KeralaLatest NewsNews

നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്

 

തിരുവനന്തപുരം : മലയാള സിനിമാരംഗത്തെ ഏറെ സമ്മര്‍ദ്ദത്തിലാക്കിയ നടിയെ ആക്രമിച്ച കേസ് പ്രത്യേക കോടതിയിലേയ്ക്ക്. ഒക്ടോബര്‍ ആറിന് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുമെന്ന് ഉന്നത പോലീസ് കേന്ദ്രങ്ങള്‍ അറിയിച്ചു. കുറ്റപത്രം ഏറക്കുറെ പൂര്‍ത്തിയായതായാണ് സൂചന. പിഴവുകളും പഴുതുകളും ഒഴിവാക്കാനുള്ള അവസാന ശ്രമത്തിലാണ് പോലീസ്.

കേസിന്റെ പ്രാധാന്യം കണക്കിലെടുത്ത് വിചാരണയ്ക്ക് പ്രത്യേക കോടതി വേണമെന്ന ആവശ്യം ഉന്നയിക്കണമെന്ന ചിന്ത പോലീസ് ഉന്നതരിലുണ്ട്. സമൂഹത്തില്‍ സ്വാധീനമുള്ളവര്‍ ഉള്‍പ്പെട്ട കേസെന്ന നിലയില്‍ വിചാരണ നീണ്ടുപോകാതിരിക്കുന്നതിനും പ്രത്യേകകോടതിയുടെ സേവനം ഉപകരിക്കും. നിയമവിദഗ്ധരുമായി ആലോചിച്ച് ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു. തീവ്രവാദക്കേസുകളിലും മറ്റുമാണ് വിചാരണയ്ക്കായി പ്രത്യേക കോടതി സാധാരണയായി സ്ഥാപിക്കുക.

കഴിഞ്ഞ ഫെബ്രുവരി 17-ന് രാത്രിയാണ് പള്‍സര്‍ സുനിയുടെ നേതൃത്വത്തില്‍ ആറംഗസംഘം നടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. ദിലീപില്‍ ആരോപിച്ചിരിക്കുന്ന ഗൂഢാലോചനക്കുറ്റം തെളിയിക്കുക എന്ന ശ്രമകരമായ ദൗത്യമാണ് പോലീസിനു മുന്നിലുണ്ടായിരുന്നത്.

വര്‍ഷങ്ങള്‍നീണ്ട ഗൂഢാലോചന കുറ്റകൃത്യത്തിലെത്തുകയായിരുന്നു എന്ന വാദമായിരിക്കും പോലീസ് കുറ്റപത്രത്തില്‍ ഉന്നയിക്കുക. ഈ സംഭവപരമ്പരകള്‍ കണ്ണിമുറിയാതെ കോടതിയില്‍ ബോധ്യപ്പെടുത്താനുള്ള തെളിവുകള്‍ ശേഖരിക്കാനുള്ള ഓട്ടത്തിലായിരുന്നു പോലീസ്.

നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ കണ്ടെത്താനായില്ലെന്നത് അന്വേഷണസംഘത്തെ ബുദ്ധിമുട്ടിലാക്കിയിരുന്നു.

പ്രതികളുടെ അഭിഭാഷകരും കോടതിയിലുയര്‍ത്തുന്ന പ്രധാനവാദം ഇതുതന്നെയാണ്. ദൃശ്യങ്ങള്‍ പകര്‍ത്തിയ മൊബൈല്‍ ഫോണ്‍ അഭിഭാഷകന്‍ പ്രതീഷ് ചാക്കോയെ ഏല്‍പ്പിച്ചിരുന്നുവെന്നാണ് സുനിയുടെ മൊഴി. പ്രതീഷിനെ പോലീസ് രണ്ടുതവണ ചോദ്യം ചെയ്‌തെങ്കിലും ഫോണ്‍ എവിടെയെന്നത് സംബന്ധിച്ച് വിവരം ലഭിച്ചിട്ടില്ല.

സുനി അഭിഭാഷകന് കൈമാറിയ മറ്റൊരു മൊബൈല്‍ ഫോണിന്റെയും മെമ്മറി കാര്‍ഡിന്റെയും ശാസ്ത്രീയ പരിശോധനാഫലം കോടതിയില്‍ എത്തിയിട്ടുണ്ട്. സുനി പകര്‍ത്തിയ വിവാദ ദൃശ്യത്തിന്റെ പകര്‍പ്പ് മാസങ്ങള്‍ക്കുമുമ്പ് പോലീസ് കണ്ടെടുത്തിരുന്നു.

ക്രൂരമായ പീഡനം വെളിപ്പെടുന്ന ഈ ദൃശ്യം കോടതിയില്‍ പ്രധാന തെളിവാകും. മൊബൈല്‍ ഫോണ്‍ പ്രതികള്‍ സംഘടിതമായി ഒളിപ്പിച്ച സാഹചര്യത്തില്‍ ഇതൊഴിവാക്കി കുറ്റപത്രം സമര്‍പ്പിക്കാനാണ് പോലീസ് തീരുമാനം.

കുറ്റപത്രം സമര്‍പ്പിച്ച കേസുകളില്‍ പിന്നീട് ആയുധങ്ങളും തൊണ്ടികളും കണ്ടെത്തിയ സംഭവങ്ങളുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ കുറ്റപത്രം പുതുക്കാനും അനുബന്ധ കുറ്റപത്രം സമര്‍പ്പിക്കാനും കഴിയും.

ദിലീപ് രണ്ടാംപ്രതിയാകും

പള്‍സര്‍ സുനി ഒന്നാംപ്രതിയും ദിലീപ് രണ്ടാംപ്രതിയുമായാണ് പോലീസ് കുറ്റപത്രം നല്‍കുക. സുനിചെയ്ത എല്ലാ കുറ്റങ്ങളിലും ദിലീപിന് തുല്യപങ്കുണ്ടെന്നാണ് പോലീസിന്റെ നിലപാട്. ജൂലായ് പത്തിനാണ് ദിലീപ് അറസ്റ്റിലായത്. 90 ദിവസം കഴിഞ്ഞാല്‍ ദിലീപിന് സ്വാഭാവികജാമ്യത്തിന് അര്‍ഹതയുണ്ടെന്നകാര്യം മുന്‍കൂട്ടി കണ്ടാണ് കുറ്റപത്രം അതിനുമുമ്പ് നല്‍കാനുള്ള പോലീസിന്റെ നീക്കം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button