Latest NewsNewsFootballSports

റഷ്യയില്‍ ഇറ്റലിയില്ലാത്ത ലോകകപ്പ് : കണ്ണീരടക്കാനാകാതെ ആരാധകര്‍

 

റോം: മുന്‍ ലോകചാമ്പ്യന്മാരായ ഇറ്റലി റഷ്യന്‍ ലോകകപ്പിനില്ല. ലോകകപ്പ് യോഗ്യതാ പ്ലേ ഓഫില്‍ സ്വീഡനോട് തോറ്റ് ഇറ്റലി പുറത്തായി. തോല്‍വിക്ക് പിന്നാലെ ഇറ്റാലിയന്‍ ക്യാപ്റ്റനും ഇതിഹാസ ഗോള്‍പ്പറുമായ ജിയാന്‍ലൂഗി ബഫണ്‍ അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിച്ചു.

മഞ്ഞക്കാര്‍ഡുകളുടെ അതിപ്രസരം കണ്ട മല്‍സരത്തില്‍ സ്വീഡനോട് ഗോളടിക്കാന്‍ മറന്നാണ് ഇറ്റലി കാല്‍പന്തുകളിയുടെ വിശ്വമാമാങ്കത്തില്‍ നിന്ന് പുറത്തായത്. ഒരു ഗോള്‍ കടവുമായി ഇറങ്ങിയ അസൂറികള്‍ക്ക് സ്വന്തം തട്ടകത്തില്‍ മറുപടി നല്‍കാനായില്ല. ഇതോടെ ഇരുപാദങ്ങളിലുമായി 1-0നു പിന്നിലായ ഇറ്റലി പുറത്തായി.

പരുക്കന്‍ അടവുകള്‍ ഏറെ കണ്ട മല്‍സരത്തില്‍ ഒന്‍പതു മഞ്ഞക്കാര്‍ഡുകളാണ് റഫറി പുറത്തെടുത്തത്. അവസരങ്ങള്‍ അനവധി തുലച്ചതും ഇറ്റലിക്ക് തിരിച്ചടിയായി. മല്‍സരത്തിന്റെ 76 ശതമാനം സമയവും പന്തു കൈവശം വച്ചു കളിച്ച ഇറ്റലിക്ക് ഒരിക്കല്‍പ്പോലും സ്വീഡിഷ് പ്രതിരോധം ഭേദിക്കാനായില്ല. പ്രതിരോധത്തിന് പേരുകേട്ട ഇറ്റാലിയന്‍ നിരയെ പിടിച്ചുകെട്ടി സ്വീഡന്‍ 2006ന് ശേഷം ആദ്യമായി ലോകകപ്പിന് ടിക്കറ്റ് ഉറപ്പിക്കുകയും ചെയ്തു.

ആറു പതിറ്റാണ്ടിനിടെ ഇത് ആദ്യമായാണ് ഇറ്റലി ലോകകപ്പിന് യോഗ്യത നേടാനാവാതെ പോകുന്നത്. നാലു തവണ ലോകകപ്പ് നേടിയ ചരിത്രമുള്ള ഇറ്റലിയില്ലാതെ ഇതു മൂന്നാം തവണ മാത്രമാണ് ഒരു ലോകകപ്പിന് അരങ്ങൊരുങ്ങുന്നത്. 1930ല്‍ യുറഗ്വായിലും 1958ല്‍ സ്വീഡനിലും മാത്രമാണ് ഇറ്റലി പങ്കെടുക്കാതെ ലോകകപ്പ് അരങ്ങേറിയിട്ടുള്ളത്.

അതിനുശേഷം നടന്ന 14 ലോകകപ്പുകളിലും കിരീടസാധ്യതയില്‍ മുന്നിലുള്ള ടീമായി ഇറ്റലിയുണ്ടായിരുന്നു. ഇറ്റലിയുടെ പുറത്താകലിനോളം ഫുട്‌ബോള്‍ ആരാധകരെ വേദനിപ്പിക്കുന്നത് ഇതിഹാസ ഗോള്‍കീപ്പര്‍ ജിയാന്‍ ലൂഗി ബഫണിന്റെ വിരമിക്കല്‍ തീരുമാനം കൂടിയാണ്. ബഫണ്‍ കൂടി പടിയിറങ്ങുന്നതോടെ അവസാനമാകുന്നത് ഇറ്റാലിയന്‍ ഫുട്‌ബോളിന്റെ ഒരുയുഗം കൂടിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button