Latest NewsNewsIndia

വിമാനത്തിനുള്ളിലെ ഫോണ്‍ ഇന്റര്‍നെറ്റ് ഉപയോഗം : നിര്‍ണ്ണായക തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : രാജ്യത്തെ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സൗകര്യങ്ങള്‍ അനുവദിക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാന്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അഭിപ്രായങ്ങള്‍ തേടി. വിമാനങ്ങള്‍ ഇന്ത്യന്‍ ആകാശ പരിധിക്ക് ഉള്ളിലായിരിക്കുമ്പോള്‍ വോയ്‌സ്, വീഡിയോ, ഡേറ്റാ സൗകര്യങ്ങള്‍ ലഭ്യമാക്കുന്നതിന് ചട്ടങ്ങളും നിയമങ്ങളും തയ്യാറാക്കാനാണ് വിവിധ രംഗങ്ങളിലുള്ളവരില്‍ നിന്ന് അഭിപ്രായം തേടിയിരിക്കുന്നത്. ഒക്ടോബര്‍ 27ന് മുമ്പ് അഭിപ്രായം അറിയിക്കാനാണ് നിര്‍ദ്ദേശിച്ചിരിക്കുന്നത്. വിമാനത്തിനുള്ളില്‍ ഇന്റര്‍നെറ്റ് സംവിധാനം മാത്രം നല്‍കിയാല്‍ മതിയോ അതോ കോള്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നല്‍കണോ എന്നിങ്ങനെയുള്ള വിഷയങ്ങളിലാണ് അഭിപ്രായം തേടുന്നത്.

വിമാനത്തിനുള്ളില്‍ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്യണമെന്ന നിര്‍ദ്ദേശം എല്ലാവര്‍ക്കും സുപരിചിതമാണ്. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ വിമാനങ്ങളില്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ തീരെ അനുവദിച്ചിരുന്നില്ല. വിമാനങ്ങളിലെ സാങ്കേതിക കാര്യങ്ങള്‍ പരിഗണിച്ചായിരുന്നു ഇത്. എന്നാല്‍ സാങ്കേതിക വിദ്യ ഏറെ മാറിയതോടെ പുതിയ വിമാനങ്ങളില്‍ ഇത്തരം ഉപകരണങ്ങള്‍ ഉപയോഗിക്കുന്നതിന് പ്രയാസമില്ല. ഇതിന് അനുവാദം നല്‍കാനുള്ള വിവിധ വിഷയങ്ങള്‍ പരിശോധിക്കാണ് കഴിഞ്ഞ മാസം ടെലികോം മന്ത്രാലയം ട്രായ്ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു. സിവില്‍ വ്യോമയാന മന്ത്രാലയമാണ് ആദ്യം ഇക്കാര്യം പരിഗണിച്ചത്. വിമാനങ്ങള്‍ക്കുള്ളില്‍ ഫോണ്‍, ഇന്റര്‍നെറ്റ് ഉപയോഗം അനുവദിക്കാന്‍ നിലവിലെ നിയമങ്ങളും ഭേദഗതി ചെയ്യേണ്ടിവരും.

ഇന്ത്യന്‍ വ്യോമാതിര്‍ത്തിയില്‍ ഇന്ത്യന്‍ ഉപഗ്രഹങ്ങള്‍ ഉപയോഗിച്ച് തന്നെ വാര്‍ത്താവിനിമയ സംവിധാനങ്ങള്‍ പ്രവര്‍ത്തിപ്പിക്കണമെന്നതടക്കം ചട്ടങ്ങള്‍ രൂപീകരിക്കുന്നതിന് വിശദമായ ആലോചനകളും നടത്തേണ്ടതുണ്ട്. വിദേശ എയര്‍ലൈനുകള്‍ക്ക് ഇന്ത്യന്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നതിന് നിയന്ത്രണങ്ങളുണ്ടാകുമ്പോള്‍ ഇത് എങ്ങനെ പ്രായോഗികമാക്കും എന്നതും പരിശോധിക്കപ്പെടും.

2022ഓടെ 14,000ല്‍ അധികം വിമാനങ്ങളിലും മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ ലഭ്യമാവും. ഇതില്‍ തന്നെ 5000ത്തോളം വിമാനങ്ങളില്‍ സെല്ലുലാര്‍ കണക്ടിവിറ്റിയും വൈഫൈ സംവിധാനവും ഉണ്ടാകുമെന്നും കണക്കുകള്‍ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button