Latest NewsNewsWriters' Corner

വീടിന്റെ കോലായില്‍ തൂങ്ങിനിന്ന ആ മനുഷ്യനെ കാലങ്ങള്‍ക്ക് ശേഷം ആളുകള്‍ അടുത്തുനിന്ന് കണ്ടു: ഒഴുക്കിനൊത്ത് നീന്താന്‍ കഴിയാത്ത മനസുകളുടെ ദയനീയാവസ്ഥയെക്കുറിച്ച് കൌണ്‍സിലിംഗ് സൈക്കോളജിസ്റ്റ് കലാ ഷിബു പറയുന്നത്

 

അറിയാവുന്ന ഒരു പുരാതന കുടുംബം ഉണ്ടായിരുന്നു… അവിടത്തെ കാരണവരെ ,മനുഷ്വത്വം തൊട്ടു തീണ്ടിയിട്ടില്ലാത്ത വെറും സ്വേച്ഛാപ്രഭു എന്ന് മറ്റുള്ളവർ പറഞ്ഞു കേട്ടിട്ടുണ്ട്.. എന്നും കാണുന്നതാണെങ്കിലും ഒരു ചിരി ആർക്കും കൊടുക്കാൻ ,അദ്ദേഹത്തിന് മനസ്സില്ലായിരുന്നു… കുറെ മക്കളുണ്ട്.. എല്ലാവരും തന്നെ , പുറം ലോകമായി അധികം ബന്ധമില്ലാത്തവർ… ഭാര്യയും ഇളയ മകനുമാണ് മനുഷ്യരെ കണ്ടാൽ ഒന്ന് നോക്കുന്നത് എന്ന് കുട്ടികാലം മുതൽ കേട്ടിരിക്കുന്ന കഥയാണ്.. ഓർമ്മയുണ്ട്..

ആ സ്ത്രീയുടെ സാധുത്വം നിറഞ്ഞ മുഖം. മകൻ ഉദ്യോഗസ്ഥൻ ആയതോടെ , അച്ഛന്റെ രീതികളിൽ നിന്നും വ്യത്യസ്തമായി ലോകവുമായി സൗഹൃദത്തോടെ ഇടപെടാൻ തുടങ്ങി.. റേഡിയോയിലെ പാട്ടുകൾ ആ വീട്ടിൽ നിന്നും കേട്ടു തുടങ്ങി… ഒരു ദിവസം , സ്കൂൾ വിട്ടു വന്നപ്പോൾ വീട്ടിൽ അച്ഛനും അമ്മയുമില്ല.. താക്കോൽ എടുത്ത് തുറക്കാൻ നോക്കിയിട്ട് പറ്റുന്നുമില്ല.. എന്ത് ചെയ്യണമെന്നറിയാതെ നിന്ന എനിക്ക് , അദ്ദേഹമായിരുന്നു ഓടി വന്നു സഹായിച്ചത്.. മോള് വേണേൽ വീട്ടിൽ വന്നിരുന്നോ.. അമ്മയുണ്ട് അവിടെ.. എന്ന് പറയുകയും ചെയ്തു. എന്തായാലും അച്ഛന്റെ കൂട്ടല്ല..മകൻ.. മനുഷ്യപ്പറ്റുണ്ട്.. അമ്മയുടെ പോലെയാ സ്വഭാവം… സഹായിക്കാൻ വരുന്ന സ്ത്രീ അമ്മയോട് പറയുന്നത് കേട്ടിട്ടുണ്ട്.. ആ കാലങ്ങളിൽ ഇടയ്ക്കൊക്കെ വീട്ടിൽ വരികയും , സ്നേഹത്തോടെ അമ്മയോട് ചേച്ചി ചായ ഉണ്ടോ എന്ന് ചോദിച്ചു വാങ്ങുകയും ഒക്കെ ചെയ്യും..

പെട്ടന്ന് ഒരു ദിവസം , ആ മനുഷ്യന്റെ ‘അമ്മ മരിച്ചു.. അന്നാണ് ഗോപൻ അങ്കിൾ നെ ഞാൻ അവസാനമായി ബോധാവസ്ഥയിൽ കണ്ടത്.. ചാക്കാല നടന്ന വീട്ടിൽ ഒന്നും വെയ്ക്കരുത്.. നീ കട്ടൻ ഇട്.. അമ്മയോട് പറഞ്ഞിട്ട് അച്ഛൻ അങ്കിൾ നെ വീട്ടിൽ കൊണ്ട് വന്നു.. തലകുനിച്ചു മുൻവശത്തെ ഇരിക്കുന്ന ആ മനുഷ്യന്റെ സമനില തെറ്റാൻ തുടങ്ങുക ആണ് എന്ന് ആർക്കും മനസ്സിലായില്ല.. ആറടി ഉയരവും ഒത്ത തടിയും… ഹൃദയവും ശരീരവും ഒരേ പോലെ സംയമനം നിഷേധിക്കുന്ന അവസ്ഥയിൽ പിന്നെ ആ രൂപം ഭയാനകമായിരുന്നു… അമിതമായ മദ്യം കഴിച്ചു ചീർത്ത ദേഹവും രൂക്ഷമായ നോട്ടവും… ഗേറ്റിന്റെ അപ്പുറത്ത് പിടിച്ചു റോഡിൽ നോക്കി അലറി വിളിക്കുന്ന ആ ആളായിരുന്നു മുൻപ് എത്ര സൗമ്യമായി ഇടപെട്ട മനുഷ്യൻ എന്ന് ഓർക്കാൻ കൂടി വയ്യ…

വികലമായ മനസ്സിന്റെ ഉറച്ച ജല്പനങ്ങൾ ചുറ്റുമുള്ളവരെ ഭയപ്പെടുത്തി.. സഹോദരങ്ങൾ ഒരുപാട് ഉണ്ടായിട്ടും , അദ്ദേഹത്തിന്റെ അവസ്ഥ കൈ കാര്യം ചെയ്യാൻ ആർക്കും പറ്റിയില്ല. രോഗം മറച്ചു വെച്ച് വിവാഹം കഴിപ്പിക്കാൻ പോലും പറ്റുന്ന അവസ്ഥ അല്ലല്ലോ.. നാട്ടുകാർ പരിതപിച്ചു.. അയൽക്കാരായ ഞങ്ങൾ നിസ്സഹായതയോടെ നോക്കി ഇരുന്നു.. ആർക്കും അടുക്കാൻ വയ്യ.. ഇന്നത്തെ കാലമായിരുന്നേൽ, രക്ഷപെടുത്താൻ ഒരുപക്ഷെ കഴിഞ്ഞേനെ… അച്ഛനും മകനും ഒരുമിച്ചു ആ വീട്ടിൽ.. കാരണവർ മറ്റൊരു മാനസികാവസ്ഥയിൽ.. ബാങ്കിൽ കോടി രൂപ നിക്ഷേപിച്ചിട്ടു , ഒരു നേരത്തെ ഭക്ഷണത്തിനു മറ്റുള്ളവരെ ആശ്രയിക്കേണ്ട അവസ്ഥ .. ജീവിതത്തിലെ പച്ചയായ അനുഭവം…നേർകാഴ്ച ! അക്രമാസക്തനാകുന്ന മകനെ ഭയന്ന് കഴിയേണ്ടി വന്നു അദ്ദേഹത്തിന്.. ഇടയ്ക്കു ഡോക്ടർ വന്നു പോകുന്നത് കാണാം.. ആരും അടുക്കില്ല ആ ജീവിതത്തിൽ എന്തായിരിക്കും നടന്നത്… അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതം ആണോ മനസ്സിന്റെ സമനില തെറ്റിച്ചത്.. അറിയില്ല…

വീടിന്റെ അകത്തെ മുറികളിൽ ചെവിയിൽ വിരലുകൾ തിരുകി കണ്ണുകൾ പൂട്ടി കിടന്നാലും.. ആ അലർച്ച ഓരോ ദിവസങ്ങളിലും എന്റെ ഉറക്കം കെടുത്തി.. വല്ലാതെ ഭയപ്പെടുത്തി.. പുറത്തേയ്ക്കു ഇറങ്ങുമ്പോൾ.. നോക്കരുത് എന്ന് കരുതിയാലും , അറിയാതെ ആ വശത്തേയ്ക്ക് കണ്ണ് പോകും.. അപ്പോഴൊക്കെ ഭീകരമായ ഒരു രൂപം അതിക്രൂരമായ കണ്ണുകളോടെ നോക്കി അലറി … വര്ഷങ്ങളോളം ആ അവസ്ഥ തുടർന്നു… വീടിന്റെ കോലായിൽ തൂങ്ങി നിന്ന ആ മനുഷ്യനെ കാലങ്ങൾക്കുശേഷം ആളുകൾ അടുത്ത് നിന്ന് കണ്ടു..! ചെറുപ്രായം ആയിരുന്നില്ല.. അദ്ദേഹത്തിന് മാനസിക പ്രശ്നങ്ങൾ തുടങ്ങുമ്പോൾ…. അമ്മയുടെ മരണം ഏൽപ്പിച്ച ആഘാതം മാത്രമായിരുന്നോ അതിനു പിന്നിൽ..? അറിയില്ല..!

ചിലർ , നമ്മെ വല്ലാതെ സ്വാധീനിക്കും… അപ്രതീക്ഷിതമായി സംഭവിക്കുന്ന അവരുടെ നഷ്‌ടങ്ങൾ മനസ്സിൽ എത്ര മാത്രം ആഴത്തിലാണ് മുറിവുകൾ , വൃണങ്ങൾ ആക്കി മാറ്റുന്നത് എന്നറിയില്ല… സഹനത്തിന്റെ വ്യാപ്തി എന്നത് ഓരോരുത്തർക്കും ഓരോ തരത്തിൽ അല്ലെ..? ശെരിക്കും , മനുഷ്യന്റെ ആയുസ്സിന്റെ പുസ്തകത്തിലെ നിർണ്ണായക ഘട്ടത്തിന്റെ തുടക്കം എപ്പോഴാണ് എന്ന് ഓർക്കാറുണ്ട്… സ്നേഹിക്കപ്പെടാൻ മാത്രം കൊതിച്ചു പരിഭവവും പിണക്കവുമായി നടക്കുന്ന കാലങ്ങൾ സുരക്ഷിതമാണ്.. സ്നേഹിക്കാൻ പഠിച്ചു തുടങ്ങുമ്പോൾ ആണ് പ്രശ്നങ്ങൾക്ക് തുടക്കം.. ബന്ധങ്ങൾ , സ്വന്തങ്ങള്‍ അതിൽ എവിടെയും താളം തെറ്റും… തിരിച്ചു കേറാൻ പറ്റാത്ത വാരികുഴിയിൽ വീഴും… സ്വയം അപഗ്രഥിച്ചു നോക്കി തുടങ്ങുമ്പോൾ , തീക്ഷ്ണതയാർന്ന വേദന കാർന്നു തിന്നും,.. നഷ്‌ടങ്ങൾ ഭയം സൃഷ്‌ടിക്കും… ഉത്കണ്ഠ നിസ്സഹായാവസ്ഥ .ഉടലെടുപ്പിക്കും … പിന്നെ, വ്യക്തിത്വത്തിന്റെ ഭരിക്കുന്ന വികാരങ്ങൾ അതിൽ നിന്നുണ്ടാകുന്നവ ആണ്.

ഒഴുക്കിനൊത്ത് നീന്താൻ പറ്റാതെ ആകുന്ന മനസ്സുകളുടെ ദയനീയത… അത് അവനവനെ തന്നെ നോക്കി കരഞ്ഞു തുടങ്ങും.. അതാകാം ഒരുപക്ഷെ , ഇനി മതി , ഇവിടെ നിർത്തിയേക്കാം എന്നൊരു തോന്നലിൽ എല്ലാം അവസാനിപ്പിക്കാൻ തോന്നുന്നത്…. അന്നൊക്കെ ഞാൻ ഓർക്കുമായിരുന്നു.. ജീവിതം മടുത്തിട്ടു ആണോ ആസ്വദിച്ചു മതിയായില്ല എന്ന സങ്കടവുമായി എരിഞ്ഞു കൊണ്ടാകുമോ ഓരോ ആളുകളും മരണത്തെ സ്വീകരിക്കുന്നത്..? പഠിച്ചു കൊണ്ടേ ഇരുന്നാലും തീരാത്ത ഒന്നല്ലേ ഓരോ മനസ്സും.. കഥയ്ക്ക് പിന്നിലെ കഥ , അതെന്തും ആകാം…

shortlink

Related Articles

Post Your Comments

Related Articles


Back to top button