KeralaLatest NewsNews

സിനിമയില്‍ കെ.ആര്‍. നാരായണനെ അധിക്ഷേപിച്ച പരാമര്‍ശം: തുടര്‍ നടപടിക്ക് മുഖ്യമന്ത്രി ഡി.ജി.പിയ്ക്ക് നിര്‍ദ്ദേശം നല്‍കി

കോട്ടയം•മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി സിനിമയില്‍ അധിക്ഷേപിച്ചു എന്ന പരാതിയെക്കുറിച്ച് അന്വേഷിക്കാന്‍ മുഖ്യമന്ത്രി സംസ്ഥാന പോലീസ് മേധാവിയ്ക്ക് നിര്‍ദ്ദേശം നല്‍കി. ഉദാഹരണം സുജാത എന്ന ചലചിത്രത്തിലാണ് മുന്‍ രാഷ്ട്രപതി കെ.ആര്‍. നാരായണനെ ജാതീയമായി അധിക്ഷേപിക്കുന്ന ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്ന് കാട്ടി കെ.ആര്‍. നാരായണന്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബി ജെ. ജോസാണ് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്.

ചിത്രത്തില്‍ നെടുമുടി വേണു അവതരിപ്പിക്കുന്ന കഥാപാത്രം മഞ്ജു വാര്യര്‍ അവതരിപ്പിക്കുന്ന കഥാപാത്രത്തോടു പറയുന്നതായിട്ടാണ് അധിക്ഷേപം അടങ്ങിയ ഭാഗം ചിത്രീകരിച്ചിട്ടുള്ളതെന്നു പരാതിയില്‍ പറയുന്നു. പിതാക്കന്‍മാരുടെ ജോലി തന്നെ മക്കള്‍ ചെയ്യേണ്ടിവന്നാല്‍ മുന്‍ രാഷ്ട്രപതി കെ.ആര്‍.നാരായണന്‍ തെങ്ങുകയറ്റക്കാരനാകേണ്ടി വരുമെന്നാണ് നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്നത്. യഥാര്‍ത്ഥത്തില്‍ കെ.ആര്‍.നാരായണന്റെ പിതാവ് നാട്ടുവൈദ്യനാണെന്നിരിക്കെ ഇത്തരത്തിലൊരു പരാമര്‍ശം ഉള്‍പ്പെടുത്തിയത് കെ.ആര്‍.നാരായണനെ ബോധപൂര്‍വ്വം അധിക്ഷേപിക്കുന്നതിനു വേണ്ടിയാണെന്നു എബി ജെ. ജോസ് ചൂണ്ടിക്കാട്ടി. ചരിത്രസത്യത്തെ തെറ്റായി വളച്ചൊടിച്ച സിനിമ പ്രവര്‍ത്തകരുടെ നടപടി പ്രതിക്ഷേധാര്‍ഹമാണ്. കൂടാതെ മുന്‍ രാഷട്രപതി അബ്ദുള്‍ കലാം മീന്‍പിടുത്തക്കാരനാകേണ്ടയാളാണെന്നും ഇതിനൊപ്പം പറയുന്നുണ്ട്. അബ്ദുള്‍ കലാമിന്റെ പിതാവ് ബോട്ടുകള്‍ വാടകയ്ക്കു കൊടുക്കുന്ന ജോലി നോക്കിയിരുന്ന വ്യക്തിയായിരുന്നുവെന്നിരിക്കെയാണ് തെറ്റായ പരാമര്‍ശം സിനിമയില്‍ ഉള്‍പ്പെടുത്തിട്ടുള്ളത്. പ്രദര്‍ശനത്തിനെത്തിച്ച സിനിമയില്‍ ഈ ഭാഗം ഉള്‍പ്പെട്ടത് സെന്‍സര്‍ ബോര്‍ഡിന്റെ പിടിപ്പുകേടാണ്.

പരാതികള്‍ ഉയര്‍ന്നിട്ടും ഇതുമായി ബന്ധപ്പെട്ട സിനിമ പ്രവര്‍ത്തകര്‍ ഖേദം പ്രകടിപ്പിക്കാന്‍ പോലും തയ്യാറാകാത്തത് ബോധപൂര്‍വ്വമാണെന്നതിന്റെ തെളിവാണ്. ഈ ചിത്രത്തിന്റെ സംവീധായകന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, നെടുമുടി വേണു, സെന്‍സര്‍ ബോര്‍ഡ് എന്നിവര്‍ക്ക് ഇതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാവില്ല. അധിക്ഷേപകരമായ ഭാഗം അടിയന്തിരമായി ചിത്രത്തില്‍ നിന്നും ഒഴിവാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും എബി ജെ.ജോസ് ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ചു സാംസ്‌ക്കാരിക, പട്ടികജാതി വകുപ്പ്മന്ത്രി, പട്ടികജാതി പട്ടികവകുപ്പ് കമ്മീഷന്‍ എന്നിവര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button