Latest NewsNewsGulf

അനധികൃത ബലികര്‍മം നടത്തിയവര്‍ പിടിയില്‍

കുവൈത്ത്: ബലിപെരുന്നാളിനു അനധികൃതമായ ബലികര്‍മ്മം നടത്തിയവരെ പിടികൂടി. കുവൈത്തിലെ നിയമനുസരിച്ച് മൃഗങ്ങളെ ബലിയറുക്കുന്നത് അംഗീകാരമുള്ള അറവുശാലകളിലായിരിക്കണം. ഇതു ലംഘിച്ച് ബലികര്‍മം നടത്തിയവരാണ് പിടിയിലായത്. ഇരുനൂറോളം പേരാണ് ഇതു വരെ അനധികൃത ബലികര്‍മത്തിന്റെ പേരില്‍ പിടിലായത്. പെരുന്നാള്‍ ദിവസം രാവിലെ മുതല്‍ വിവിധ കേന്ദ്രങ്ങളില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലായിരുന്നു ഇവരെ കുടുക്കിയത്.

ബലികര്‍മത്തിന് നിരവധി നിബന്ധനകളുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. കര്‍ശന നടപടികളാണ് സ്വീകരിക്കുകയെന്ന് സംയുക്ത സര്‍ക്കാര്‍ സമിതി അറിയിച്ചു. മുനിസിപ്പാലിറ്റി, മാന്‍പവര്‍ അതോറിറ്റി, ആഭ്യന്തര മന്ത്രാലയം എന്നിവയിലെ പ്രതിനിധികള്‍ ഉള്‍പ്പെട്ടതാണ് സംയുക്ത സമിതി. സിറ്റി ഗവര്‍ണറേറ്റില്‍നിന്ന് 51 പേരും അഹമ്മദിയിലും ഫര്‍വാനിയയിലും 31പേര്‍ വീതവും ഹവല്ലിയില്‍ 25 പേരും ജഹ്റയില്‍ 22 പേരും മുബാറക് അല്‍ കബീറില്‍ 13 പേരുമാണ് നിയമലംഘനത്തിന് പിടിയിലായത്.

ആടിനെ അറുത്ത് നല്‍കുന്നതിന് 10 മുതല്‍ 15 വരെ ദിനാറാണ് പ്രതിഫലമായി കൈപ്പറ്റുന്നത്. ഗാര്‍ഹികത്തൊഴില്‍ വീസയിലുള്ളവര്‍ തൊട്ട് തൊഴില്‍ വീസയില്‍ വിവിധ തസ്തികകളില്‍ ഉള്ളവര്‍ വരെ പിടിയിലായവരില്‍ ഉള്‍പ്പെടും.

പിടിയിലായവരുടെ സ്‌പോണ്‍സര്‍മാരും ഇക്കാര്യത്തില്‍ മറുപടി നല്‍കേണ്ടിവരുമെന്നാണ് അധികൃതരുടെ മുന്നറിയിപ്പ്. അറവ് നടത്തുന്നതിനുള്ള ലൈസന്‍സ് ഉള്ളവരാണെങ്കില്‍ അത് ഹാജരാക്കിയാല്‍ പിടിക്കപ്പെട്ടവരെ വിട്ടയച്ചേക്കും. അല്ലാത്തപക്ഷം നാടുകടത്തല്‍ ഉള്‍പ്പെടെയാണ് ആലോചനയിലുള്ളതെന്ന് അധികൃതര്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button