Latest NewsAutomobilePhoto Story

യുവത്വത്തിന് ഹരം പകരാൻ ഹോണ്ടയുടെ സ്കൂട്ടർ കുടുംബത്തിൽ നിന്ന് ഒരംഗം കൂടി വിപണിയിൽ

ഇന്ത്യൻ സ്കൂട്ടർ വിപണിയിലെ ശക്‌തമായ ആധിപത്യം ഒരിക്കൽ കൂടി ഊട്ടി ഉറപ്പിക്കാൻ ഹോണ്ടയുടെ സ്കൂട്ടർ കുടുംബത്തിൽ നിന്ന് ഒരംഗം കൂടി വിപണിയിൽ. യുവത്വത്തിന് ഹരം പകരാൻ അര്‍ബന്‍ സ്‌കൂട്ടര്‍ എന്ന വിശേഷണത്തോട് കൂടി പുതിയ ഗ്രാസിയ 125 സിസി സ്കൂട്ടറാണ് കമ്പനി അവതരിപ്പിച്ചത്. കരുത്ത് അൽപം കൂടുതലാണെങ്കിലും ഡിയോയുടെ അനുജനായാണ് ഗ്രാസിയ ഇന്ത്യൻ വിപണിയിൽ എത്തുക. സുഖകരമായ യാത്ര നൽകുന്ന ഡിസൈനും ഉന്നത ഗുണനിലവാരവും ഗ്രാസിയ ഉറപ്പു വരുത്തുമെന്ന് കമ്പനി വാഗ്ദാനം ചെയുന്നു.

കഴിഞ്ഞ 16 വര്‍ഷമായി ഇന്ത്യയിൽ പ്രവര്‍ത്തിക്കുന്ന ഹോണ്ടയുടെ 2 കോടി സ്‌കൂട്ടറുകളാണ് വിറ്റഴിച്ചത്. ഇതിലൂടെ മികച്ച വളര്‍ച്ച കൈവരിക്കാൻ കമ്പനിക്കായെന്നും ഹോണ്ട മോട്ടോര്‍ സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് പ്രസിഡന്റും സിഇഒയുമായ മിനോരു കാറ്റോ പറഞ്ഞു. ആദ്യത്തെ വര്‍ഷം ആകെ 54,000 യൂണിറ്റുകളാണ് വിറ്റതെങ്കില്‍ ഇപ്പോള്‍ ഒരു വര്‍ഷം 3 ലക്ഷം യൂണിറ്റുകളാണ് ഹോണ്ട വില്‍ക്കുന്നത്. അതിനാൽ സ്‌കൂട്ടര്‍ വിപണിയില്‍ തന്നെ ആദ്യമായി  ഒട്ടേറെ പുതുമകളോടെയാണ് പ്രീമിയം സ്‌കൂട്ടര്‍ വിപണിയിലേക്ക് ഹോണ്ട ഗ്രാസിയയെ എത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു.

രൂപകൽപ്പന ; നൂതന ഡിസൈനോടുകൂടിയ ടെയില്‍ ലാമ്പും 3 ടോണുകളിലുള്ള മുന്‍ഭാഗവും ഗ്രാസിയയെ കൂടുതൽ സുന്ദരനാക്കുന്നു. കാഴ്ച്ചയിൽ ഡിയോയുമായി സാദൃശ്യം തോന്നുമെങ്കിലും തീർത്തും വ്യത്യസ്തനാണ് ഗ്രാസിയ. എല്‍ഇഡി ഹെഡ്‌ലാമ്പ് ഘടിപ്പിച്ച് വിപണിയിലെത്തുന്ന ആദ്യത്തെ സ്‌കൂട്ടർ എന്ന ഖ്യാതിയും ഗ്രാസിയക്ക് സ്വന്തം. സാധാരണ ലൈറ്റുകളേക്കാള്‍ മികച്ച പ്രകാശ വിന്ന്യാസവും വിശാലമായ ദൃശ്യങ്ങളുമായിരിക്കും സ്കൂട്ടർ നിങ്ങൾക്ക് സമ്മാനിക്കുക.

മൈലേജ് സംബന്ധിച്ച വിവരങ്ങള്‍ കൃത്യമായി മനസ്സിലാക്കാന്‍ സഹായിക്കുന്ന എകോ 3 സ്റ്റെപ്പ് എകോ സ്പീഡ് ഇന്‍ഡികേറ്റര്‍, ഒറ്റ സ്വിച്ചിലൂടെ നാല് ലോക്കുകള്‍ നിയന്ത്രിക്കാനുള്ള സംവിധാനം, മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനുള്ള യൂട്ടിലിറ്റി പോക്കറ്റ് , വണ്ടി ഓഫ് ചെയ്ത് കീ ഉപയോഗിക്കാതെ സീറ്റ് തുറക്കാനാകുന്ന ലോക്കർ എന്നിവ ഈ സ്കൂട്ടറിനെ മറ്റുള്ളവരിൽ നിന്നും ഏറെ ഏറെ വ്യത്യസ്തനാക്കുന്നു. ഡിജിറ്റല്‍ മീറ്റര്‍, എകോ സ്പീഡ് ഇന്‍ഡികേറ്റര്‍,ട്രിപ്പ് മീറ്റര്‍, ഓഡോ മീറ്റര്‍, ഫ്യുവല്‍ ഗേജ്, ക്ലോക്ക്,സൈഡ് പാനലില്‍ 3ഡി ലോഗോ തുടങ്ങിയവയാണ് മറ്റു പ്രധാന പ്രത്യേകതകൾ.

എൻജിൻആക്റ്റീവ 125 സിസിയിലെ അതെ എൻജിൻ തന്നെയായിരിക്കും ഗ്രാസിയക്കും കരുത്തു പകരുക. 124.9 സിസി ഫോര്‍ സ്‌ട്രോക്ക് എന്‍ജിന്‍ 6500 ആര്‍പിഎമ്മില്‍ 8.52 ബിഎച്ച്പി പവറും 5000 ആര്‍പിഎമ്മില്‍ 10.54 എന്‍എം ടോര്‍ക്കുമാണ് നൽകുന്നത്. 1812 എംഎം നീളവും 697 എംഎം വീതിയും 1146 എംഎം ഉയരവും 1260 എംഎം വീല്‍ബേസും ഗ്രൗണ്ട് ക്ലിയറന്‍സ് 155 എംഎംമുള്ള വാഹനത്തിന് 107 കിലോഗ്രാമാണ് ആകെ ഭാരം.

സുരക്ഷ ; ഇക്വലൈസര്‍ സാങ്കേതിക വിദ്യയിൽ പ്രവർത്തിക്കുന്ന ഏറ്റവും പുതിയ കോംബി ബ്രേക്ക് സംവിധാനമാണ് ഗ്രാസിയയിലുള്ളത്. മുന്നിലേയും പിന്നിലെയും വീലുകളില്‍ ആനുപാതികമായ ശക്തി നല്‍കി നിയന്ത്രിക്കുന്ന ഈ സംവിധാനം ഴയ ബ്രേക്കുകളെ അപേക്ഷിച്ച് വാഹനങ്ങളുടെ ബാലന്‍സ് നിലനിര്‍ത്താൻ ഏറെ സാഹായിക്കുന്നു.

വില ; മാറ്റ് മാര്‍വെല്‍ ബ്ലൂ മെറ്റാലിക്, നിയോ ഓറഞ്ച് മെറ്റാലിക്, പേള്‍ അമേസിങ് വൈറ്റ്, പേള്‍ നൈറ്റ് സ്റ്റാര്‍ ബ്ലാക്ക്, മാറ്റ് ആക്‌സിസ് ഗ്രേ മെറ്റാലിക്, പേള്‍ സ്പാര്‍ട്ടന്‍ റെഡ് എന്നീ നിറങ്ങളിൽ അണിഞ്ഞൊരുങ്ങി യുവതലമുറയെ ലക്ഷ്യമിട്ട് എത്തുന്ന ഗ്രാസിയ സ്റ്റാൻഡേർഡിന് 57,897 രൂപയാണ് ഡല്‍ഹി എക്‌സ്‌ഷോറൂം വില. സ്റ്റാന്റേര്‍ഡ്, അലോയി, ഡിഎൽഎക്സ് (Dlx) എന്നീ മൂന്നു വേരിയന്റുകളില്‍(വിലയിൽ വ്യത്യാസം ഉണ്ടാകും) സ്‌കൂട്ടര്‍ വിപണിയിൽ ലഭിക്കും. സുസുക്കി ആക്‌സസ് 125, വെസ്പ വിഎക്സ് (VX) 125 എന്നിവയാണ് നിറത്തിൽ ഗ്രാസിയയുടെ മുഖ്യ എതിരാളികൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button