Latest NewsKeralaNews

ശബരിമലയുടെ സ്ഥാനം ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളില്‍ -മുഖ്യമന്ത്രി

സന്നിധാനം•ദേശീയ തീര്‍ത്ഥാടന കേന്ദ്രമെന്ന പദവിയേക്കാള്‍ മുകളിലാണ് ശബരിമല ക്ഷേത്രത്തിന്റെ സ്ഥാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. മണ്ഡല മകരവിളക്ക് ഉത്സവത്തിന്റെ ഒരുക്കം സന്നിധാനത്ത് അവലോകനം ചെയ്യുകയായിരുന്നു അദ്ദേഹം. ശബരിമല സീസണിനു മുന്നോടിയായി ചെയ്യേണ്ട പ്രവൃത്തികള്‍ വേഗം പൂര്‍ത്തിയാക്കണം. ശബരിമലയിലെത്തുന്ന തീര്‍ത്ഥാടകരുടെ പ്രയാസം പരമാവധി ലഘൂകരിക്കാനാവണം. കഴിഞ്ഞകാലങ്ങളില്‍ സംഭവിച്ച പിഴവ് പരിഹരിച്ച് പൂര്‍ണതയ്ക്കായി ശ്രമിക്കണം. കുടിവെള്ളം നല്‍കുന്നതിന് ജലവിഭവ വകുപ്പ് കിയോസ്‌കുകള്‍ സ്ഥാപിച്ചതും ദേവസ്വം ബോര്‍ഡ് മറ്റു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയതും തീര്‍ത്ഥാടകര്‍ക്ക് ആശ്വാസകരമാണ്. കുടിവെള്ള പൈപ്പുകള്‍ക്ക് മുകളിലും പരിസരത്തും മാലിന്യമുണ്ടാകാതിരിക്കാന്‍ ശ്രദ്ധിക്കണം.

പമ്പയിലെ മാലിന്യത്തിന് പൂര്‍ണ ശുചീകരണത്തോടെയേ പരിഹാരം കാണാനാവൂ. ഇത് പൂര്‍ണതയിലെത്തിക്കുന്നതിനുള്ള നടപടികളുണ്ടാവും. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിക്കുന്നതിനാല്‍ പോലീസിന് ഉത്തരവാദിത്തം കൂടുതലാണ്. ഇക്കാര്യത്തില്‍ പോലീസും ദേവസ്വം ബോര്‍ഡും സഹകരിച്ച് പ്രവര്‍ത്തിക്കണം. സന്നിധാനത്തെ ശുചിത്വം പാലിക്കാന്‍ 800 പേര്‍ പ്രവര്‍ത്തിക്കുന്നത് നല്ല കാര്യമാണ്. ശബരിമലയില്‍ നല്‍കുന്ന ഭക്ഷണസാധനങ്ങളുടെ ഗുണനിലവാര പരിശോധനയുണ്ടാവണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

വനം വകുപ്പ് വനസംരക്ഷണത്തോടൊപ്പം ശബരിമല തീര്‍ത്ഥാടനത്തിനാവശ്യമായ സൗകര്യവും ഒരുക്കണം. വകുപ്പുകള്‍ തമ്മില്‍ കൃത്യമായ ഏകോപനം ഉണ്ടാവണം. ഇക്കൊല്ലത്തെ തീര്‍ത്ഥാടനം മികച്ചരീതിയില്‍ പൂര്‍ത്തിയാക്കുന്നതിന് എല്ലാവരുടെയും പങ്കാളിത്തമുണ്ടാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. നവംബര്‍ 15 ഓടെ 30 ലക്ഷം കണ്ടെയ്‌നര്‍ അരവണ റെഡിയാകുമെന്ന് ദേവസ്വം ബോര്‍ഡ് യോഗത്തില്‍ അറിയിച്ചു. അഞ്ച് ലക്ഷം അപ്പവും തയാറാകും. തീര്‍ത്ഥാടകര്‍ക്ക് ആവശ്യമായ ടോയിലറ്റ് സൗകര്യം ഒരുക്കിയിട്ടുണ്ട്. ഒരു കോടി 86 ലക്ഷം ലിറ്റര്‍ വെള്ളം പാണ്ടിത്താവളത്തും ശരംകുത്തിയിലുമായി സംഭരിക്കാനാകും. 15,000 ലിറ്റര്‍ വെള്ളം ശുദ്ധീകരിച്ച് നല്‍കാനുള്ള സംവിധാനം ദേവസ്വം ബോര്‍ഡിനുണ്ട്. ഇത്തവണ ക്യൂ കോംപ്ലക്‌സുകള്‍ പൂര്‍ണമായി ഉപയോഗിക്കുമെന്ന് പോലീസ് അറിയിച്ചു. ക്യൂ കോംപ്ലക്‌സുകളില്‍ ദേവസ്വം ബോര്‍ഡ് ബാരിക്കേഡുകള്‍ ചെയ്തു നല്‍കണമെന്ന് പോലീസ് ആവശ്യപ്പെട്ടു. പമ്പ മുതല്‍ പ്ലാപ്പള്ളി വരെ സിസിടിവി കാമറകള്‍ സ്ഥാപിക്കാനുള്ള നടപടി പോലീസ് സ്വീകരിച്ചിട്ടുണ്ട്. സന്നിധാനത്തെ ഫയര്‍ ഹൈഡ്രന്റുകള്‍ ദേവസ്വം അറ്റകുറ്റപ്പണി നടത്തണമെന്ന് ഫയര്‍ ആന്റ് റെസ്‌ക്യു ആവശ്യപ്പെട്ടു.

പൊതുമരാമത്ത് വകുപ്പ് ഏഴു ജില്ലകളിലെ 37 പ്രധാന റോഡുകളും 167 അനുബന്ധ റോഡുകളും നന്നാക്കും. 140.76 കോടി രൂപയാണ് ഈ പ്രവൃത്തികള്‍ക്കായി നീക്കി വച്ചിരിക്കുന്നത്. 395 കിലോമീറ്റര്‍ റോഡാണ് നന്നാക്കുന്നത്. ഇതില്‍ 44 കിലോമീറ്റര്‍ റോഡ് 5 വര്‍ഷത്തെ മെയിന്റനന്‍സ് ഗ്യാരണ്ടിയോടെയാണ് പണിയുക. ഒക്ടോബര്‍ 31 നകം എല്ലാ പ്രവര്‍ത്തികളും പൂര്‍ത്തിയാക്കും. ശബരിമല സാനിട്ടേഷന്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ 800 ശുചീകരണ തൊഴിലാളികള്‍ തമിഴ്‌നാട്ടില്‍ നിന്ന് എത്തുമെന്ന് ജില്ലാ കളക്ടര്‍ ആര്‍.ഗിരിജ അറിയിച്ചു. പമ്പയിലും സന്നിധാനത്തുമായി വാട്ടര്‍ അതോറിറ്റി 134 കിയോസ്‌കുകള്‍ സ്ഥാപിക്കും. മണിക്കൂറില്‍ 250 ലിറ്റര്‍ വെള്ളം ലഭിക്കുന്ന പുതിയ സംവിധാനം ഇത്തവണ സ്ഥാപിക്കും. ഇതിലൂടെ ചൂട് വെള്ളവും തണുത്ത വെള്ളവും ഒരേസമയം ലഭിക്കും. കെ.എസ്.ആര്‍.ടി.സി 400 ചെയിന്‍ സര്‍വീസുകള്‍ നടത്തും. മകരവിളക്കിന് 1000 ബസുകളുണ്ടാവും. പി.ആര്‍.ഡിയുടെ മീഡിയ സെന്റര്‍ സന്നിധാനത്ത് പ്രവര്‍ത്തിക്കും. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് മിഷന്‍ ഗ്രീന്‍ ശബരിമല പ്രചാരണം പി.ആര്‍.ഡി നടത്തും.

മന്ത്രിമാരായ കെ.രാജു, കടകംപള്ളി സുരേന്ദ്രന്‍, ജി. സുധാകരന്‍, മാത്യു ടി.തോമസ്, ഇ.ചന്ദ്രശേഖരന്‍, എം.പിമാരായ ആന്റോ ആന്റണി, ജോയിസ് ജോര്‍ജ്, രാജു എബ്രഹാം എം.എല്‍.എ, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന്‍, അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന്‍, മലബാര്‍ ദേവസ്വം പ്രസിഡന്റ് ഒ.കെ.വാസു, റവന്യു സെക്രട്ടറി കെ.ആര്‍.ജ്യോതിലാല്‍, ജില്ലാ കളക്ടര്‍മാര്‍, ദേവസ്വം ഉദ്യോഗസ്ഥര്‍, മറ്റു വകുപ്പ്തല ഉദ്യോഗസ്ഥര്‍ എന്നിവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button