KeralaLatest NewsNews

ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് അപകടത്തിൽപെട്ട 65 കാരന് ദാരുണാന്ത്യം

തൃശൂര്‍: ആശുപത്രികള്‍ ചികിത്സ നിഷേധിച്ചതിനെ തുടർന്ന് വാഹനാപകടത്തില്‍ പെട്ട 65 കാരന്‍ രക്തം വാര്‍ന്ന് മരിച്ചതായി പരാതി. തൃശൂര്‍ എരുമപ്പെട്ടി സ്വദേശി മുകുന്ദനാണ് മരിച്ചത്. മൂന്ന് ആശുപത്രികളിലെത്തിച്ചെങ്കിലും ചികിത്സ കിട്ടിയില്ലെന്ന് ആരോപിച്ച് ഇയാളുടെ സഹോദരനാണ് തൃശൂര്‍ റൂറല്‍ എസ് പിയ്ക്ക് പരാതി നല്‍കിയിരിക്കുന്നത്.

ഓഗസ്റ്റ് 6നാണ് പരാതിക്ക് ആസ്പദമായ സംഭവം. രാത്രി 9-30 ന് തൃശൂര്‍ എരുമപ്പെട്ടി കടങ്ങോട് റോഡിന് സമീപം വാഹനാപകടത്തില്‍ പെട്ട മുകുന്ദനെ നാട്ടുകാരും സന്നദ്ധപ്രവര്‍ത്തകരും ചേര്‍ന്ന് ആംബുലന്‍സില്‍ കുന്നംകുളം റോയല്‍ ആശുപത്രിയിൽ എത്തിച്ചു. ആശുപത്രിയില്‍ ന്യൂറോ സര്‍ജന്റെ സേവനം ലഭ്യമല്ലാത്തതിനാല്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരം പിന്നീട് തൃശൂരിനടുത്തുള്ള അമല മെഡിക്കല്‍ കോളേജിൽ എത്തിച്ചു. എന്നാല്‍ അമല മെഡിക്കല്‍ കോളേജ് അധികൃതര്‍ ആംബുലന്‍സില്‍ നിന്നും രോഗിയെ പുറത്തെടുക്കാനോ പ്രാഥമിക ചികിത്സ നല്‍കാനോ തയ്യാറായില്ലെന്നാണ് ആരോപണം.

അതേസമയം ഐ.സി.യു വില്‍ സ്ഥലമില്ലാത്തതിനാലാണ് രോഗിയെ പ്രവേശിപ്പിക്കാതിരുന്നതെന്നാണ് ആശുപത്രിയുടെ വിശദീകരണം. തുടര്‍ന്ന് തൃശൂരിലെ അശ്വനി ആശുപത്രിയിലെത്തിച്ചെങ്കിലും ആവശ്യത്തിന് നഴ്സുമാരില്ലാത്തതിനാല്‍ ചികിത്സ നൽകിയില്ല. ജൂബിലി മിഷന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്നാണ് പിന്നീട് മുകുന്ദന് ചികിത്സ ലഭിച്ചത്. അപ്പോഴേക്കും അതീവ ഗുരുതരാവസ്ഥയിലെത്തിയ മുകുന്ദന്‍ പുലര്‍ച്ചെ 1.30ന് മരിക്കുകയായിരുന്നു. സംഭവത്തിൽ സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button