USALatest NewsNews

ഷെറിന്‍ മാത്യൂസിന്റെ മരണം; കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ്

മൊയ്തീന്‍ പുത്തന്‍‌ചിറ

റിച്ചാര്‍ഡ്‌സണ്‍ (ടെക്‌സസ്): ഷെറിന്‍ മാത്യൂസിന്റെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിനു സാധ്യതയെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് വക്താവ് കെവിന്‍ പെര്‍ലിച്ച് മാധ്യമങ്ങളോട് പറഞ്ഞു. ഷെറിന്റെ മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് നേരത്തെ തിരച്ചില്‍ നടത്തിയിരുന്നുവെന്നും എന്നാല്‍ ആ സമയത്തൊന്നും മൃതദേഹം കണ്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ശനിയാഴ്ച കനത്ത മഴ പെയ്തിരുന്നുവെന്നും ഞായറാഴ്ച പോലീസ് നായകളുമായി വീണ്ടും തിരച്ചില്‍ നടത്തിയപ്പോഴാണ് പൈപ്പിനകത്ത് മൃതദേഹം കണ്ടതെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയെ നന്നായി വസ്ത്രധാരണം ചെയ്തിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കുട്ടിയെ ബലമായി പാല്‍ കുടിപ്പിക്കുകയായിരുന്നുവെന്ന് വെസ്ലി പോലീസിന് മൊഴി നല്‍കിയിരുന്നു. അങ്ങനെ കുടിപ്പിച്ച സമയത്ത് കുട്ടി ചുമയ്ക്കുകയും ശ്വാസ തടസ്സം നേരിട്ടുവെന്നും, പിന്നീട് നാഡിമിടിപ്പ് നിലച്ചുവെന്നും വെസ്ലിയുടെ മൊഴിയില്‍ പറയുന്നു. കുട്ടി മരിച്ചെന്നു കരുതി ജഡം വീട്ടില്‍ നിന്ന് മാറ്റി എന്നാണ് മൊഴി. എന്നാല്‍ എങ്ങോട്ട് മാറ്റി, ജഡം എന്തു ചെയ്തു എന്ന് വെസ്ലി വെളിപ്പെടുത്തിയിട്ടില്ല. ഒക്ടോബര്‍ 7 മുതല്‍ 23 വരെ മൃതദേഹം പൈപ്പിനകത്തുണ്ടായിരുന്നു എന്ന് പോലീസ് വിശ്വസിക്കുന്നില്ല. ജഡം ഒളിപ്പിക്കാന്‍ വെസ്ലിയെ ആരാണ് സഹായിച്ചതെന്നാണ് പോലീസ് അന്വേഷിക്കുന്നത്.

കൂടാതെ, വീട്ടില്‍ സംഭവങ്ങള്‍ നടക്കുമ്പോള്‍ വെസ്ലിയുടെ ഭാര്യ സിനി ഉറക്കമായിരുന്നു എന്ന പ്രസ്താവന പോലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. അത് അസംഭവ്യമാണെന്നാണ് പോലീസിന്റെ നിഗമനം. തന്നെയുമല്ല, കുട്ടിയെ അപായപ്പെടുത്തിയ അന്നു മുതല്‍ ഇന്നുവരെ സിനി പോലീസുമായി സഹകരിച്ചിട്ടില്ല. കൂടാതെ അമേരിക്കയിലെ അറിയപ്പെടുന്ന പ്രശസ്തനായ ക്രിമിനല്‍ അഭിഭാഷകന്‍ കെന്‍ സ്റ്റാറിനെ സിനി വക്കാലത്ത് ഏല്പിക്കുകയും ചെയ്തു. മുൻ അമേരിക്കൻ സോലിസിറ്റര്‍ ജനറൽ, ഫെഡറൽ ജഡ്ജി, ക്ലിന്റണ്‍ അഡ്മിനിസ്‌ട്രേഷനില്‍ വൈറ്റ് വാട്ടര്‍, മോണിക്ക ലവിന്‍സ്കി എന്നീ കേസുകള്‍ കൈകാര്യം ചെയ്ത കെന്‍ സ്റ്റാറിനെ തന്നെ സിനി തന്റെ കേസ് ഏല്പിച്ചതില്‍ പലവിധ സംശയങ്ങള്‍ക്കും വഴിവെച്ചു.

ഞായറാഴ്ച കണ്ടെടുത്ത മൃതദേഹം ഷെറിന്റേതു തന്നെയാണെന്ന് മെഡിക്കല്‍ എക്സാമിനര്‍ സ്ഥിരീകരിച്ചു. കൂടാതെ മൃതദേഹത്തിലുണ്ടായിരുന്ന വസ്ത്രം ഷെറിന്റേതാണെന്ന് സിനി തിരിച്ചറിഞ്ഞു. ഈ കേസില്‍ കൂടുതല്‍ അറസ്റ്റുകള്‍ ഉണ്ടാകുമെന്ന് റിച്ചാര്‍ഡ്സണ്‍ പോലീസ് അറിയിച്ചതിനു ശേഷം സിനിയുടെ അഭിഭാഷകന്‍ കെന്‍ സ്റ്റാര്‍ കേസില്‍ നിന്ന് പിന്മാറി. കാരണം വ്യക്തമാക്കിയിട്ടില്ല. പോലീസുമായി സഹകരിക്കണമെന്ന് സിനിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്ന് പോലീസ് വക്താവ് കെവിന്‍ പെര്‍ച്ച് പറഞ്ഞു.

വെസ്ലിയെ തല്‍ക്കാലം സിറ്റി ജയിലിലാണ് അടച്ചിരിക്കുന്നത്. പിന്നീട് ഡാളസ് കൗണ്ടി ജയിലിലേക്ക് മാറ്റുമെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കണ്ടെടുത്ത സ്ഥലത്ത് ഇപ്പോഴും ജനങ്ങള്‍ കൂട്ടമായി എത്തുന്നുണ്ട്. എല്ലാ വിഭാഗങ്ങളിലുള്ളവരും പ്രാര്‍ത്ഥനയും നടത്തുന്നുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button