Latest NewsNewsIndia

ഭര്‍ത്താവ് ഭാര്യയെ ബലാത്സംഗം ചെയ്യുന്നത് ക്രിമിനല്‍ കുറ്റമല്ല : വിവാഹം എന്നത് പരസ്പരം ശരീരം പങ്കുവയ്ക്കാനുള്ള അനുമതി കൂടിയാണ്

ന്യൂഡല്‍ഹി: വിവാഹിതര്‍ക്കിടയിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമായി കാണാന്‍ സാധിക്കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍.വിവാഹം എന്നത് പരസ്പരം ശരീരം പങ്കുവെയ്ക്കാനുള്ള അനുമതി കൂടിയാണെന്ന് കേന്ദ്രസര്‍ക്കാര്‍. ഡല്‍ഹി ഹൈക്കോടതിയിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയിലെ സാമൂഹിക-സാമ്പത്തിക സാഹചര്യത്തില്‍ ഇത്തരമൊരു നിയമം കൊണ്ടുവന്നാല്‍ അത് തെറ്റായ രീതിയില്‍ വ്യാഖ്യാനിക്കപ്പെടുമെന്ന് കേന്ദ്രസര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.

ഭര്‍ത്താക്കന്‍മാര്‍ ഭാര്യയെ ലൈംഗീകമായി പീഡിപ്പിക്കുന്നത് ക്രിമിനല്‍കുറ്റമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹിയിലെ ചില വനിതാ സംഘടനകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്.
ഇന്ത്യയില്‍ ഇത്തരമൊരു നിയമം കൊണ്ടുവരുമ്പോള്‍ ഉള്ള പ്രധാനപ്രശ്‌നം അതിനെ എങ്ങനെ കൃത്യമായി നിര്‍വചിക്കുമെന്നതാണ്. ഒരു പുരുഷന്‍ ഒരു സ്ത്രീയെ അവളുടെ അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് പോലും നമ്മുടെ നിയമപ്രകാരം മാനഭംഗത്തിന്റെ പരിധിയില്‍പ്പെടുന്നതാണ്. എന്നാല്‍ ഒരു ഭര്‍ത്താവ് ഭാര്യയെ പീഡിപ്പിച്ചുവെന്ന പരാതി വന്നാല്‍ കോടതി പീഡനത്തെ എങ്ങനെ നിര്‍ണയിക്കുമെന്ന് ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ ചോദിക്കുന്നു.

ഒരു പുരുഷന്‍ അവന്റെ ഭാര്യയെ പീഡിപ്പിച്ചാല്‍ അതിനുള്ള തെളിവ് കോടതി എങ്ങനെ കണ്ടെത്തും. പൂര്‍ണമായും ഭാര്യയുടെ നിലപാടിനെ മാത്രമേ അപ്പോള്‍ ആശ്രയിക്കാന്‍ സാധിക്കൂ….. ഇത് ഭര്‍ത്താക്കന്‍മാര്‍ക്കെതിരെ ദുരുപയോഗം ചെയ്യപ്പെടാന്‍ സാധ്യതയുണ്ട്.

ഇന്ത്യയിലെ നിരക്ഷരരുടെ എണ്ണം,ദാരിദ്ര്യം, സമൂഹത്തിന്റെ പൊതുചിന്താഗതി, എന്നിവ പരിഗണിക്കുമ്പോള്‍ നിയമം കൊണ്ടുവരുന്നതിനുള്ള സമയമായിട്ടില്ല…. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രസര്‍ക്കാര്‍ പറയുന്നു.

375-ാം വകുപ്പ് പ്രകാരം 15 വയസ്സിന് മുകളില്‍ പ്രായമുള്ള ഭാര്യയുമായുള്ള പുരുഷന്റെ ലൈംഗീകബന്ധം ബലാത്സംഗത്തിന്റെ പരിധിയില്‍ വരില്ലെന്നും, ഇത്തരമൊരു നിയമം കൊണ്ടുവരാന്‍ മാത്രം പശ്ചാത്യസംസ്‌കാരം കണ്ണടച്ച് പിന്തുടരുന്നവരല്ല ഇന്ത്യക്കാരെന്നും കേന്ദ്രസര്‍ക്കാര്‍ പറയുന്നു.
അതേസമയം ദാമ്പത്യത്തിലെ ബലാത്സംഗം എന്ന ആശയത്തോട് യോജിക്കുന്നില്ലെന്ന് മുന്‍ മിസോറാം ഗവര്‍ണറും മുതിര്‍ന്ന അഭിഭാഷകനും വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ഭര്‍ത്താവുമായ സ്വരാജ് കൗള്‍ പറഞ്ഞു.

അതേസമയം വനിതാസംഘടനകളുടെ ഹര്‍ജിയെ ചോദ്യംചെയ്തു കൊണ്ട് മറ്റൊരു സന്നദ്ധസംഘടന സമര്‍പ്പിച്ച ഹര്‍ജിയും ഡല്‍ഹി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. സ്ത്രീ സുരക്ഷാ നിയമങ്ങളുടെ ദുരുപയോഗം മൂലം ജീവിതം നശിച്ച പുരുഷന്‍മാരുടെ പ്രതിനിധികളാണ് തങ്ങള്‍ എന്നാണ് ഈ സംഘടന പറയുന്നത്. രാജ്യത്തെ നൂറുകണക്കിന് പുരുഷന്‍മാര്‍ സ്ത്രീകള്‍ നല്‍കിയ വ്യാജപരാതിയുടെ ഇരയായി ജീവിതം നശിച്ച അവസ്ഥയിലാണെന്ന് വനിതാസംഘടനകളുടെ ഹര്‍ജിയെ എതിര്‍ത്ത് ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ദാമ്പത്യത്തിലെ ബലാത്സംഗം ക്രിമിനല്‍ കുറ്റമല്ലെന്ന് പ്രഖ്യാപിച്ച 51 രാജ്യങ്ങളുടെ പട്ടിക ഞങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്. അമേരിക്കന്‍ ഭരണഘടനയില്‍ പോലും അങ്ങനെയാണ് പറയുന്നത്. രണ്ട് പേര്‍ വിവാഹിതരാവുമ്പോള്‍ പരസ്പരം ശരീരം പങ്കുവയ്ക്കാനുള്ള അനുമതി കൂടി നല്‍കപ്പെടുന്നുണ്ട്. സംഘടനയ്ക്ക് വേണ്ട് കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ കോളിന്‍ ഗോണ്‍സാല്‍വസ് പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button