Latest NewsNewsInternational

കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജി : പാകിസ്ഥാന്റെ തീരുമാനം ഇന്ത്യയ്ക്ക് നിര്‍ണായകം

 

ഇസ്ലാമാബാദ്: ഇന്ത്യ ഏറെ ഉറ്റുനോക്കുന്ന കേസ് ആണ് കുല്‍ഭൂഷണ്‍ ജാദവിന്റെ ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം. ദയാഹര്‍ജിയില്‍ പാകിസ്ഥാന്റെ തീരുമാനം ഇന്ത്യക്ക് ഏറെ നിര്‍ണായകമാകുമെന്നതില്‍ സംശയമില്ല. ചാരവൃത്തി ആരോപിച്ച് പാക് സൈനിക കോടതി വധശിക്ഷയ്ക്ക് വിധിച്ച ഇന്ത്യന്‍ മുന്‍ നാവികോദ്യോഗസ്ഥന്‍ കുല്‍ഭൂഷന്‍ ജാദവിന്റെ ദയാഹര്‍ജിയില്‍ ഉടന്‍ തീരുമാനമെടുക്കുമെന്ന് പാകിസ്ഥാന്‍. ജാദവിന്റെ ദയാഹര്‍ജി സൈനിക മേധാവിയുടെ പരിഗണനയിലാണിപ്പോള്‍. ദയാഹര്‍ജി തീര്‍പ്പാക്കുന്നതിന് അതിന്റേതായ ചില നടപടിക്രമങ്ങള്‍ പാലിക്കേണ്ടതുണ്ട്. എന്നാല്‍ ഹര്‍ജി തീര്‍പ്പാക്കുന്നത് കൂടുതല്‍ വൈകില്ലെന്നും പാക് സൈന്യത്തിന്റെ വക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.

കുല്‍ഭൂഷണ്‍ ജാദവിനെ 2016 മാര്‍ച്ച് മൂന്നിനാണ് ബലൂചിസ്ഥാനില്‍ നിന്ന് പാകിസ്ഥാന്‍ അറസ്റ്റ് ചെയ്തത്. ഇന്ത്യയുടെ ചാരസംഘടനയായ ‘റോ’യുടെ ഉദ്യോഗസ്ഥനാണു ജാദവെന്നാണ് പാകിസ്ഥാന്റെ ആരോപണം. തുടര്‍ന്ന് സൈനിക കോടതി ജാദവിന് വധശിക്ഷ വിധിച്ചു. എന്നാല്‍, ഇന്ത്യ നല്‍കിയ ഹര്‍ജിയില്‍ മേയ് എട്ടിന് ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് അന്താരാഷ്ട്ര കോടതി തടഞ്ഞു. മേയ് 18ന്, കേസില്‍ അന്തിമ വിധി വരുന്നത് വരെ ജാദവിന്റെ വധശിക്ഷ നടപ്പാക്കുന്നത് തടഞ്ഞുകൊണ്ട് കോടതി ഉത്തരവ് പുറപ്പെടുവിച്ചു.

ഇതിന് പിന്നാലെ ജാദവ് പാക് സൈനിക മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയ്ക്ക് ദയാഹര്‍ജി നല്‍കിയതായി പാക് മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. താന്‍ ചാരവൃത്തിക്കായാണ് പാകിസ്ഥാനിലെത്തിയതെന്നും തന്റെ പ്രവൃത്തി മൂലം നിരപരാധികളായ ആളുകളുടെ ജീവന്‍ നഷ്ടപ്പെട്ടതില്‍ ഖേദിക്കുന്നതായും ജാദവ് ദയാഹര്‍ജിയില്‍ സമ്മതിച്ചതായും പാക് പാക് സൈനിക വക്താവ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇക്കാര്യം ഇന്ത്യന്‍ അധികൃതര്‍ സ്ഥിരീകരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button