KeralaLatest NewsNews

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ്:  ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം വരുന്നു

സംസ്ഥാനത്തെ ദേവസ്വം ബോര്‍ഡുകളിലെ നിയമനത്തിനു പുതിയ സംവിധാനം. ഇനി ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റം മുഖേനയായിരിക്കും നിയമനങ്ങൾ നടക്കുക.  ഓണ്‍ലൈന്‍ റിക്രൂട്ട്‌മെന്റ് മാനേജ്‌മെന്റ് സിസ്റ്റമായ ദേവജാലികയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും.
ദേവസ്വം റിക്രൂട്ട്‌മെന്റ് ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. എം. രാജഗോപാലന്‍ നായരാണ് ഇക്കാര്യം അറിയിച്ചത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിലെ അസിസ്റ്റന്റ് എഞ്ചിനീയര്‍, ഓവര്‍സീയര്‍ തസ്തികകളുടെ വിജ്ഞാപനം മുഖ്യമന്ത്രി ഓണ്‍ലൈനിലൂടെ പ്രസിദ്ധപ്പെടുത്തും. ഡിസംബര്‍ ആറിന് ഉച്ചകഴിഞ്ഞ് 3.30ന് തൈക്കാട് ഗവ: ഗസ്റ്റ് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. ഓണ്‍ലൈന്‍ സംവിധാനമുപയോഗിച്ച് രജിസ്‌ട്രേഷന്‍ മുതല്‍ അഭിമുഖം വരെയുള്ള നടപടിക്രമങ്ങള്‍ നടപ്പിലാക്കാനാകും.

ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷയും അഭിമുഖവും സംബന്ധിച്ച വിവരങ്ങള്‍ എസ്എംഎസ് ആയി നല്‍കാനും കഴിയും.  ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനുമുന്‍പ് കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോര്‍ഡിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ www.kdrb.kerala.gov.in എന്ന വെബ്‌സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തണം. ഫോട്ടോയും ഒപ്പും അപ്‌ലോഡ് ചെയ്ത്, ബന്ധപ്പെട്ട വിവരങ്ങള്‍ രേഖപ്പെടുത്തി രജിസ്റ്റര്‍ ചെയ്യുന്ന ഉദ്യോഗാര്‍ത്ഥിക്ക് യൂസര്‍ ഐഡിയും പാസ് വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്തശേഷം അപേക്ഷ സമര്‍പ്പിക്കാം.

ഓണ്‍ലൈനായി ഫീസടയ്ക്കാനുള്ള പേയ്‌മെന്റ് ഗേറ്റ് വേ സംവിധാനവുമുണ്ട്. അപേക്ഷകളുടെ സൂക്ഷ്മ പരിശോധന, രജിസ്‌ട്രേഷന്‍ നമ്പര്‍ അനുവദിക്കല്‍, പരീക്ഷാ സെന്റര്‍ നിശ്ചയിക്കല്‍, അഡ്മിഷന്‍ ടിക്കറ്റ്, റാങ്ക് പട്ടിക തുടങ്ങിയവ തയ്യാറാക്കല്‍ എന്നിവ വെബ്‌പോര്‍ട്ടല്‍ വഴി നിര്‍വഹിക്കും.

ദേവസ്വം ബോര്‍ഡുകളില്‍ നിലവിലുള്ള ആയിരത്തിലേറെ ഒഴിവുകളില്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നിയമനം നടത്തും.    കൊച്ചി ദേവസ്വം ബോര്‍ഡില്‍ ശാന്തി, ക്ഷേത്രം ജീവനക്കാരുടെ 300ഓളം ഒഴിവുകളും മലബാര്‍ ദേവസ്വം ബോര്‍ഡില്‍ എക്‌സിക്യൂട്ടിവ് ഓഫീസര്‍മാരുടെ 40 ഒഴിവുകളുമുണ്ട്.

ഗുരുവായൂര്‍ ദേവസ്വം ബോര്‍ഡില്‍ ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കൊച്ചി ദേവസ്വം ബോര്‍ഡില്‍ 70 ക്ലര്‍ക്ക്, തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍ 20 ക്ലര്‍ക്ക്, 200 പ്യൂണ്‍, സെക്യൂരിറ്റി ഒഴിവുകളും നൂറിലധികം കഴകം, ക്ഷേത്ര ജീവനക്കാരുടെ ഒഴിവുകളുമുണ്ട്. കൂടല്‍മാണിക്യം ദേവസ്വത്തിലും ഏതാനും ഒഴിവുകളുണ്ട്. ഈ ഒഴിവുകള്‍ സംവരണ ചട്ടങ്ങള്‍ പാലിച്ച് നികത്താന്‍ നടപടി സ്വീകരിക്കുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button