KeralaLatest NewsNews

പി. കൃഷ്ണപിള്ളയുടെ സ്മാരകത്തിനു തീയിട്ടിട്ട് ഇന്ന് നാല് വര്‍ഷം

ആലപ്പുഴ: കമ്യൂണിസ്റ്റ് ആചാര്യൻ പി.കൃഷ്ണപിള്ളയുടെ സ്മാരകം കത്തിച്ച സംഭവത്തിന് നാലാണ്ട്. 1948 -ല്‍ പി.കൃഷ്ണപിള്ള ഒളിവില്‍ പാര്‍ക്കവേ പാമ്പുകടിയേറ്റത് കണ്ണര്‍കാട്ടെ ചെല്ലികണ്ടത്തില്‍ വീട്ടിലാണ്. സി.പി.എം. ഏറ്റെടുത്ത ഈ വീട് 2013 ഒക്ടോബറിന് 31 -ന് പുലര്‍ച്ചെയാണ് തീയിട്ടത്. സ്മാരകത്തിന് തീയിട്ടശേഷം കൃഷ്ണപിള്ളയുടെ പ്രതിമയും തല്ലിത്തകര്‍ത്തു. ആദ്യം ആർ എസ് എസിന്റെ നേരെ ആരോപണം ഉയർന്നെങ്കിലും ആദ്യം ലോക്കല്‍ പോലീസും പിന്നീട്, ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസിലെ പ്രതികള്‍ കമ്യൂണിസ്റ്റ് പ്രവർത്തകർ ആണെന്ന് കണ്ടെത്തി.

എസ്.എഫ്.ഐ. മുന്‍ നേതാവും വി.എസിന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗവുമായി ലതീഷ് ചന്ദ്രന്‍, സി.പി.എം. കഞ്ഞിക്കുഴി ലോക്കല്‍ കമ്മിറ്റിയുടെ മുന്‍ സെക്രട്ടറി.പി.സാബു, ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകരായിരുന്ന ദീപുമോന്‍, രാജേഷ്, പ്രമോദ് എന്നിവരാണ് പ്രതികള്‍. എന്നാൽ സ്മാരകം തകര്‍ത്ത കേസില്‍ ഇവരല്ല യഥാര്‍ത്ഥ പ്രതികളെന്ന നിലപാടാണ് വിഎസ് പരസ്യമായി സ്വീകരിച്ചത്. പാര്‍ട്ടിയിലെ വിഭാഗീയതയാണ് അക്രമത്തിന് കാരണമെന്ന് ക്രൈംബ്രാഞ്ച് എസ്പി പി.ബി. രാജീവിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ വ്യക്തമാക്കിയിരുന്നു.

സാധാരണ സി.പി.എമ്മുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി അന്വേഷണം നടത്തിയശേഷമാണ് നടപടി. എന്നാല്‍, കൃഷ്ണപിള്ള സ്മാരകം തകര്‍ത്തകേസില്‍ പോലീസ് അന്വേഷണംമാത്രം മുഖവിലയ്‌ക്കെടുത്താണ് പ്രതികളായ പാര്‍ട്ടിക്കാര്‍ക്കെതിരെ നടപടി എടുത്തത്. സ്മാരകത്തിന് തീവച്ചതറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി തീയണയ്ക്കാന്‍ ശ്രമിച്ചപ്പോഴും പ്രതികള്‍ അതിന് തുനിയാതെ സംഭവം മറ്റുചിലരെ അറിയിക്കാനുള്ള തിരക്കിലായിരുന്നു.

സ്മാരകത്തിനു തീവച്ച ശേഷം ഒരാള്‍ ഓടി മറയുന്നത് സമീപവാസിയായ സ്ത്രീ കണ്ടതായി മൊഴിയുണ്ടെന്നുമുള്ള വിവരങ്ങളും സത്യവാങ്മൂലത്തിലുണ്ട്. പി. കൃഷ്ണപിള്ളയുടെ പേരില്‍ സാംസ്ക്കാരിക കേന്ദ്രം തുടങ്ങുമെന്ന് പിണറായി സര്‍ക്കാരിന്റെ ആദ്യ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും യാതൊരു നടപടിയും ഇതുവരെ സ്വീകരിച്ചിട്ടില്ല. സ്മാരകമന്ദിരം ചുറ്റുമതില്‍ പോലും കെട്ടി സംരക്ഷിച്ചിട്ടില്ലെന്നും അതിനാലാണ് അക്രമികൾക്ക് കാര്യങ്ങൾ വേഗത്തിൽ നടത്താനായതെന്നും ആരോപണമുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button