KeralaLatest NewsNews

പുതുജന്മം കിട്ടിയ ആ നാല് കുടുംബങ്ങള്‍ ബിനുകൃഷ്ണനെ ഒരിക്കലും മറക്കില്ല: സര്‍ക്കാര്‍ സംവിധാനങ്ങളുടെ ഏകോപനത്തിന്റെ വിജയം

കൊച്ചി•എറണാകുളം, വൈറ്റില, ഐ.എസ്.എന്‍. റോഡ് മാപ്രയില്‍ ഹൗസ് സ്വദേശി ബിനുകൃഷ്‌നനെ (35) ജീവിതത്തിലൊരിക്കലും മറക്കാന്‍ ആ 4 കുടുംബങ്ങള്‍ക്കാവില്ല. മരണത്തെ മുഖാമുഖം കണ്ട നാലുപേര്‍ക്കാണ് അവയവദാനത്തിലൂടെ ബിനുകൃഷ്ണന്‍ പുതുജന്മം നല്‍കിയത്. മസ്തിഷ്‌ക മരണം സംഭവിച്ച ബിനു കൃഷ്ണന്റെ ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവയാണ് ബന്ധുക്കള്‍ ദാനം നല്‍കിയത്.

പരേതനായ കൃഷ്ണന്റേയും അമ്മിണിയുടെയും മകനാണ് എറണാകുളത്തെ സ്വകാര്യ കമ്പനിയിലെ മാര്‍ക്കറ്റിംഗ് വിഭാഗത്തില്‍ ജോലി നോക്കുന്ന ബിനുകൃഷ്ണന്‍. അതേ കമ്പനിയിലെ സിനിയാണ് ഭാര്യ. പ്രേമ വിവാഹമായിരുന്നു ഇവരുടേത്. ഇവര്‍ക്ക് നാലര വയസുള്ള മകനുമുണ്ട്. ഇക്കഴിഞ്ഞ ശനിയാഴ്ച സുഹൃത്തിനോടൊപ്പം ബൈക്കോടിച്ച് വരികയായിരുന്നു ബിനുകൃഷ്ണന്‍. വൈറ്റില ജംഗ്ഷനിലെത്തിയപ്പോള്‍ ബിനുകൃഷ്ണന് കഠിനമായ തലവേദനയനുഭവടെുകയും ബി.പി. കൂടുകയും ചെയ്തു. തുടര്‍ന്ന് സുഹൃത്ത് അദ്ദേഹത്തെ എറണാകുളം ആസ്റ്റര്‍ മെഡിസിറ്റിയിലെത്തിച്ചു. വിദഗ്ധ പരിശോധനയില്‍ തലച്ചോറില്‍ രക്തസ്രാവമുള്ളതായും തലാമിക് ബ്ലീഡാണെന്നും കണ്ടെത്തി. ബിനുകൃഷ്ണനെ അഡ്മിറ്റാക്കുകയും വിദഗ്ധ ചികിത്സ നല്‍കുകയും ചെയ്തു. ബിനുകൃഷ്ണന്റെ ജീവന്‍ രക്ഷിക്കാനുള്ള പരമാവധി ശ്രമങ്ങള്‍ ഡോക്ടര്‍മാര്‍ നടത്തിയങ്കിലും വ്യാഴാഴ്ചയോടെ മസ്തിഷ്‌ക മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് എല്ലാ അന്താരാഷ്ട്ര മാനദണ്ഡങ്ങളും അനുസരിച്ച് സര്‍ക്കാര്‍ ഡോക്ടറുടെ സാന്നിധ്യത്തില്‍ വ്യാഴാഴ്ച രാത്രി 9.45 ഓടെ ആദ്യത്തെ മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാവിലെ രണ്ടാമതും മസ്തിഷ്‌ക മരണം സ്ഥിരീകരിച്ചു. രണ്ട് പ്രാവശ്യവും ആപ്നിയോ ടെസ്റ്റ് നടത്തി തിരികെ ജീവിതത്തിലേക്ക് വരാനുള്ള ഒരു സാഹചര്യവുമില്ലെന്ന് ബോധ്യപ്പെട്ടതിന് ശേഷമാണ് മസ്തിഷ്‌ക മരണം ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചത്. ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു.

ബിനുകൃഷ്ണന്‍ മസ്തിഷ്‌ക മരണമടഞ്ഞതോടെ ആശുപത്രി അധികൃതര്‍ കേരള സര്‍ക്കാരിന്റെ മരണാന്തര അവയവദാന പദ്ധതിയായ കേരള നെറ്റ്‌വര്‍ക്ക് ഫോര്‍ ഓര്‍ഗണ്‍ ഷെയറിംഗ് (KNOS) അഥവാ മൃതസഞ്ജീവനിയെ വിവരം അറിയിച്ചു. മൃതസഞ്ജീവനിയിലെ കോ-ഓര്‍ഡിനേറ്റര്‍മാര്‍ അവയവദാനത്തിന്റെ സാധ്യതകളെക്കുറിച്ച് അദ്ദേഹത്തിന്റെ ബന്ധുക്കളോട് സംസാരിച്ചു. തങ്ങളുടെ പ്രിയപ്പെട്ടവന്റെ അവയവങ്ങള്‍ പലരിലൂടെ ജീവിക്കുമെന്ന പ്രത്യാശയോടെ ഭാര്യയായ സിനിയും ബിനുകൃഷ്ണന്റെ സഹോദരനായ ബിജു കൃഷ്ണനും അവയവദാനത്തിന് സമ്മതം നല്‍കി.

ഹൃദയം, കരള്‍, രണ്ട് വൃക്കകള്‍, പാന്‍ക്രിയാസ് എന്നിവ പ്രവര്‍ത്തനക്ഷമമെന്ന് കണ്ട് അവ മൃതസഞ്ജീവനിയില്‍ രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നവരില്‍ നിന്നും മുന്‍ഗണനാ ക്രമത്തില്‍ അനുയോജ്യരായ രോഗികള്‍ക്ക് നല്‍കാന്‍ തീരുമാനമായി.

ഹൃദയം, എത്രയും പെട്ടെന്ന് ഹൃദയം മാറ്റിവച്ചില്ലെങ്കില്‍ മരണം സംഭവിക്കാവുന്ന സൂപ്പര്‍ അര്‍ജന്റ് രോഗിയും കോഴിക്കോട്ടെ മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ചികിത്സയിലുള്ള കോഴിക്കോട് സ്വദേശിയുമായ സിനോജിനും (28), ഒരു വൃക്ക കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ള പത്തനംതിട്ട സ്വദേശി ജയകുമാര്‍ വി.ജി. (46)യ്ക്കും രണ്ടാമത്തെ വൃക്കയും പാന്‍ക്രിയാസും അമൃത ആശുപത്രിയില്‍ ചികിത്സയിലുള്ള കോട്ടയം മണിമല സ്വദേശിനിയായ സൂര്യ അശോകിനും (31), കരള്‍ ആസ്റ്റര്‍ മെഡിസിറ്റിയില്‍ ചികിത്സയിലുള്ള ശാസ്തമംഗലം സ്വദേശി സുരേഷ്‌കുമാറിനുമാണ് (48) നല്‍കിയത്.

മസ്തിഷ്‌ക മരണത്തെ തുടര്‍ന്ന് ഏത് അവയവദാനം നടന്നാലും സര്‍ക്കാര്‍ ആശുപത്രിയിലെ നിര്‍ധനനായ ഒരു രോഗിക്ക് അതിലൊരു അവയവം നല്‍കുന്ന ഇന്ത്യയിലെ ഏക അവയവദാന പ്രകൃയയാണ് കേരളത്തിലുള്ളത്.

അവയവം ദാതാവില്‍ നിന്നെടുത്താല്‍ എത്രയും വേഗം സ്വീകര്‍ത്താവില്‍ പിടിപ്പിക്കേണ്ടതുണ്ട്. അതിനാല്‍ വിവിധ വകുപ്പുകളുടെ ഏകോപനത്തിലൂടെ മാത്രമേ സങ്കീര്‍ണമായ ഈ അവയവദാന പ്രകൃയ സാധ്യമാകുകയുള്ളൂ. അവയവദാനം നടക്കുന്നത് വിവിധ ജില്ലകളിലായതിനാല്‍ അതിനെല്ലാം ഏകോപനമൊരുക്കുന്നത് സര്‍ക്കാരാണ്. ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി രാജീവ് സദാനന്ദന്‍ ഐ.എ.എസ്. എന്നിവര്‍ അടിയന്തിരമായി ഇടപെട്ട് അവയവദാന പ്രക്രിയ സുഗമമാക്കാന്‍ വേണ്ട നടപടികള്‍ എടുത്തു. എറണാകുളം, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിലെ കളക്ടര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവര്‍ ഗ്രീന്‍ കോറിഡോര്‍ ഒരുക്കുന്നതിന് സുപ്രധാന പങ്ക് വഹിച്ചു.

എറണാകുളത്തുള്ള ഹൃദയം കോഴിക്കോട്ടെത്തിക്കുന്നത് റോഡ് മാര്‍ഗം ദുഷ്‌കരമായതിനാല്‍ കോയമ്പത്തൂരുള്ള ഗംഗ എയര്‍ ആംബുലന്‍സിനെയാണ് ഇതിനായി തെരഞ്ഞടുത്തത്. ആസ്റ്റര്‍ മെഡിസിറ്റിയിലെ ഹെലിപ്പാഡില്‍ ഇറങ്ങിയ എയര്‍ ആംബുലന്‍സ് ഹൃദയവുമായി കോഴിക്കോട് വിമാനത്താവളത്തിലിറങ്ങുകയും റോഡ് മാര്‍ഗം മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ എത്തിക്കുകയും ചെയ്തു. റോഡില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. വിവിധ അവയവങ്ങള്‍ സ്വീകര്‍ത്താക്കളില്‍ പിടിപ്പിക്കുന്ന ശസ്ത്രക്രിയകള്‍ നടന്നുവരുന്നു. ഇന്ന് രാത്രിയോടെ അവ പൂര്‍ത്തിയാകും.

ബിനു കൃഷ്ണന്റെ സംസ്‌കാരം വെള്ളിയാഴ്ച വൈകുന്നേരം 4.30ന് സ്വവസതിയില്‍ നടക്കും.

മൃതസഞ്ജീവനി സംസ്ഥാന കണ്‍വീനറും മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലുമായ ഡോ. തോമസ് മാത്യു, നോഡല്‍ ഓഫീസര്‍ ഡോ. നോബിള്‍ ഗ്രേഷ്യസ് എന്നിവരുടെ നിരന്തരമായ ഇടപെടല്‍ കൂടിയാണ് ഈ അവയവദാന പ്രക്രിയ വിജയത്തിലെത്തിച്ചത്. മൃതസഞ്ജീവനി കോ-ഓര്‍ഡിനേറ്റര്‍ ശരണ്യ എസ്. വേണ്ട ക്രമീകരണങ്ങള്‍ ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button