Latest NewsNewsGulf

ജോലിക്കെന്ന പേരില്‍ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകം

 

കൊച്ചി: നാട്ടില്‍ നിന്ന് ജോലിയ്‌ക്കെന്ന വ്യാജേനെ സന്ദര്‍ശക വിസയിലൂടെ ഗള്‍ഫിലെത്തിയുള്ള അനാശാസ്യം വ്യാപകമാകുന്നു. ഇത് രാജ്യങ്ങളുടെ കനത്ത സുരക്ഷാ ഭീഷണിക്ക് കാരണമാകുമെന്ന് ആശങ്ക ഉയര്‍ന്നിട്ടുണ്ട്. രാജ്യത്തെ കൊടുംകുറ്റവാളികളില്‍ ചിലരെങ്കിലും ഇതിന്റെ മറവില്‍ വിദേശത്തേക്ക് രക്ഷപ്പെടാനുള്ള സാധ്യതയാണ് അന്വേഷണ ഏജന്‍സികള്‍ കാണുന്നത്.

കേരളമടക്കമുള്ള സ്ഥലങ്ങളില്‍ നിന്ന് ലൈംഗിക വ്യാപാരത്തിന് താത്പര്യമുള്ള വനിതകളെ സന്ദര്‍ശക വിസയില്‍ ഗള്‍ഫിലെത്തിക്കുന്നതിന് ഏറെ ഏജന്റുമാരാണ് രംഗത്തുള്ളത്. തിരക്കും പരിശോധനയും കുറവുള്ള തെക്കേ ഇന്ത്യന്‍ വിമാനത്താവളങ്ങളില്‍ നിന്നാണ് ഇവരെ ലക്ഷ്യസ്ഥാനങ്ങളിലേക്ക് കടത്തുന്നത്. പൈസ കൊടുത്താല്‍ യാത്രയ്ക്ക് തടസ്സമില്ലാതാക്കാന്‍ പാകത്തില്‍ ഉദ്യോഗസ്ഥ തലത്തിലും ഇവര്‍ക്ക് കണ്ണികളുണ്ടെന്ന് വ്യക്തമായിട്ടുമുണ്ട്. ഈ സാഹചര്യങ്ങള്‍ ചൂഷണം ചെയ്ത് തീവ്രവാദ – രാജ്യദ്രോഹ പശ്ചാത്തലമുള്ള കുറ്റവാളികള്‍ രക്ഷപ്പെടുമെന്നാണ് അധികൃതരുടെ ആശങ്ക.

വിദേശത്ത് കലാ യാത്രകള്‍ക്കു പോകുന്ന സംഘത്തിന്റെ മറ പറ്റി ചില കുറ്റവാളികള്‍ വിദേശത്തേക്ക് കടന്ന സംഭവങ്ങള്‍ മുന്‍പുണ്ടായതും ഇവരെ ഇത്തരത്തില്‍ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ട്. ഏതായാലും പുതിയ ‘ചവിട്ടിക്കടത്ത്’ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്ന റിപ്പോര്‍ട്ട് ഇന്റലിജന്‍സ് ഏജന്‍സികള്‍ ഉന്നതതലത്തിലേക്ക് കൈമാറിയതായാണ് വിവരം.

കനത്ത ആദായമാണ് ഇത്തരം ലൈംഗിക വ്യാപാരത്തിലേക്ക് വനിതകളെ ആകര്‍ഷിക്കുന്നത്. മിക്കവരും ഒരു മാസത്തേക്കാണ് പോകുന്നത്. പ്രതിദിന ഇടപാടുകളിലൂടെ 1,500 മുതല്‍ 3,000 ദിര്‍ഹം വരെ (25,000 മുതല്‍ 50,000 രൂപ വരെ) നേടാന്‍ ഒരാള്‍ക്ക് സാധിക്കും. ഇതില്‍ പകുതി സൗകര്യങ്ങളെല്ലാം ചെയ്തുകൊടുക്കുന്ന ഏജന്‍സികള്‍ക്കാണ്. ഗള്‍ഫില്‍ നിരവധി മലയാളികള്‍ ഇത്തരം ഏജന്റുമാരായി പ്രവര്‍ത്തിക്കുന്നുമുണ്ട്. ഇവരില്‍ പലര്‍ക്കും അവിടങ്ങളിലെ ഉയര്‍ന്ന പോലീസുദ്യോഗസ്ഥരുമായും മറ്റും മികച്ച ബന്ധമാണുള്ളത്. അതുകൊണ്ടുതന്നെ എന്തെങ്കിലും വിധത്തിലുള്ള കുഴപ്പങ്ങളില്‍ പെട്ടാല്‍ വേഗത്തില്‍ ഊരാനുമാകും. പലപ്പോഴും പിടിക്കപ്പെട്ട് ജയിലിലായവരെ പുറത്തിറക്കി നാട്ടിലെത്തിക്കാന്‍ ഏജന്റുമാര്‍ക്ക് കഴിഞ്ഞിട്ടുമുണ്ട്.

എന്നാല്‍, നിശ്ചിത കാലയളവ് പൂര്‍ത്തിയായിട്ടും സ്വതന്ത്ര ഇടപാടുകളുമായി മുന്നോട്ടുപോയ ഒരു വനിതയുടെ രസകരമായ കഥയും അന്വേഷകര്‍ക്ക് കിട്ടിയിട്ടുണ്ട്. സന്ദര്‍ശക വിസയുടെ കാലാവധിയായ ഒരു മാസം കഴിഞ്ഞ് ഒരാഴ്ച കൂടി ഇവര്‍ അവിടെ തുടര്‍ന്നു. മുന്നറിയിപ്പും കരാറും ലംഘിച്ചതിനാല്‍ ഏജന്റ് ഇവരോട് തെറ്റി. കാലാവധി മറികടന്നത് പിഴയടച്ച് രക്ഷപ്പെടാമെന്ന ഉപദേശവും ഇവര്‍ക്ക് ചിലര്‍ നല്‍കി. എന്നാല്‍ ഒരാഴ്ച കഴിഞ്ഞ് മടങ്ങാനെത്തിയപ്പോള്‍ അധികൃതര്‍ തടങ്കലിലാക്കി.
ഇത്തരം ജയിലുകളില്‍ ഫോണ്‍ ഉപയോഗിക്കുന്നതിന് വിലക്കില്ലാത്തതിനാല്‍ ഇവര്‍ സഹായത്തിനായി ഏജന്റിനെ വിളിച്ചു. എന്നാല്‍ അവര്‍ കൈയൊഴിഞ്ഞു. ഇതിനെത്തുടര്‍ന്ന് മറ്റൊരു ഏജന്റിന്റെ സഹായത്തോടെ ഇവര്‍ ജയില്‍ മോചിതയായി നാട്ടിലെത്തി. വീണ്ടും ഇടപാടിനായി വിദേശത്തെത്തിയപ്പോഴാണ് പഴയ ഏജന്റു പോലും വിവരമറിയുന്നത്. ഇത്തരത്തില്‍ ചില സംഘങ്ങള്‍ക്ക് ഏതു തലത്തിലും സ്വാധീനം ചെലുത്താന്‍ കഴിയുമെന്ന സ്ഥിതി ഏറെ ആശങ്കയുണ്ടാക്കുന്നതാണെന്നും അന്വേഷകര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button