Latest NewsKeralaNews

യുവാക്കളെ ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കാന്‍ എന്‍. സി. സി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിക്കണം: മുഖ്യമന്ത്രി

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും ലഹരി ഉപയോഗത്തില്‍ നിന്ന് മോചിപ്പിക്കുന്നതിന് എന്‍. സി. സി കൂടുതല്‍ പദ്ധതികളും പരിശീലന പരിപാടികളും ആവിഷ്‌കരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. തിരുവനന്തപുരം സെന്‍ട്രല്‍ സ്‌റ്റേഡിയത്തില്‍ നടന്ന എന്‍. സി. സി വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു.

ആധുനിക കാലത്തെ വിപത്തുകള്‍ നേരിടാന്‍ എന്‍. സി. സി പരിശീലനം ഉപകരിക്കും. രാജ്യത്ത് വളര്‍ന്നുവരുന്ന വര്‍ഗീയതയിലും അസഹിഷ്ണുതയിലും രാജ്യത്തെ ഉത്പതിഷ്ണുക്കള്‍ ഉത്കണ്ഠപ്പെടുന്നുണ്ട്. ഇത്തരം വിപത്തുകളില്‍ യുവാക്കള്‍ പെട്ടുപോകാതെ സാഹോദര്യവും മാനവീയതയും വളര്‍ത്തിയെടുക്കാന്‍ എന്‍. സി. സിയ്ക്ക് സാധിക്കും. മയക്കുമരുന്നിനും ലഹരിക്കുമെതിരെ എന്‍. സി. സി നിലവില്‍ നടത്തുന്ന സാമൂഹ്യ ഇടപെടലുകള്‍ മാതൃകാപരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരള എന്‍. സി. സിയില്‍ വിദ്യാര്‍ത്ഥിനികളുടെ 42 ശതമാനം പങ്കാളിത്തത്തെ അദ്ദേഹം അഭിനന്ദിച്ചു. ഇതിന് ആനുപാതികമായി വനിത ഓഫീസര്‍മാരുടെ എണ്ണവും വര്‍ദ്ധിക്കും. വയനാട് ജില്ലയിലെ മാനന്തവാടിയില്‍ 2018 ഏപ്രിലില്‍ ആരംഭിക്കുന്ന എന്‍. സി. സിയുടെ പുതിയ ബറ്റാലിയന്റെ പ്രവര്‍ത്തനം ആദിവാസി മേഖലയിലെ കുട്ടികളെ മുഖ്യധാരയില്‍ എത്തിക്കാന്‍ സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
ചടങ്ങ് ഉദ്ഘാടനം ചെയ്യാനെത്തിയ മുഖ്യമന്ത്രിക്ക് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. കേഡറ്റുകള്‍ അവതരിപ്പിച്ച സാംസ്‌കാരിക പരിപാടികളും നടന്നു.

തൃശൂര്‍ മണ്ണുത്തി വെറ്ററിനറി കോളേജ് സ്‌ക്വാഡ്രണിലെ കമാന്‍ഡിംഗ് ഓഫീസര്‍ ലെഫ്. കേണല്‍ ദീനദയാലിന്റെ നേതൃത്വത്തില്‍ സീനിയര്‍ എന്‍. സി. സി കേഡറ്റുകളുടെ അശ്വാഭ്യാസം നടന്നു. കേരള എയര്‍വിംഗ് എന്‍. സി. സിയുടെ വിംഗ് കമാന്‍ഡര്‍ എസ്. കെ. മേനോന്റെ നേതൃത്വത്തില്‍ മൈേ്രകാലൈറ്റ് വിമാനം പുഷ്പവൃഷ്ടി നടത്തി.  അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ അനൂപ് കുമാര്‍ വി. അദ്ധ്യക്ഷത വഹിച്ചു. ബ്രിഗേഡിയര്‍ ബി. ജി. ജഗദീഷ്, ബ്രിഗേഡിയര്‍ വി. പി. ഹെയ്ക്ക്‌വാദ്, കമാന്‍ഡിംഗ് ഓഫീസര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button