Latest NewsPrathikarana Vedhi

ലിംഗനീതിയും സമത്വവും നിഷേധിക്കപ്പെടുന്ന ഹതഭാഗ്യരായ ഒരു തലമുറ: ഗൗരിമാര്‍ ഇനിയും കൊലചെയ്യപ്പെടാതിരിക്കാന്‍ നമ്മള്‍ ചെയ്യേണ്ടതും ചെയ്യാതിരുന്നതും

ഉണ്ണി മാക്സ്

എന്താണ് കഴിഞ്ഞ ദിവസം നടന്നത്? ക്ലാസ്സ് മുറിയിൽ അച്ചടക്കം തെറ്റിച്ചതിനു ഒരു പെൺകുട്ടിയെ ആണ്കുട്ടികൾക്കൊപ്പം ഇരുത്തുക, അവളെ പരിഹസിക്കുക! പിന്നെ അവളുടെ സഹോദരി അതിനെ ചോദ്യം ചെയ്യുക, അധ്യാപകരുടെ പരിഹാസം സഹിക്കാനാകാതെ മൂത്ത പെൺകുട്ടി ആത്മഹത്യ ചെയ്യുക!

കേരളത്തില്‍ പെണ്‍കുട്ടിക്ക് നല്‍കാവുന്ന ഒരു ശിക്ഷ അവളെ ആണ്‍കുട്ടികള്‍ക്കിടയില്‍ ഇരുത്തുക എന്നത് ആണെന്നത് അത്യന്തം ലജ്ജിപ്പിക്കുന്നു. ഒരു പക്ഷെ ഈ ശിക്ഷാവിധി മറിച്ചും ഉണ്ടാവാം. എതിര്‍ലിംഗത്തില്‍ പെട്ടവര്‍ ഇത്രക്കും വിലക്കപ്പെട്ടവരാണെന്ന ബോധം ചെറുപ്രായത്തിലെ അവരില്‍ കുത്തിവക്കുന്നു. ഒടുവില്‍ അത് ഒരു പെണ്‍കുട്ടിയുടെ ആത്മഹത്യ വരെ കൊണ്ടെത്തിച്ചിരിക്കുന്നു. നാം എങ്ങോട്ടാണ് ഈ വളരുന്നത്? കേരളത്തില്‍ പ്രൈമറി ക്ലാസ്മുറികളിലെ ഇരിപ്പിടങ്ങളില്‍ തുടങ്ങുന്ന ആണ്‍ പെണ്‍ വേര്‍തിരിവ് കോളേജ് തലത്തിലും അവസാനിക്കുന്നില്ല എന്നത് ദുഖകരമായ വസ്തുതയാണ്. തുടര്‍ന്നു ബസ്സിലും സിനിമാ തീയറ്റര്‍ പോലുള്ള പൊതുഇടങ്ങളില്‍ തൊട്ട് ആരാധനായലങ്ങളില്‍ വരെ നീളുന്ന ശീലം എതിര്‍ലിംഗത്തെ അടക്കിപ്പിടിച്ചു നോക്കേണ്ട ഒന്നാണെന്ന ഗതികേട് പറയാതെ പഠിപ്പിക്കുന്നുമുണ്ട്.

കോളേജ് സമയം ഒക്കെ ആയപ്പോഴേക്കുമാണ് ഒപ്പം പെൺകുട്ടികൾ ഇരിക്കാൻ പോലും ധൈര്യപ്പെട്ടത്, അതുവരെ പെൺകുട്ടികൾ എന്നാൽ അകലെ നിന്നെ കണ്ടിട്ടുള്ളൂ. അവർക്കും ഭയം നമ്മൾക്കും ഭയം. പക്ഷെ കോളേജ് തലം എത്തിയപ്പോൾ കൂടെ ഇരിക്കുകയും കാട്ടിത്തരാൻ മടിക്കാതെ ഇരിക്കുകയും ആൺ സുഹൃത്തുക്കളെ പോലെ തന്നെ കഥകൾ പങ്കു വയ്ക്കാൻ മടിക്കാതെ ഇരിക്കുകയുമൊക്കെ ചെയ്തപ്പോഴാണ് അവരെ കൂടുതൽ മനസ്സിലാക്കാൻ കഴിഞ്ഞത്. വഴിയിൽ കൂടെ നടക്കുമ്പോൾ മറ്റുള്ള സുഹൃത്തുക്കളുടെ അതെ സ്വാതന്ത്ര്യം പെൺകുട്ടികൾക്കും കൊടുത്തിരുന്നു എന്നുമോർമ്മിക്കുന്നു. എന്തുകൊണ്ട് സ്‌കൂൾ കാലം മുതൽ തന്നെ പെൺകുട്ടികളെ മനസ്സിലാക്കാൻ കഴിഞ്ഞില്ല എന്ന് ചിന്തിക്കുകയും ചെയ്തിട്ടുണ്ട്. പക്ഷെ അധ്യാപകരും ചുറ്റുമുള്ള മനുഷ്യരും എന്ത് വിചാരിക്കും എന്ന സംശയമായിരുന്നു. ഇത് ഒരാളുടെ അനുഭവമായിരിക്കില്ല, എല്ലാവരും വളർന്നു വരുന്ന സാഹചര്യം ഇത് തന്നെയാണ്. ഈ ചിന്താഗതിയാണ് മാറേണ്ടതും.

ലോകനിലവാരത്തിൽ കുട്ടികളുടെ അവകാശ ഉടമ്പടിയില്‍ പ്രധാനമായും 4 അവകാശങ്ങളാണ് ഉള്ളത്. 1. ജീവിക്കാനുള്ള അവകാശം 2. സംരക്ഷിക്കപ്പെടാനുള്ള അവകാശം 3. വികാസത്തിനുള്ള അവകാശം 4. പങ്കാളിത്തത്തിനുള്ള അവകാശം. 1999ല്‍ ഇന്ത്യ അതിൽ ഒപ്പുവക്കുമ്പോൾ ഒരു കുട്ടിക്ക് സമത്വതോടെയും സംരക്ഷണത്തോടെയും ജീവിക്കാൻ സാധിക്കുന്നു എന്നൊക്കെയുള്ള പ്രതീക്ഷകള്‍ നമ്മള്‍ ഗൗരവമായി എടുക്കുന്നില്ല എന്നതാണ് യാഥാർത്ഥ്യം. ഇതൊന്നും പക്ഷെ ഒരു ആധുനിക ലിംഗനീതി സംസ്‌ക്കാരത്തിന് ഒട്ടും യോജിക്കുന്നതുമല്ല. സ്വന്തം വീടുകളിൽ പോലും ലിംഗനീതിയും സമത്വവും കുട്ടികൾക്ക് ലഭിക്കുന്നില്ല എന്നാണു പല കഥകളും കേൾക്കുമ്പോൾ മനസ്സിലാകുന്നത്. അപ്പോൾ മാറ്റം തുടങ്ങേണ്ടത് അവരവരുടെ വീടുകളിൽ നിന്നും തന്നെയാണ്. പിന്നെ സ്‌കൂളുകളിലും സമൂഹത്തിലേക്കും അത് വ്യാപിക്കണം.

നമ്മുടെ സമൂഹത്തിന്റേയും കുടുംബത്തിന്റെയും നല്ല ഭാവിക്കായി ആണ്‍-പെണ്‍ ബന്ധങ്ങളുടെയും പേരില്‍ ഇന്നു ചുറ്റിപ്പറ്റിനില്‍ക്കുന്ന പല തെറ്റിധാരണകളും മാറേണ്ടതുണ്ട്. ആണ്‍-പെണ്‍ ബന്ധങ്ങളെ അതിന്റെ സ്വാഭാവികമായ വിധത്തില്‍ രൂപപ്പെടുത്തി നിലനിര്‍ത്തുന്നതിനായുള്ള പുരോഗമനമായ തീരുമാനങ്ങള്‍ കൊണ്ടുവരാന്‍ സര്‍ക്കാരും അടിസ്ഥാനം മുതല്‍ക്കു തന്നെ കുട്ടികളിലേക്ക് എത്തും എന്ന്‍ ഉറപ്പാക്കാന്‍ അദ്ധ്യാപകരും രക്ഷകര്‍ത്താക്കളും മാനേജ്‌മെന്റുമെല്ലാം ശക്തമായി ഇടപെടെണ്ടതുണ്ട്. സ്‌കൂൾ വിദ്യാഭ്യാസ സമ്പ്രദായത്തിൽ തന്നെ ഇതിനു വേണ്ടുന്ന കാര്യങ്ങൾ ചെയ്യാൻ സർക്കാറിനാകും. ലിംഗനീതി ഉറപ്പു വരുത്തുക എന്നത് കുട്ടികൾക്ക് ലഭിക്കേണ്ട എഴുതപ്പെട്ട അവകാശവുമാണ്. അങ്ങനെ ഒരു ചർച്ച ഉണ്ടായാൽ തന്നെ ഗൗരി എന്ന പെൺകുട്ടി ആത്മഹത്യ ചെയ്ത പോലെയുള്ള സാഹചര്യങ്ങളെ ഒഴിവാക്കാം. അത് അടുത്ത തലമുറയ്ക്ക് ആവശ്യവുമാണ്. ആൺ- പെൺ വേർതിരിവുകൾ ഇല്ലാതെ കുട്ടികൾ ഒന്നിച്ചു വളരുന്നത് തന്നെയാണ് ഇനിയുള്ള കാലത്തിനു നല്ലത്. സദാചാരം എന്ന വാക്കിന്റെ അർഥം ഇനിയെങ്കിലും മാറട്ടെ…

shortlink

Related Articles

Post Your Comments


Back to top button