Latest NewsNewsIndia

തിരുപ്പതി ക്ഷേത്രത്തില്‍നിന്ന് 243 മുടിവെട്ടു ജീവനക്കാരെ പിരിച്ചുവിട്ടു; കാരണം ഇതാണ്

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിലെ 243 മുടിവെട്ടു ജീവനക്കാരെ ക്ഷേത്ര അധികാരികള്‍ പിരിച്ചു വിട്ടു. തീര്‍ത്ഥാടകരില്‍നിന്ന് മുടിവെട്ടുന്നതിന് പ്രതിഫലമായി പത്ത് രൂപ വാങ്ങുന്നുവെന്ന കാരണത്താലാണ് മുടിവെട്ടു ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടത്.

തങ്ങള്‍ ആവശ്യപ്പെടാതെ തീര്‍ത്ഥാടകര്‍ സ്വമേധയാ പണം തരുന്നതാണെന്ന് തൊഴിലാളികള്‍ പറഞ്ഞു. സമ്മാനമായി തരുന്ന പണത്തെ എങ്ങനെയാണ് കൈക്കൂലിയായി കണക്കാക്കുന്നതെന്നും അവര്‍ ചോദിക്കുന്നു. ജോലിയില്‍ തിരികെ പ്രവേശിപ്പിക്കണമെന്നും ജീവിക്കാനുള്ള സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ട് ജീവനക്കാർ ക്ഷേത്ര ഭാരവാഹി ഓഫീസിനു മുന്നില്‍ പ്രകടനം നടത്തി.

അതേസമയം, തൊഴിലാളികള്‍ പണം വാങ്ങുന്നത് സിസിടിവികളില്‍ പതിഞ്ഞിട്ടുണ്ടെന്നും മൂന്ന് തവണ മുന്നറിയിപ്പ് നല്‍കിയിരുന്നെന്നും ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. ക്ഷേത്ര ദര്‍ശനത്തിനെത്തുന്നവര്‍ക്കു സൗജന്യമായാണ് മുടി മുറിച്ചു നല്‍കുന്നത്. എന്നാൽ ജീവനക്കാര്‍ പണം ചോദിച്ചു വാങ്ങുന്നെന്ന പരാതികള്‍ ലഭിക്കുന്നുണ്ടെന്നും ഇതിനെ തുടർന്നാണ് പ്രതിഫലം ആവശ്യപ്പെട്ട ജീവനക്കാരെ പിരിച്ചു വിട്ടതെന്നും ഭാരവാഹികള്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button