KeralaLatest NewsNews

യുവനടിയെ ആക്രമിച്ച കേസില്‍ ഉണ്ടായത് യാദൃശ്ചികമായ വഴിത്തിരിവുകള്‍ : അവസാനം കഥയുടെ ക്ലൈമാക്‌സ് ഇങ്ങനെ

കൊച്ചി : ഒരു ആക്ഷന്‍ സിനിമയില്‍ സംഭവിക്കുന്ന കാര്യങ്ങളാണ് ഇവിടെ യഥാര്‍ത്ഥത്തില്‍ നടന്നത്. കേസില്‍ പ്രധാനപ്രതിയെ ഒരാഴ്ചയ്ക്കുള്ളില്‍ അറസ്റ്റ് ചെയ്‌തെങ്കിലും ഒട്ടേറെ വഴിത്തിരിവുകള്‍ ഈ കേസില്‍ ഉണ്ടായി. ഇതിനിടെ സിനിമാ മേഖലയെ ആശങ്കയിലാഴ്ത്തി മുന്‍നിര നടന്‍ പ്രതിയാവുകയും ചെയ്തു.

ഫെബ്രുവരി 17നു നടി ഉപദ്രവിക്കപ്പെട്ട കേസില്‍ ഒരു പ്രതി അന്നുതന്നെ പിടിയിലാവുകയും മുഖ്യപ്രതി സുനില്‍കുമാര്‍ ആറാം ദിവസം പിടിയിലാവുകയും ചെയ്തു. കുറ്റകൃത്യത്തില്‍ നേരിട്ട് ഉള്‍പ്പെട്ട ആറുപേരും ഒരാഴ്ചയ്ക്കകം അകത്താവുകയും ഏപ്രില്‍ 18നു പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

എന്നാല്‍ ഇവിടെ വഴിത്തിരിവായത് പള്‍സര്‍ സുനിലിന്റെ കത്തും ഫോണ്‍വിളിയുമായിരുന്നു. ക്വട്ടേഷന്‍ നല്‍കിയതു ദിലീപ് എന്നു സൂചിപ്പിക്കുന്ന തരത്തില്‍ പ്രതി സുനില്‍കുമാര്‍ സഹതടവുകാരനെക്കൊണ്ട് എഴുതിച്ച കത്ത് വാട്‌സാപ്പിലൂടെ ദിലീപിന്റെ പക്കലെത്തി. പിന്നീടു പൊലീസിനും ലഭിച്ചു. കേസിലേക്കു ദിലീപിനെ കൊണ്ടുവന്നത് ഈ കത്തായിരുന്നു. ദിലീപിന്റെ സഹായി അപ്പുണ്ണിയുടെ ഫോണിലേക്കു പണം ആവശ്യപ്പെട്ടുള്ള സുനില്‍കുമാറിന്റെ ഫോണ്‍വിളി ദിലീപിലേക്ക് എത്താന്‍ പൊലീസിനു വഴിതുറന്നു. കോടതിയിലേക്കുള്ള യാത്രയ്ക്കിടെ പൊലീസുകാരന്റെ ഫോണില്‍നിന്നു സുനില്‍കുമാര്‍ ദിലീപിന്റെ ഫോണിലേക്കു വിളിച്ചതും പൊലീസിനു സഹായകമായി.

തനിക്കു ബന്ധമില്ലാത്ത സംഭവത്തില്‍ സുനില്‍കുമാര്‍ പണം ആവശ്യപ്പെട്ടു ബ്ലാക്‌മെയില്‍ ചെയ്യുന്നതായി കാണിച്ച് ഏപ്രില്‍ 20നു ദിലീപ് ഡിജിപിക്കു പരാതി നല്‍കി. തെളിവായി വാട്‌സാപ്പില്‍ ലഭിച്ച കത്തും ഫോണ്‍ വിളിയുടെ ശബ്ദരേഖയും നല്‍കി. എന്നാല്‍, ദിലീപിന്റെ പരാതിയില്‍ വസ്തുതയില്ലെന്നു പൊലീസ് കണ്ടെത്തി. ദിലീപിനെയും സുനില്‍കുമാറിനെയും ബന്ധപ്പെടുത്തിയുള്ള അന്വേഷണത്തിനു പരാതി കാരണമായി മാറുകയും ചെയ്തു. സുനില്‍കുമാറിനു വേണ്ടി ഭീഷണിപ്പെടുത്തിയെന്നു പരാതിയില്‍ പറഞ്ഞ സഹതടവുകാരന്‍ വിഷ്ണുവിനെ പൊലീസ് പിടികൂടിയപ്പോള്‍ കൂടുതല്‍ വെളിപ്പെടുത്തലുകളുണ്ടായി.

ജൂണ്‍ 28ന് ആലുവ പൊലീസ് ക്ലബ്ബിലെ 13 മണിക്കൂര്‍ നീണ്ട ചോദ്യംചെയ്യലില്‍ ദിലീപ് നല്‍കിയ ഉത്തരങ്ങളിലെ പൊരുത്തക്കേടുകളാണ് പൊലീസിനു തലവേദനയായത്. നാദിര്‍ഷ ഉള്‍പ്പെടെ ദിലീപിന്റെ പല സുഹൃത്തുക്കളും ചോദ്യംചെയ്യലിനു വിധേയരായി. അങ്ങനെ ജൂലൈ 10നായിരുന്നു ആ നിര്‍ണായകമായ അറസ്റ്റ് നടന്നത്

shortlink

Related Articles

Post Your Comments

Related Articles


Back to top button