്‍ വിവിധ വസ്തുകളുടെ നികുതി കുറയ്ക്കണമെന്ന് ആവശ്യം

ന്യൂഡല്‍ഹി: രാജ്യത്ത് ചരക്കുസേവന നികുതി നടപ്പാക്കിയ ശേഷമുള്ള ആദ്യ ജി.എസ്.ടി കൗണ്‍സില്‍ യോഗം കഴിഞ്ഞു. വിവിധ വസ്തുകളുടെ നികുതി കുറയ്ക്കണമെന്ന് യോഗത്തിൽ ആവശ്യമുന്നയിച്ചു. കൗണ്‍സിലിന്റെ ആദ്യ യോഗത്തിൽ 133 വസ്തുകളുടെ ജിഎസ്ടി നികുതി കുറയ്ക്കുകയോ എടുത്തു കളയുകയോ ചെയ്യണമെന്ന അപേക്ഷയാണ് വന്നത്. രാജ്യത്തെ 1200 ഓളം സേവനങ്ങള്‍ക്കും വസ്തുകള്‍ക്കും 5,12,18,28 എന്നിങ്ങനെ നാല് തരം നികുതികളാണ് ജൂലൈ ഒന്നിന് ജിഎസ്ടി നിലവില്‍ വന്നതോടെ ഈടാക്കുന്നത്.

ഐ.ടി സേവനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ നികുതി 12 ആക്കി കുറയ്ക്കണമെന്നും ഐടി അനുബന്ധ ഉപകരണങ്ങളുടെ നികുതി 18 ആക്കി ചുരുക്കണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. മാത്രമല്ല ഹെല്‍മറ്റിന് ഏര്‍പ്പെടുത്തിയ നികുതി 5 ശതമാനമായി നിജപ്പെടുത്തണമെന്നും തുണിത്തരങ്ങളുടെ നികുതി എടുത്തുകളയണമെന്നും ജിഎസ്ടി കൗണ്‍സിലിന് മുന്‍പില്‍ ആവശ്യമുയര്‍ന്നു.

കൂടാതെ ഉരുളക്കിഴങ്ങ് ചിപ്പ്സ്, മധുരപലഹാരങ്ങള്‍, കുള്‍ഫി, ഈന്തപ്പഴം, ട്രാക്ടടര്‍, കാര്‍ഷികോപകരണങ്ങള്‍, ചെറിയ പായ്ക്കറ്റില്‍ വില്‍ക്കുന്ന കുടിവെള്ളം, കൈ കൊണ്ടുണ്ടാക്കുന്ന പരവതാനി, ചമ്മന്തിപൊടി, അച്ചാര്‍ എന്നിവയെല്ലാം നികുതിയിളവ് തേടി ജിഎസ്ടി കൗണ്‍സിലിന് മുന്നിലുണ്ട്.

350 സിസി മുതല്‍ 500 വരെയുള്ള ബൈക്കുകള്‍ക്ക് 28 ശതമാനം നികുതിക്കൊപ്പം ഏര്‍പ്പെടുത്തിയ 3 ശതമാനം അധിക സെസ് എടുത്തു കളയണമെന്ന നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ പരിഗണിച്ചേക്കും. ഈ വിഭാഗത്തിലുള്ള ഇരുചക്രവാഹനങ്ങള്‍ നിര്‍മ്മിക്കുന്ന റോയല്‍ എന്‍ഫില്‍ഡ് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇവയുടെ സെസ് എടുത്തു കളയണമെന്ന ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇരുചക്രവാഹനങ്ങള്‍ക്ക് സമാനമായി ഹൈബ്രിഡ് കാറുകള്‍ക്കേര്‍പ്പെടുത്തിയ 15 ശതമാനം അധികം സെസ് മൂന്നാക്കി കുറയ്ക്കണമെന്ന ആവശ്യവും സമിതിക്ക് മുന്നിലുണ്ട്. പ്രകൃതി സൗഹൃദമായി ഇത്തരം വാഹനങ്ങളുടെ ഉപയോഗം വ്യാപിപ്പിക്കുവാന്‍ നികുതിയിളവ് വേണമെന്ന് ചൂണ്ടിക്കാട്ടപ്പെടുന്നു.
28 ശതമാനം പരമാവധി നികുതി കൂടാതെയാണ് ആഡംബര വാഹനങ്ങള്‍ക്കും വസ്തുകള്‍ക്കും അധികസെസ് ഏര്‍പ്പെടുത്തിയത്. മാക്രോണി,പാസ്ത,നൂഡില്‍സ് തുടങ്ങിയ ചില ഭക്ഷ്യവസ്തുകളുടെ നികുതി ഏകീകരിക്കണം എന്ന ആവശ്യവും സമിതിക്ക് മുന്നിലുണ്ട്.

അതേസമയം ഉണക്കമത്സ്യം,പ്ലാസ്റ്റിക് സ്ക്രാപ്പ്, മീന്‍വല, ഫര്‍ണിച്ചര്‍,കൃഷി ഉപകരണങ്ങള്‍ എന്നിവയുടെ നികുതി കുറച്ചേക്കും എന്നാണ് സൂചന. സ്ത്രികള്‍ക്കുള്ള സാനിറ്ററി പാഡ്സിന്റെ നികുതി എടുത്തുകളയണമെന്ന ആവശ്യവും സമിതി പരിഗണിച്ചേക്കും.

നികുതി കുറയ്ക്കണമെന്ന ആവശ്യത്തില്‍ അന്തിമതീരുമാനം എടുക്കുക ജിഎസ്ടി കൗണ്‍സിലിന് കീഴിലുള്ള ഫിറ്റ്മെന്റ് കമ്മിറ്റിയാവും. അപേക്ഷകരുടെ വാദങ്ങള്‍ പരിശോധിച്ച ശേഷമേ നികുതി കുറയ്ക്കുന്ന കാര്യത്തില്‍ അന്തിമമായ തീരുമാനമുണ്ടാക്കൂ. സംസ്ഥാന സര്‍ക്കാരുകളുടെ നിലപാടും ഇക്കാര്യത്തില്‍ നിര്‍ണായകമാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button