Latest NewsKeralaNews

ചെട്ടിക്കുളങ്ങര അബ്രാഹ്മണ ശാന്തി വിഷയം – മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രതികരണം

തിരുവനന്തപുരം•ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ ശ്രീ. സുധികുമാറിനെ ശാന്തിയായി നിയമിച്ച ഉത്തരവ് റദ്ദ് ചെയ്ത തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഉത്തരവ് തിരുത്തണമെന്ന നിര്‍ദ്ദേശം താന്‍, ദേവസ്വംവകുപ്പ് സെക്രട്ടറി ശ്രീ. കെ. ആര്‍. ജ്യോതിലാലിന് നല്‍കിയിരുന്നുവെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശ്രീ. സുധികുുമാറിനെ ചെട്ടിക്കുളങ്ങര ക്ഷേത്രത്തില്‍ തന്നെ നിയമിക്കണമെന്ന നിര്‍ദ്ദേശം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അംഗീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ശ്രീ. സുധികുമാറിനെ ചെട്ടിക്കുളങ്ങര ശാന്തിയാക്കിയുള്ള നിയമന ഉത്തരവ് അബ്രാഹ്മണനെന്ന കാരണത്താല്‍ റദ്ദാക്കിയ തിരുവിതാംകൂര്‍ ദേവസ്വം കമ്മീഷണര്‍ക്കെതിരെ നിയമപരമായ തുടര്‍നടപടി ഉണ്ടാകും. സുപ്രീംകോടതി ഉത്തരവിന് വിരുദ്ധമായ നടപടിയാണ് കമ്മീഷണറുടെ ഭാഗത്ത് നിന്നുണ്ടായത്. ശ്രീ. സുധികുമാറിനെ ക്ഷേത്രത്തില്‍ പൂജയ്ക്ക് കയറാന്‍ അനുവദിക്കില്ലെന്ന് ആര്‍എസ്എസുകാര്‍ ‍ഭീഷണിപ്പെടുത്തിയതായും, അവര്‍ക്കൊപ്പം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ ചില പ്രധാനികളും ഉള്ളതായും എന്നെ വന്നുകണ്ടപ്പോള്‍ ശ്രീ. സുധികുമാര്‍ പരാതി പറഞ്ഞിരുന്നു.

12 വര്‍ഷത്തോളമായി കേരളത്തിലെ പ്രധാനപ്പെട്ട 7 ക്ഷേത്രങ്ങളില്‍ ശാന്തി ജോലി ചെയ്ത അനുഭവപരിചയമുണ്ട് സുധികുമാറിന്. ചാതുര്‍വര്‍ണ്യത്തിന്റെ പുന:സ്ഥാപനത്തിന് ആഗ്രഹിക്കുന്നവര്‍ക്ക് ശ്രീ. സുധികുമാര്‍ ശാന്തിയാകുന്നത് ചതുര്‍ത്ഥിയായി തോന്നാം. ഇത് കേരളമാണെന്നേ അത്തരക്കാരെ ഓര്‍മ്മിപ്പിക്കാനുള്ളൂ. ആചാരക്രമങ്ങള്‍ പഠിക്കുകയും, പാലിക്കുകയും ചെയ്യുന്ന സുധികുമാറിനെ അബ്രാഹ്മണനാണെന്ന ഒറ്റക്കാരണത്താല്‍ ശാന്തിയായി ജോലി ചെയ്യാന്‍ അനുവദിക്കില്ലെന്ന നിലപാട് അംഗീകരിക്കാനാവില്ല. ഒരു കാര്യം അര്‍ത്ഥശങ്കയ്ക്ക് ഇടയില്ലാതെ വ്യക്തമാക്കാം. കീഴ്ശാന്തിയെന്ന നിയോഗവുമായി. ശ്രീ. സുധികുമാര്‍ ചെട്ടിക്കുളങ്ങര ദേവീക്ഷേത്രത്തില്‍ തന്നെ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button