Latest NewsNews

ക്രമ സമാധാനം സംരക്ഷിക്കാൻ സൈന്യമില്ലാത്ത 16 രാജ്യങ്ങൾ

ചെറുകിട രാജ്യങ്ങളും വീണ്ടും വീണ്ടും യുദ്ധത്തിന് കോപ്പു കൂട്ടുമ്പോൾ സ്വർഗത്തെപ്പോലെ ആളുകൾ കഴിഞ്ഞുകൂടുന്ന ചില സ്ഥലങ്ങളുണ്ട് ഭൂമിയിൽ ക്രമ സമാധാനം സംരക്ഷിക്കാൻ എന്ന പേരിൽ ഒരൊറ്റ പട്ടാളക്കാരൻ പോലുമില്ലാത്ത 16 രാജ്യങ്ങൾ.

ജനങ്ങളുടെ സമ്പത്സമൃദ്ധിക്ക് ചിലവാക്കേണ്ട ബഡ്‌ജറ്റ്‌ തുകയുടെ ഭൂരിഭാഗവും ആയിരക്കണക്കിന് കോടികള്‍ യുദ്ധത്തിനും പ്രതിരോധത്തിനും ആയുധങ്ങൾ വാങ്ങാൻ ചിലവഴിക്കുന്ന വൻകിട രാജ്യങ്ങളും.കോസ്റ്ററിക്ക

ശാന്ത സമുദ്രത്തിനും കരീബിയന്‍ കടലിനുമിടയിലാണ് കോസ്റ്ററിക്കയുടെ സ്ഥാനം. 51,100 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയാണ് ഈ രാജ്യത്തിനുള്ളത്. സ്വന്തം സൈന്യമില്ലാത്ത ലോകത്തിലെ തന്നെ ഏറ്റവും വലിയ രാജ്യം കൂടിയാണ് കോസ്റ്ററിക്ക. ഭരണഘടനാപരമായി സൈന്യത്തെ പൂര്‍ണമായും പിരിച്ചുവിട്ട ആദ്യ രാജ്യമാണ് കോസ്റ്ററിക്ക. 1949ലായിരുന്നു ഈ പിരിച്ചുവിടല്‍. 1948 ലെ ആഭ്യന്തര യുദ്ധത്തിന് ശേഷമാണ് പട്ടാളത്തെ പിരിച്ചുവിടുന്നത്. പൊലീസാണ് ഇവിടുത്തെ ആഭ്യന്തര സുരക്ഷ വഹിക്കുന്നത്. നിക്കരാഗ്വയുമായി അതിര്‍ത്തി തര്‍ക്കമുണ്ടെങ്കില്‍ കൂടി ഇവിടെ സൈന്യമില്ല എന്നതാണ് വിസ്‍മയിപ്പിക്കുന്ന സവിശേഷത.

ഐസ്‍ലാന്‍ഡ്

വടക്കന്‍ യൂറോപ്പിലെ അറ്റ്‌ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഐസ്‍ലാന്‍ഡ്. 1869 മുതല്‍ ഈ രാജ്യത്ത് സൈന്യമില്ല. ലോകത്തെ ഏറ്റവും അധികം വളര്‍ച്ച കൈവരിച്ചു കൊണ്ടിരിക്കുന്ന ഒരു രാജ്യം കൂടിയാണിത്. കുറഞ്ഞ ജനസംഖ്യയുള്ള ഇവിടെ യുദ്ധം, കലാപം എന്നിവ ഉണ്ടാകാറില്ല. ലോകത്ത് ഏറ്റവും സന്തോഷവാന്‍മാരായ ജനങ്ങളുടെ കൂട്ടായ്മ കൂടിയാണ് ഇവിടം. നാറ്റോയില്‍ അംഗമായ ഐസ്‍ലാന്‍ഡിന് അമേരിക്കയുമായി പ്രതിരോധത്തില്‍ പേരിനൊരു കരാറുണ്ടെന്ന് മാത്രം.

അന്‍ഡോറ

പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് അന്‍ഡോറ. 450 ചതുരശ്ര കിലോമീറ്റര്‍ മാത്രമാണ് ഈ രാജ്യത്തിന്റെ വിസ്തീര്‍ണം. പൈറീനെസ് പര്‍വ്വത നിരകള്‍ക്ക് സമീപത്തായി സ്‌പെയിനിനും ഫ്രാന്‍സിനും ഇടയിലായാണ് ഈ രാജ്യത്തിന്റെ സ്ഥാനം. യൂറോപ്പിലെ ആറാമത്തെ ഏറ്റവും ചെറിയ രാജ്യമാണ് അന്‍ഡോറ. 2012 ലെ കണക്കനുസരിച്ച് ജനസംഖ്യ 85,000. വിനോദസഞ്ചാരമാണ് പ്രധാന വരുമാനം. ലോകത്തെ ഏറ്റവും അധികം ആയുര്‍ദൈര്‍ഘ്യമുള്ള ജനങ്ങളുടെ പട്ടികയില്‍ രണ്ടാംസ്ഥാനം അന്‍ഡോറക്കാണ്‌. ക്രമസമാധാനപാലനത്തിന് പേരിന് ഒരു പൊലീസ് സേന മാത്രമാണുള്ളത്. ഏറ്റവും കുറഞ്ഞ കുറ്റകൃത്യങ്ങളാണ് ഇവിടെ പൊലീസിനെയും അപ്രസക്തമാക്കുന്നത്. പുറത്തുനിന്നുള്ള ഭീഷണിക്ക് പകരം അന്‍ഡോറക്ക് സുരക്ഷ ഒരുക്കുന്നവരാണ് അയല്‍രാജ്യങ്ങളായ സ്‍പെയിനും ഫ്രാന്‍സും.

ഡൊമനിക്ക

കരീബിയന്‍ സമുദ്രത്തിലെ ഒരു ദ്വീപ് രാജ്യമാണ് ഡൊമനിക്ക. രാജ്യത്തെ ഭരണസംവിധാനത്തെ അട്ടിമറിക്കാന്‍ ശ്രമിച്ചതോടെയാണ് സൈന്യത്തിനെ പിരിച്ചുവിടുന്നത്. 1981 ലാണ് ഈ രാജ്യം സൈന്യത്തിന്റെ സുരക്ഷ വേണ്ടെന്ന് വെക്കുന്നത്. വിനോദസഞ്ചാരവും കൃഷിയുമാണ് ഇവിടുത്തെ സമ്പദ്ഘടനയുടെ അടിസ്ഥാന ഘടകങ്ങള്‍. പൊലീസിനാണ് ആഭ്യന്തര സുരക്ഷയുടെ ചുമതല.

ഗ്രനേഡ

കരീബിയന്‍ കടലിലെ ഒരു ദ്വീപ് രാജ്യമാണ് ഗ്രനേഡ. വിനോദസഞ്ചാരമാണ് ഈ രാജ്യത്തിനും സാമ്പത്തിക ഭദ്രത നല്‍കുന്നത്. പടിഞ്ഞാറന്‍ അര്‍ധഗോളത്തിലെ ഏറ്റവും ചെറിയ രാജ്യങ്ങളില്‍ ഒന്നാണിത്. വെറും 344 ചതുരശ്ര കിലോമീറ്റര്‍ മാത്രം വിസ്തൃതിയുള്ള ഈ രാജ്യത്തിന്റെ ജനസംഖ്യ ഏകദേശം 109,590 ആണ്. 1943 ന് ശേഷം ഈ രാജ്യത്തും പട്ടാളമെന്ന സംവിധാനമില്ല. പൊലീസിനാണ് സുരക്ഷാ ചുമതല.

ഹെയ്തി

മറ്റൊരു കരീബിയന്‍ രാജ്യമാണ് ഹെയ്തി. 27,750 ചതുരശ്ര കിലോമീറ്റര്‍ ആണ് വിസ്തീര്‍ണം. ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം കൂടിയാണ് ഹെയ്തി. 1995 ലെ പട്ടാള അട്ടിമറി ശ്രമത്തിന് പിന്നാലെ സൈന്യത്തെ പിരിച്ചുവിട്ട ചരിത്രമാണ് ഹെയ്തിക്കുള്ളത്. എന്നാല്‍ ഇപ്പോഴും സൈന്യത്തെ രൂപീകരിക്കണമെന്ന ആവശ്യവുമായി വിമതര്‍ രംഗത്തുണ്ട്.

കിരീബാസ്

പെസഫിക് മഹാസമുദ്രത്തിലെ ചെറു ദ്വീപു രാജ്യമാണിത്. മൂന്നര ലക്ഷം ചതുരശ്ര കിലോമീറ്ററില്‍ ചിതറിക്കിടക്കുന്ന 33 ദ്വീപുകളുടെ സമൂഹമാണ് ഈ രാജ്യം. മൊത്തം ഭൂവിസ്തൃതി 811 ചതുരശ്ര കിലോമീറ്റര്‍ മാത്രം. 1978 മുതല്‍ ഈ രാജ്യത്തിന് സ്വന്തമായി സൈന്യമില്ല. എങ്കിലും ഏതെങ്കിലുമൊരു സാഹചര്യത്തില്‍ ആവശ്യം വന്നാല്‍ കിരീബാസിന്റെ സഹായത്തിന് ആസ്ട്രേലിയയും ന്യൂസിലന്‍ഡും പട്ടാളത്തെ അയക്കും.

ലിക്റ്റന്‍സ്‌റ്റൈന്‍

ലിക്റ്റന്‍സ്‌റ്റൈന്‍ പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ്. പൂര്‍ണമായും കരയാല്‍ ചുറ്റപ്പെട്ട ഈ രാജ്യം സ്വിറ്റ്‌സര്‍ലന്‍ഡുമായും ആസ്ട്രിയയുമായും അതിര്‍ത്തി പങ്കിടുന്നു. കാര്യമായ നഗരവല്‍ക്കരണം നടക്കാത്ത രാജ്യം കൂടിയാണിത്. ജര്‍മന്‍ ഭാഷ സംസാരിക്കുന്ന ലോകത്തിലെ ഏറ്റവും ചെറിയ രാജ്യമാണ് ലിക്റ്റന്‍സ്‌റ്റൈന്‍. 1868 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി ഒരു സൈന്യമില്ല. സൈന്യത്തെ നിലനിര്‍ത്തേണ്ടത്ര സുരക്ഷാ ഭീഷണിയൊന്നും ഈ രാജ്യം നേരിടുന്നില്ല. യുദ്ധമുണ്ടായാല്‍ സൈന്യത്തെ രൂപീകരിക്കാന്‍ നിയമമുള്ള രാജ്യമാണെങ്കിലും ഇതുവരെ അങ്ങനെയൊരു അവസ്ഥ ഇവിടുത്തുകാര്‍ക്കുണ്ടായിട്ടില്ല.

മാര്‍ഷല്‍ ദ്വീപുകള്‍

പസഫിക് സമുദ്രത്തിലെ ഒരു ദ്വീപുരാഷ്ട്രമാണ് മാര്‍ഷല്‍ ദ്വീപുകള്‍. പസഫിക് മഹാസമുദ്രത്തിന്റെ വടക്കു ഭാഗത്താണ് ദ്വീപിന്റെ സ്ഥാനം. ഈ രാജ്യത്തിന്റെ രൂപീകരണം മുതല്‍ ഇവിടെ സൈന്യമില്ല. പൊലീസ് മാത്രമാണ് ഇവിടെ സുരക്ഷാകാര്യങ്ങള്‍ നോക്കുന്നത്. തീരദേശ സുരക്ഷയുടെ ചുമതലയും പൊലീസിനാണ്. അമേരിക്കയാണ് മാര്‍ഷല്‍ ദ്വീപിനും സൈനിക സഹായം ആവശ്യമായി വന്നാല്‍ നല്‍കാനുള്ളത്.

മൗറീഷ്യസ്

ഇന്ത്യന്‍ മഹാസമുദ്രത്തിലെ ദ്വീപ് രാജ്യമാണ് മൗറീഷ്യസ്. ആഫ്രിക്കന്‍ വന്‍കരയില്‍പ്പെടുന്ന ഈ രാജ്യം തെക്കുപടിഞ്ഞാറന്‍ ഇന്ത്യന്‍ തീരത്തുനിന്നും 3,943 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. 2040 ചതുരശ്ര മീറ്ററാണ് വിസ്തീര്‍ണം. 1968 മുതല്‍ ഈ രാജ്യത്തിനും സ്വന്തമായി സൈന്യമില്ല. മൊത്തം സുരക്ഷ നോക്കാന്‍ ഇവിടെ പതിനായിരം പൊലീസുകാരാണുള്ളത്.

മൈക്രോനേഷ്യ

നാല് ഫെഡറല്‍ സംസ്ഥാനങ്ങളുള്‍പ്പെടുന്ന ഒരു സ്വതന്ത്ര പരമാധികാര ദ്വീപുരാഷ്ട്രമാണ് മൈക്രോനേഷ്യ പറിഞ്ഞാറന്‍ പസഫിക് മഹാസമുദ്രത്തിലാണ് സ്ഥാനം. ആകെ കരഭൂമി 702 ചതുരശ്രകിലോമീറ്റര്‍ വരും. ഭൂമധ്യരേഖയുടെ തൊട്ടു വടക്കായാണ് ദ്വീപുകളുടെ സ്ഥാനം. സ്വന്തമായി സൈന്യമില്ലെങ്കിലും അമേരിക്ക തന്നെയാണ് ഇവരുടെ സഹായത്തിനുമുള്ളത്.

മൊണാക്കോ

പടിഞ്ഞാറന്‍ യൂറോപ്പിലെ ഒരു ചെറിയ രാജ്യമാണ് മൊണാക്കോ. ഫ്രാന്‍സും മെഡിറ്ററേനിയനും ആണ് അതിരുകള്‍. ഭരണഘടനയില്‍ അധിഷ്ഠിതമായ ഏകാധിപത്യമാണ് നിലവിലുള്ളത്. സ്വതന്ത്രരാജ്യമാണെങ്കിലും പ്രതിരോധച്ചുമതല ഫ്രാന്‍സിനാണ്. ലോകത്തിലെ ഏറ്റവും ചെറിയ രണ്ടാമത്തെ രാജ്യമാണിത്. 17 ാം നൂറ്റാണ്ടു മുതല്‍ ഈ രാജ്യത്തിന് സ്വന്തമായി സൈന്യമില്ല. എന്നാല്‍ സൈന്യമില്ലെന്ന് മൊത്തമായും പറയാന്‍ കഴിയില്ല. കാരണം രാജകുമാരന്റെ സുരക്ഷക്ക് ചെറിയൊരു പട്ടാള വിഭാഗം ഇവിടെയുണ്ട്.

നൗറു

ലോകത്തിലെ ഏറ്റവും ചെറിയ റിപ്പബ്ലിക്കാണ്‌ നൗറു. ഒന്നാം ലോകമഹായുദ്ധത്തിനുശേഷം 1968 വരെ ആസ്ട്രേലിയ, ന്യൂസിലാൻഡ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളുടെ സം‌യുക്തഭരണമായിരുന്നു ഇവിടെ. 1968-ൽ സ്വതന്ത്രമായി. ഫോസ്ഫേറ്റ് ഖനനമാണ്‌ പ്രധാന വരുമാനം. സ്വന്തമായി സൈന്യമില്ലെങ്കിലും ആസ്ട്രേലിയയാണ് പ്രതിരോധ സഹായം നല്‍കുന്നത്. ആഭ്യന്തര സുരക്ഷക്ക് പൊലീസുമുണ്ട്.

പലാവു

ലോകത്തെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രങ്ങളിലൊന്നാണ് പലാവു. ഫിലിപ്പീന്‍സിന് 800 കിലോമീറ്റര്‍ കിഴക്കായ പസഫിക് സമുദ്രത്തിലാണ് ഈ രാജ്യം. അമേരിക്കന്‍ അധിനിവേശത്തിലായിരുന്നു പലാവു 1994 ഒക്ടോബര്‍ ഒന്നിനാണ് സ്വതന്ത്രമായത്. പലാവുവിനും സ്വന്തമായി സൈന്യമില്ല. പൊലീസിന് മാത്രമാണ് ഇവിടെ സുരക്ഷാ ചുമതലുള്ളത്. തീരദേശ സുരക്ഷക്ക് 30 അംഗ സേനയുമുണ്ട്. അമേരിക്കയാണ് പ്രതിരോധ സഹായം നല്‍കുന്നത്.

പനാമ

മധ്യ അമേരിക്കയിലെ ഏറ്റവും തെക്ക് ഭാഗത്തുള്ള രാജ്യമാണിത്. വടക്ക്‌തെക്ക് അമേരിക്കകളെ തമ്മില്‍ ബന്ധിപ്പിക്കുന്നതും ഈ രാജ്യമാണ്. കോസ്റ്ററിക്ക, കൊളംബിയ എന്നിവയുമായാണ് അതിര്‍ത്തി പങ്കിടുന്നത്. ഒരു അന്താരാഷ്ട്ര വാണിജ്യ കേന്ദ്രമാണീ രാജ്യം. വമ്പന്‍ സമ്പദ് ശക്തികൂടിയാണ് പനാമ. 1990 മുതല്‍ പനാമക്കും സ്വന്തമായി സൈന്യമില്ല. അതിര്‍ത്തി കാക്കാനും ആഭ്യന്തര സുരക്ഷക്കും പനാമനേനിയന്‍ പബ്ലിക് ഫോഴ്‍സുമാണുള്ളത്.

വത്തിക്കാന്‍

ഇറ്റലിയുടെ ഉള്ളിലായി സ്ഥിതി ചെയ്യുന്ന ഒരു പരമാധികാരരാഷ്ട്രമാണ് വത്തിക്കാന്‍ നഗരം. റോമന്‍ കത്തോലിക്കാ സഭയുടെ ആസ്ഥാനവുമാണ്. 44 ഹെക്ടര്‍ വിസ്തീര്‍ണ്ണവും 800 പേര്‍ മാത്രം വരുന്ന ജനസംഖ്യയുമുള്ള നഗരം വിസ്തീര്‍ണ്ണത്തിലും ജനസംഖ്യയിലും ലോകത്തിലെ ഏറ്റവും ചെറിയ പരമാധികാരരാഷ്ട്രമാണ്. സ്വന്തമായി സൈന്യമില്ലെങ്കിലും സ്വിസ് ഗാര്‍ഡുകളാണ് സുരക്ഷാ ചുമതല വഹിക്കുന്നത്. രേഖകകളിലില്ലെങ്കിലും ഇറ്റാലിയന്‍ സൈന്യവും വത്തിക്കാനൊപ്പമുണ്ട്

Related Articles

Post Your Comments


Back to top button