Latest NewsParayathe VayyaNerkazhchakalEditorialWriters' CornerEditor's Choice

കൊലയും ഹര്‍ത്താലും: കേരളം എങ്ങോട്ട്? ഭീകരാന്തരീക്ഷം സൃഷ്ടിച്ച് ജനജീവിതം ശാപമായി മാറുമ്പോള്‍

കണ്ണിന് കണ്ണ് ചോരയ്ക്ക് ചോര എന്ന ഗോത്ര നിയമം പോലെയാണ് രാഷ്ട്രീയ പാര്‍ട്ടികൾ തമ്മിൽ പരസ്പരം പോരടിച്ച് ജീവനെടുക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യങ്ങള്‍ക്കും രാഷ്ട്രീയ വൈരങ്ങള്‍ക്കും മറുപടി കൊലയായി മാറുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. മതേതരത്വം പാടുന്നവര്‍ രാത്രിയുടെ നിശബ്ദതയില്‍ തങ്ങളുടെ രാഷ്ട്രീയ പക പോക്കുന്നു. കത്തികുത്തും കൊലയും കൊണ്ട് ഒരു നാട് മുഴുവന്‍ വീണ്ടും ചോരക്കളമാകുന്നു. ഭരണ പ്രതിപക്ഷ പാര്‍ട്ടി ഭേദമന്യേ ഈ കളിയില്‍ പങ്കാളികള്‍ ഏറെയാണ്‌. ദിനം പ്രതി രാഷ്ട്രീയ വൈരത്തിനും വ്യക്തി വൈരത്തിനിമിടയില്‍ നിരവധി ജീവനുകള്‍ പൊലിയുകയാണ്. അത് കഴിഞ്ഞാല്‍ പിന്നെ രക്തസാക്ഷിത്വ മുറവിളികളും ഹര്‍ത്താല്‍ ആചാരവും. അതോടെ കേരള ജനതയുടെ വികാരം പൂര്‍ണ്ണമാകുന്നു. സിപിഎം-ബിജെപി സംഘർഷത്തിൽ ബിജെപി പ്രവര്‍ത്തകന്‍ കയ്പമംഗലം സ്വദേശി സതീശന്‍(51) മരിച്ചു. ഇതിനെ തുടർന്നു നാളെ ( തിങ്കളാഴ്ച) കയ്പമംഗലത്ത് ബിജെപി ഹർത്താലിനു ആഹ്വാനം ചെയ്തതിരിക്കുകയാണ്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറുവരെയായിരിക്കും ഹർത്താൽ. കയ്പമംഗലത്ത് കഴിഞ്ഞ ദിവസം വൈകിട്ട് ബിജെപി-സിപിഎം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ സംഘര്‍ഷത്തിലാണ് സതീശനു പരിക്കേറ്റത്. ഈ രാഷ്ട്രീയ കലാപം ഇപ്പോള്‍ നിത്യ സംഭവമായി മാറിക്കഴിഞ്ഞു.

രാഷ്ട്രീയ കൊലകള്‍ പരിശോധിച്ചാല്‍ കണ്ണൂരിന് മാത്രമായി ഒരു ചരിത്രമുള്ളത് കാണാം. 1969 ഏപ്രില്‍ ബിജെപിയുടെ പഴയ രൂപമായിരുന്ന ജനസംഘം പ്രവര്‍ത്തകൻ വാടിക്കൽ രാമകൃഷ്ണന്‍ ആണ് ജില്ലയില്‍ ആദ്യമായി രാഷ്ട്രീയപക പോക്കലിന് ഇരയാകുന്നത്. റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആദ്യത്തെ രാഷ്ട്രീയ കൊലപാതകമാണിത്. ഇതുവരെയുളള ചരിത്രം പരിശോധിച്ചാല്‍ പാര്‍ട്ടി നേതാക്കളെക്കാള്‍ സാധാരണക്കാരായ പ്രവര്‍ത്തകരാണ് രാഷ്ട്രീയ കൊലപാതകങ്ങള്‍ക്കിര കളാവുന്നതെന്നു കണക്കുകൾ സൂചിപ്പിക്കുന്നു. 1980 മുതല്‍ 2015 വരെയുള്ള 35 വര്‍ഷ കാലയളവിനുള്ളില്‍ സിപിഐഎം – ബിജെപി കോണ്‍ഗ്രസ് രാഷ്ട്രീയ വൈര്യത്തിൽ ജീവന്‍ പൊലിഞ്ഞത് ഏതാണ്ട് 180 ഓളം ആളുകള്‍ക്കാണ്. 1971ല്‍ തലശ്ശേരിലിയിലുണ്ടായ കലാപത്തിന് പിന്നാലെ രാഷ്ട്രീയ വൈരാഗ്യം കലുഷിതമായത് സിപിഐഎമ്മും ബിജെപിയും തമ്മിലാണ്. പിന്നീട് ഇടക്കാലത്ത് ബിജെപി മാറി പോരാട്ടങ്ങള്‍ കോണ്‍ഗ്രസും സിപിഐഎമ്മും തമ്മിലായി. ജില്ലയില്‍ മേധാവിത്വം തെളിയിക്കുന്നതിനായി പാര്‍ട്ടികള്‍ ബോംബുകളും വടിവാളും കത്തിയുമൊക്കെ ഉപയോഗിച്ച് തുടങ്ങിയപ്പോള്‍ കേരളത്തിലെ 14 ജില്ലകളില്‍, രാഷ്ട്രീയ അസമാധാനം നിലനില്‍ക്കുന്ന ജില്ലയായി കണ്ണൂര്‍ മാറി. 2008ല്‍ മാത്രം കണ്ണൂരില്‍ രാഷ്ട്രീയ കൊലപാതകത്തിന് ഇരയായത് 14 പേരാണ്. ടി.പി. ചന്ദ്രശേഖരന്റെ കൊലപാതകത്തിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ നടന്ന ഏറ്റവും വിവാദ കൊലപാതകം മനോജ് വധമായിരുന്നു. കതിരൂര്‍ മനോജ് വധം അല്ലെങ്കില്‍ പയ്യോളി മനോജ് വധം എന്നാണ് ഈ സംഭവം അറിയപ്പെടുന്നത്. ഇപ്പോഴത്തെ സിപിഐഎം ജില്ലാ സെക്രട്ടറിയായ പി. ജയരാജനെ കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയായിരുന്നു മനോജ്.

പിണറായി സഖാവിന്റെ നേതൃത്വത്തില്‍ കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തില്‍ കയറിയിട്ട് ഒരു വര്ഷം മാത്രം പിന്നിടുമ്പോള്‍ പത്തിലധികം രാഷ്ട്രീയ കൊലകള്‍ നടന്നുകഴിഞ്ഞു. മെയ് മാസത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനം വന്ന ദിവസം വൈകുന്നേരമാണ് സി.പി.എം പ്രവര്‍ത്തകന്‍ രവീന്ദ്രന്‍ പിണറായിയില്‍ ബോംബേറില്‍ കൊല്ലപ്പെട്ടത്. പിന്നീട് ഒരുമാസത്തെ ഇടവേളക്ക് ശേഷം ജൂലൈ മാസത്തില്‍, ജില്ലയില്‍ ഏറെക്കാലമായി ഇരുപക്ഷവും നിര്‍ത്തിവെച്ചിരുന്ന, ഏറ്റവും കിരാതമായ ‘വീട്ടില്‍ക്കയറി കൊലപ്പെടുത്തല്‍ രീതിയിലൂടെ’ പയ്യന്നൂരിലെ സി.പി.എം പ്രവര്‍ത്തകന്‍ ധനരാജ് വധിക്കപ്പെട്ടു. ബി.എം.എസ് പ്രവര്‍ത്തകന്‍ രാമചന്ദ്രനെ കുടുംബത്തിന് മുന്നിലിട്ട് കൊലപ്പെടുത്തി അതേരീതിയില്‍ അതേ രാത്രിയില്‍ സി.പി.എം തിരിച്ചടിച്ചു. രാഷ്‌ട്രീയ കൊലപാതകങ്ങള്‍ അന്യമായിരുന്ന പയ്യന്നൂരില്‍ സമാധാന ശ്രമങ്ങള്‍ പ്രതീക്ഷിച്ചവര്‍ പക്ഷെ കേട്ടത് നേതാക്കളുടെ കൊലവിളിയായിരുന്നു

സി.പി.എമ്മുകാരെ ആക്രമിക്കാന്‍ വരുന്നവര്‍ വെറും കൈയോടെ മടങ്ങില്ലെന്നു പാടത്ത് ജോലി ചെയ്താല്‍ വരുമ്പത്ത് കൂലി കൊടുക്കുമെന്നുമായിരുന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞത്. എന്നാല്‍ മുതലാളിയുടെ അടുത്ത് വരമ്പത്ത് പോയി കൂലി വാങ്ങാനല്ല, പാടത്ത് പൊന്നു വിളയിക്കാനാണ് തങ്ങള്‍ പണിയെടുക്കുന്നതെന്നായിരുന്നു ബി.ജെ.പി നേതാവ് എം.ടി രമേശ് മറ്റൊരു പൊതു ചടങ്ങില്‍ വെച്ച് ആഹ്വാനം ചെയ്തത്. സെപ്തംബര്‍ മൂന്നിന് തില്ലങ്കേരിയില്‍ സി.പി.എം പ്രവര്‍ത്തകന് ബോബേറില്‍ മാരകമായി പരിക്കേറ്റു. അന്നു രാത്രിയില്‍ തന്നെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ ബിനീഷ് സമാനമായ രീതിയില്‍ കൊല്ലപ്പെട്ടു. സി.പി.എം വാളാങ്കിച്ചാല്‍ ബ്രാഞ്ച് സെക്രട്ടറി മോഹനനെ ആറംഗ സംഘം ജോലി ചെയ്യുന്ന കള്ളുഷാപ്പില്‍ കയറി പട്ടാപ്പകല്‍ വെട്ടിക്കൊന്നു. ഒരു ദിവസത്തെ ശാന്തതയില്‍ അതേരീതിയില്‍ തന്നെയായിരുന്നു തിരിച്ചടിയും. മുന്‍കരുതല്‍ നടപടിയായ നിരോധനാജ്ഞക്കിടയിലും സഹോദരിക്ക് മരുന്ന് വാങ്ങാന്‍ പുറത്തിറങ്ങിയ ബി.ജെ.പി പ്രവര്‍ത്തകന്‍ രമിത്തിനെ രാവിലെ പത്തരയ്‌ക്കു വെട്ടിക്കൊന്നു. 2002ല്‍ ഇതേരീതിയില്‍ കൊല്ലപ്പെട്ടയാളാണ് രമിത്തിന്റെ പിതാവ് ഉത്തമന്‍. മാസങ്ങളുടെ പോലും ഇടവേള നല്‍കാതെ കൊലപാതകങ്ങള്‍ വീണ്ടും ആവര്‍ത്തിക്കുകയാണ്.

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം എട്ടു ബി ജെപി ആര്‍- എസ് എസ് പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്‌. ധർമടം പൊലീസ് റജിസ്റ്റർ ചെയ്ത രംജിത്, സന്തോഷ്കുമാർ കൊലക്കേസുകൾ, പയ്യന്നൂർ സ്റ്റേഷനിലെ സി.കെ. രാമചന്ദ്രൻ, ബിജു കൊലക്കേസുകൾ, പാലക്കാട് കസബ പൊലീസ് റജിസ്റ്റർ ചെയ്ത വിമല, രാധാകൃഷ്ണൻ ഇരട്ടക്കൊല,കൊല്ലം കടയ്ക്കൽ സ്റ്റേഷനിലെ രവീന്ദ്രൻപിള്ള കൊലക്കേസ്, തിരുവനന്തപുരം ശ്രീകാര്യം പൊലീസ് റജിസ്റ്റർ ചെയ്ത രാജേഷ് വധക്കേസ് തുടങ്ങി തൃശ്ശൂര്‍ സ്വദേശി ആനന്ദും കയ്പമംഗലം സ്വദേശി സതീശനുമെല്ലാം ഈ ആരും കൊലയുടെ ഇരകളാണ്. ആദ്യകാലങ്ങളില്‍ കണ്ണൂരില്‍ മാത്രമായി ഒതുങ്ങിയിരുന്ന രാഷ്ട്രീയ കൊലകള്‍ ഇപ്പോള്‍ സംസ്ഥാനമാകെ വ്യാപിച്ചു. സിപി എം അധികാരത്തില്‍ വരുന്നതോടെ അതിനൊരു മാറ്റം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചു. കാരണം ഭരണ പക്ഷത്തു ഇരിക്കുമ്പോള്‍ എങ്കിലും തങ്ങളുടെ പാര്‍ട്ടിയുടെ മുഖം രക്ഷിക്കാന്‍ നേര്‍വഴിക്ക് നടക്കുമെന്ന് തോന്നി. എന്നാല്‍ അധികാരം ഇതിനൊരു ആയുധമാണെന്ന തലത്തിലായി കമ്യൂണിസ്റ്റ് നേതൃത്വത്തിലെ ഭരണം. ഭരണ പക്ഷത്തെ പൊലീസ് ഫലപ്രദമായ നടപടിയെടുക്കുന്നില്ലെന്നും വ്യക്തി രാഷ്ട്രീയ വൈരാഗ്യങ്ങള്‍ തീര്‍ക്കാന്‍ അധികാരം ഉപയോഗിക്കുകയാണെന്നുമുള്ള വിമര്‍ശനം ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button