KeralaLatest NewsNews

പി.വി അന്‍വര്‍ എം.എല്‍.എയ്ക്ക് കേന്ദ്രത്തില്‍ നിന്ന് തിരിച്ചടി : അന്‍വറിന്റെ മൂന്ന് കമ്പനികള്‍ കരിമ്പട്ടികയില്‍

 

തിരുവനന്തപുരം: നിലമ്പൂരിലെ ഇടത് എംഎല്‍എ പി.വി. അന്‍വറിന് കേന്ദ്രത്തില്‍ നിന്ന് വന്‍ തിരിച്ചടി. അന്‍വറിന്റെ നാലു കമ്പനികളില്‍ മൂന്നെണ്ണത്തെയും കേന്ദ്രം കരിമ്പട്ടികയില്‍പ്പെടുത്തി. അന്‍വര്‍ ഡയറക്ടറായ ഗ്രീന്‍സ് ഇന്ത്യാ ഇന്‍ഫാസ്ട്രക്ച്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, പിവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ ലിമിറ്റഡ്, പിവിആര്‍ ഡെവലപ്പേഴ്‌സ് (മഞ്ചേരി) പ്രൈവറ്റ് ലിമിറ്റഡ് എന്നിവയെയാണ് നിയമവിരുദ്ധ പ്രവര്‍ത്തനത്തിന് കരിമ്പട്ടികയില്‍പ്പെടുത്തിയത്.

ഇതോടെ അന്‍വര്‍ ക്രിമിനല്‍ നിയമ നടപടികള്‍ നേരിടേണ്ടിവരും. മാത്രമല്ല തെരഞ്ഞെടുപ്പില്‍ വ്യാജ സത്യവാങ്മൂലം നല്‍കിയതിന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയും അഭിമുഖീകരിക്കണം. എംഎല്‍എ സ്ഥാനവും ചോദ്യം ചെയ്യപ്പെടാം. നികുതി വെട്ടിക്കാന്‍ തിരിമറി നടത്തുക, യഥാസമയം കണക്ക് നല്‍കാതിരിക്കുക, നിയമവിരുദ്ധ പ്രവര്‍ത്തനം നടത്തുക, ഉദ്ദേശ്യ ലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിക്കുക തുടങ്ങിയവ കണ്ടെത്തിയാലാണ് കമ്പനികളെ കരിമ്പട്ടികയില്‍പ്പെടുത്തുന്നതും ഡയറക്ടര്‍മാരെ അയോഗ്യരാക്കുന്നതും.

കോയമ്പത്തൂര്‍ ആസ്ഥാനമായ കേന്ദ്ര കമ്പനികാര്യ രജിസ്ട്രാറാണ് 164(2) (എ) നിയമപ്രകാരം 2014 മുതല്‍ അന്‍വറിന്റെ കമ്പനികള്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചത്. കമ്പനികാര്യ നിയമപ്രകാരം അന്‍വര്‍ ക്രിമിനല്‍ നിയമനടപടികള്‍ നേരിടുന്നുണ്ട്. നാല് കമ്പനികളുടെ ഉടമസ്ഥനെങ്കിലും തെരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രികയോടൊപ്പം നല്‍കിയ സത്യവാങ്മൂലത്തില്‍ അന്‍വര്‍ ഒരു കമ്പനിയുടെ വിവരങ്ങള്‍ മാത്രമാണ് വെളിപ്പെടുത്തിയിരുന്നത്. മൂന്നെണ്ണം മറച്ചുവച്ചു.

സത്യവാങ്മൂലത്തില്‍ പറഞ്ഞിരിക്കുന്ന പീവീസ് റിയല്‍റ്റേഴ്‌സ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് 2004ല്‍ അന്‍വര്‍ കോയമ്പത്തൂര്‍ ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത സ്ഥാപനമാണ്. 2005ലും 2010ലും അന്‍വറിന്റെ സഹോദരന്‍ അജ്മല്‍ ഉള്‍പ്പെടെ ഏഴു പാര്‍ട്ണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി കമ്പനി വിപുലീകരിച്ചു. സത്യവാങ്മൂലത്തില്‍ സ്ഥാവര ജംഗമ വസ്തുക്കള്‍ ഏതെങ്കിലും നിയമനടപടികളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നായിരുന്നു അന്‍വറിന്റെ മറുപടി. എന്നാല്‍, ഇത് തെറ്റായിരുന്നു.

തെരഞ്ഞെടുപ്പ് നടക്കുമ്പോള്‍ അന്‍വര്‍, കരിമ്പട്ടികയില്‍ ഉള്‍പ്പെട്ട കമ്പനി പാര്‍ട്ണര്‍മാരോടൊപ്പം നിയമ നടപടികള്‍ നേരിടുന്നുണ്ടായിരുന്നു. ഇതും പെരുമാറ്റ ചട്ട ലംഘനമാണ്. മറ്റ് രണ്ട് കമ്പനികളും എറണാകുളം ആസ്ഥാനമായി സഹ പാര്‍ട്ട്ണര്‍മാരെക്കൂടി ഉള്‍പ്പെടുത്തി രജിസ്റ്റര്‍ ചെയ്തവയാണ്. 2013ല്‍ രജിസ്റ്റര്‍ ചെയ്ത പിവിആര്‍ ഡെവലപ്പേഴ്‌സ് (മഞ്ചേരി) പ്രൈവറ്റ് ലിമിറ്റഡില്‍ അന്‍വറിനെ കൂടാതെ പുത്തന്‍വീട്ടില്‍ അഫ്ത്താബ് ഷൗക്കത്ത് എന്നയാളെയും ഉള്‍പ്പെടുത്തിയിട്ടുണ്ട്.

കേന്ദ്ര നിയമം അനുസരിച്ച് അയോഗ്യനാക്കപ്പെട്ട ഡയറക്ടര്‍ക്ക് അഞ്ചു വര്‍ഷത്തേക്ക് മറ്റൊരു കമ്പനിയുടെയും ഉടമസ്ഥത വഹിക്കാനാകില്ല. അതിനാല്‍ വിവാദമായ പിവിആര്‍ എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ഡയറക്ടര്‍ സ്ഥാനത്തും അന്‍വര്‍ തുടരാന്‍ പാടില്ല.

വിടാത്ത വിവാദം

അന്‍വറിന്റെ വാട്ടര്‍ തീംപാര്‍ക്ക് വലിയ വിവാദമായിരുന്നു, പരിസ്ഥിതി അനുമതി അടക്കമില്ലാതെ വനഭൂമി കൈയേറിയാണ് പാര്‍ക്ക് നിര്‍മ്മിച്ചിരുന്നത്. തോമസ്ചാണ്ടിയുടേയും ജോയിസ് ജോര്‍ജ്ജിന്റെയും കൈയേറ്റങ്ങള്‍ക്കൊപ്പം പാര്‍ട്ടിക്ക് വലിയ തലവേദനയുണ്ടാക്കിയ ഒന്നാണിത്.
അതിനു പിന്നാലെയാണ് അന്‍വറിന്റെ അടുത്ത നിയമലംഘനങ്ങള്‍ പുറത്തായത്.

 

 

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button