NewsPrathikarana Vedhi

അയോദ്ധ്യ പ്രശ്നം ഒരു കീറാമുട്ടിയായി അവശേഷിക്കുമ്പോള്‍: എല്ലാം തുടങ്ങിവച്ചതാരെന്നും എന്തിനുവേണ്ടിയെന്നും ഗുണഭോക്താവാരെന്നും വെളിപ്പെടുത്തുന്ന മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ കെ.വി.എസ് ഹരിദാസിന്റെ ലേഖനം

1992 ഡിസംബർ ആറ് ; ഇന്ത്യയുടെ ചരിത്രത്തിലെ ഒരു നാഴികക്കല്ലായി അത് മാറിയെന്നത് പലരും അറിഞ്ഞില്ല. അന്ന് സരയൂ നദീതീരത്തെ തർക്കമന്ദിരം തകർന്നത് അല്ലെങ്കിൽ തകർത്തത് ശരിയോ അല്ലയോ എന്നതല്ല ഇന്നിവിടെ വിശകലനം ചെയ്യുന്നത്. ശരിയാണ്, ആ തർക്ക മന്ദിരം തകർന്നു. അതിനെ മുസ്ലിം പള്ളിയെന്നും അല്ല രാമക്ഷേത്രമെന്നും വിളിച്ചിരുന്നു എന്നത് മറക്കരുത്. ശ്രീരാമക്ഷേത്രം തകർത്തിട്ടാണ് വിദേശ അക്രമിയായ ബാബർ അവിടെ ഒരു പള്ളി നിർമ്മിച്ചത് എന്നതും ചരിത്രത്തിന്റെ ഭാഗം. ആർക്കിയോളജിക്കൽ സർവേക്കാർ അത് സ്ഥിരീകരിച്ചിട്ടുമുണ്ടല്ലോ. 1949 മുതൽ അവിടെ രാമലാലയുടെ ഒരു മനോഹര വിഗ്രഹമുണ്ടായിരുന്നു. അതിന് ദേവവിധി പ്രകാരമുള്ള പൂജകളും പിൽക്കാലത്ത് തുടങ്ങിയിരുന്നു. നിത്യ പൂജയും ശ്രീരാമ വിഗ്രഹവുമുള്ള ഒരു കെട്ടിടം എങ്ങിനെയാണ് ഇസ്ലാമിക സമ്പ്രദായമനുസരിച്ച് പള്ളിയാവുക തുടങ്ങിയ വിഷയങ്ങളും നിലനിന്നിരുന്നു. അതിനെല്ലാമിടയിലാണ് 1992 ഡിസംബർ ആറിലെ സംഭവങ്ങളുണ്ടായത്. അതൊക്കെ ഇന്ന് കോടതിയുടെ മുന്നിലാണ്. ശരിയും തെറ്റുമൊക്കെ കോടതി നിർണ്ണയിക്കട്ടെ. എന്റെ മുന്നിലുള്ള വിഷയം അതൊന്നുമല്ല, മറിച്ച്‌ 1992 ഡിസംബർ ആറിന് ശേഷമുള്ള ഇന്ത്യൻ രാഷ്ട്രീയത്തിലെ ഹിന്ദുത്വ ശക്തികളുടെ കരുത്താർജിക്കലാണ്‌ . ആ ദിനം ഇന്ത്യൻ രാഷ്ട്രീയത്തിൽ ഒരു മാറ്റത്തിന്റെ തുടക്കമാണ്. ഇന്ത്യൻ രാഷ്ട്രീയം തന്നെ മാറ്റിയെഴുതിയ സംഭവമായി അത് മാറിയിരുന്നു എന്നർത്ഥം. ഇന്ത്യയിലെ യുവതലമുറ ഈ ചരിത്രം വേണ്ടവിധം മനസ്സിലാക്കിയിട്ടുണ്ടോ എന്നതറിയില്ല. പലപ്പോഴും ഹിന്ദുത്വ വിരുദ്ധ ചേരിയുടെ നിലപാടുകളാണല്ലോ ചരിത്രമായി ഇവിടെ ചിത്രീകരിക്കപ്പെടുന്നത്.

യഥാർത്ഥത്തിൽ അയോധ്യയിൽ രാമ ക്ഷേത്ര പുനർ നിർമ്മാണത്തിന് ആദ്യമായി സുപ്രധാന നീക്കം നടത്തിയത് കോൺഗ്രസാണ് എന്നത് മറന്നുകൂടാ. 1989 -ലാണത്. അന്ന് രാജീവ് ഗാന്ധി സർക്കാരാണ് ശിലാന്യാസിന് അനുമതി നൽകിയത്. അതുമാത്രമല്ല രാജീവ് ഗാന്ധി ചെയ്തത് ; 1989 -ലെ പൊതുതിരഞ്ഞെടുപ്പ് പ്രചാരണം കോൺഗ്രസ് ആരംഭിച്ചതും അയോധ്യയിൽനിന്നാണ്. രാമജന്മഭുമിയിൽ നിന്നും ഒരു സുപ്രധാന രാഷ്ട്രീയ പോരാട്ടത്തിന്റെ തുടക്കം പോലും കോൺഗ്രസ് ആഗ്രഹിച്ചിരുന്നു എന്നല്ലേ അത് കാണിക്കുന്നത് . കാരണങ്ങൾ പലതുണ്ടാവാം. ഒരു പക്ഷെ, ഷാബാനോ കേസിലെ വിധി മറികടക്കാനും മുസ്ലിം ജനതയെ വിശ്വാസത്തിലെടുക്കാനുമായി ചെയ്തതെല്ലാം കോൺഗ്രസിന്റെ പ്രതിച്ഛായയെ ബാധിച്ചു എന്ന ചിന്തയുണ്ടാക്കിയിരിക്കാം. ഇസ്ലാമിക ഫോബിയുടെ വക്താക്കളായി അന്ന് കോൺഗ്രസ് ചിത്രീകരിക്കപ്പെട്ടിരിക്കാം. കോൺഗ്രസിന്റെ ഹിന്ദു വോട്ട് ബാങ്കിൽ ചോർച്ചയുണ്ടാക്കാൻ അത് വഴിവെക്കുന്നു എന്ന് രാജീവ് ഗാന്ധിയും കോൺഗ്രസ് പാർട്ടിയും കരുതിയിരിക്കാം. അതിനെയൊക്കെ മറികടക്കാനാണ് എങ്കിലും രാമജന്മഭുമിയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം അനുവദിക്കുക മാത്രമല്ല അവിടെനിന്നും തിരഞ്ഞെടുപ്പ് പ്രചാരണപ്രവർത്തനങ്ങൾ തുടങ്ങാനും കോൺഗ്രസ് തയ്യാറാവുമ്പോൾ ….. അത് ഹിന്ദു സമൂഹത്തിന് നൽകിയ ആത്മവിശ്വാസമെത്രയാണ് . ലിബർഹാൻ കമ്മീഷൻ മുൻപാകെ മൊഴിനൽകവെ മുതിർന്ന ബിജെപി നേതാവ് എൽകെ അഡ്വാനി ചോദിച്ചത് ഇവിടെ ഓർക്കേണ്ടതുണ്ട് : ” ക്ഷേത്ര പുനർനിർമ്മാണം എന്ന വിഷയത്തിൽ സർക്കാർ തലത്തിൽത്തന്നെ ചില നീക്കങ്ങൾ ഉണ്ടാവുമ്പോൾ മറ്റുള്ളവർ രംഗത്തുവരുന്നതിൽ എന്താണ് തെറ്റ് ” എന്നതായിരുന്നു അദ്വാനിയുടെ നിലപാട്. 1989 ന് ശേഷമാണ്‌ യഥാർഥത്തിൽ അയോദ്ധ്യ പ്രക്ഷോഭം വളർന്നതും വികസിച്ചതും തർക്കമന്ദിരത്തിന്റെ തകർച്ചയിലേക്ക് കാര്യങ്ങൾ എത്തിച്ചതും എന്നതും ഓർമ്മിക്കുക. പറഞ്ഞുവന്നത്, അയോദ്ധ്യ വിഷയത്തെ അതിന്റെ മൂർധന്യത്തിൽ എത്തിച്ചതിൽ, രാഷ്ട്രീയമായി ഉപയോഗിച്ചതിൽ, കോൺഗ്രസിനുള്ള പങ്ക് ആരും കാണാതെപോകരുത് എന്നതാണ്.

ഇവിടെയാണ് നാം ഒരു കാര്യം ഓർമ്മിക്കേണ്ടത് ; ആരാണ് ആദ്യമായി അല്ലെങ്കിൽ ഏറ്റവും ഭംഗിയായി അയോധ്യയെയും ശ്രീരാമനെയും തിരഞ്ഞെടുപ്പ് വിഷയമാക്കിയത്?. ആരാണ് അതിൽ വോട്ടും മറ്റും കാണാൻ ശ്രമിച്ചത്?. തർക്കം നിലനിൽക്കവെതന്നെ ആരാണ് അയോധ്യയിൽ രാമക്ഷേത്രത്തിന് ശിലാന്യാസം നടത്തിയത്?. ഇതൊക്കെ അന്വേഷിച്ചാൽ കാര്യങ്ങൾ ചെന്നെത്തുക കോൺഗ്രസിന്റെ ആസ്ഥാനത്താണ്. കോൺഗ്രസ് തുടങ്ങിവെച്ചു ; മുതലെടുപ്പിന് പരമാവധി ശ്രമിച്ചു; പക്ഷെ അതിന്റെ നേട്ടമുണ്ടായത് അവർക്കല്ല മറിച്ച്‌ ഹിന്ദുത്വ പ്രസ്ഥാനങ്ങൾക്കാണ്. അതല്ലേ യാഥാർഥ്യം?. അതല്ലേ കാൽനൂറ്റാണ്ട് പിന്നിടുന്ന ഈ വേളയിൽ വിലയിരുത്തപ്പെടേണ്ടത്?. ഒരു സംഭാവമുണ്ടാവുമ്പോൾ പലരും അതിലിടപെടും. അത് സ്വാഭാവികമാണ്. ഓരോരുത്തരും അവർക്കാവുന്ന വിധത്തിലാവും ഇടപെടുക. ഭരണത്തിലുള്ളവർ ആ സ്വാധീനമൊക്കെ പ്രയോഗിക്കുന്നതും പതിവാണ്. അധികാരമില്ലാത്തവർ പുറത്തുനിന്നുകൊണ്ട് ചെയ്യാവുന്നതൊക്കെ ചെയ്യും. ഇവിടെയും കോൺഗ്രസ് അധികാരത്തിലായിരുന്നു. അധികാരത്തിന്റെ തണലിലാണ് അവർ കരുക്കൾ നീക്കിയത്. പക്ഷെ അധികാരത്തിന്റെ നാലയൽവക്കത്തില്ലാതിരുന്ന ബിജെപി കോൺഗ്രസിനേക്കാൾ ബുദ്ധിപൂർവം കാര്യങ്ങൾ കണ്ടു, കരുക്കൾ നീക്കി. എന്തായിരുന്നു ഫലം?. അതല്ലേ ഇന്ത്യയുടെ കഴിഞ്ഞ ഒരു കാൽനൂറ്റാണ്ടിലെ രാഷ്ട്രീയ ചരിത്രം?. കോൺഗ്രസ് നാമാവശേഷമായി; അതേസമയം ഹിന്ദുത്വ ശക്തികൾ, ബിജെപി, കരുത്താർജ്ജിച്ചു……..

അയോദ്ധ്യ വിഷയം ഉന്നയിച്ചിരുന്നതും അതുമായി മുന്നോട്ടുപോയിരുന്നതും ഹൈന്ദവ പ്രസ്ഥാനങ്ങളാണ്, വിഎച്ച്പിയും മാർഗദർശക് മണ്ഡലവും മറ്റും. ബിജെപി അതിൽ ഒരുകാലത്തും നേരിട്ട് ഇടപെട്ടിരുന്നില്ല എന്നത്‌ സ്മരിക്കേണ്ടതുണ്ട്. 1989 ൽ രാജീവ് ഗാന്ധി സർക്കാർ എടുത്ത നിലപാടും മറ്റും സൂചിപ്പിച്ചുവല്ലോ. അപ്പോഴും അക്കാര്യത്തിൽ ഏതെങ്കിലും വിധത്തിൽ നേരിട്ട് ഇടപെടണം എന്ന നിലപാട് ബിജെപിക്കില്ലായിരുന്നു. ക്ഷേത്ര നിർമ്മാണം ബിജെപിയുടെ ജോലിയല്ല എന്നതായിരുന്നു കാഴ്ചപ്പാട്. 1989 -ൽ ഹിമാചൽ പ്രദേശിലെ പാലംപൂരിൽ നടന്ന ബിജെപി ദേശീയ നിർവ്വാഹകസമിതിയോഗത്തിലാണ് അയോദ്ധ്യ സംബന്ധിച്ച വ്യക്തമായ ഒരു പ്രമേയം പോലും ബിജെപി അംഗീകരിക്കുന്നത്. അതിലും ആ വിഷയത്തിൽ രാഷ്ട്രീയകക്ഷി എന്ന നിലയിൽ ഇടപെടും എന്ന് പറഞ്ഞിരുന്നതേയില്ല. മൂന്ന് കാര്യങ്ങളാണ് പാലംപൂരിൽ ബിജെപി വ്യക്തമാക്കിയത്. ഒന്ന് : രാമക്ഷേത്രം പുനർനിർമ്മിക്കണം. രണ്ട് : അയോധ്യയിലേത് കോടാനുകോടി ജനങ്ങളുടെ വിശ്വാസത്തിന്റെ പ്രശ്നമാണ് ; അതുകൊണ്ട് കോടതിവിധിയിലൂടെ ഒരു പ്രശ്നപരിഹാരം സാധ്യമല്ല. പരസ്പര ചർച്ചകളിലൂടെ പ്രശ്നം പരിഹരിക്കണം അല്ലെങ്കിൽ നിയമനിർമാണത്തിന് സർക്കാർ തയ്യാറാവണം. മൂന്ന്‌ : രാമക്ഷേത്ര നിർമ്മാണത്തിനാവശ്യമായ എല്ലാ സഹായങ്ങളും ബിജെപി ചെയ്യും. അതായത്, അപ്പോഴും രാമ ക്ഷേത്ര പുനർ നിർമാണത്തിന് ആവശ്യമായ സഹായങ്ങൾ നൽകുക എന്നതിൽ കവിഞ്ഞൊന്നും ചെയ്യുമെന്ന് 1989 -ൽ തീരുമാനിച്ചിരുന്നില്ല. കോൺഗ്രസ് അയോധ്യയിലെ രാമജന്മഭുമിയിൽ നിന്നും തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയവേളയിൽ ബിജെപി സ്വീകരിച്ച നിലപാടിതാണ് എന്നത് പ്രധാനമാണല്ലോ .

1989 -ൽ ബിജെപി പൊതുതിരഞ്ഞെടുപ്പിലേക്ക് പോകുമ്പോൾ അവർക്ക് ലോകസഭയിലുണ്ടായിരുന്നത് വെറും രണ്ടേരണ്ടുപേർ; കയ്യിലുണ്ടായിരുന്നത് 7. 40 % വോട്ടും . 1984 ൽ ഇന്ദിരാഗാന്ധിയുടെ മരണത്തിന് ശേഷമുള്ള തിരഞ്ഞെടുപ്പിൽ എബി വാജ്‌പേയി അടക്കമുള്ളവർ പരാജയപ്പെട്ടിരുന്നുവല്ലോ. പക്ഷെ 1989 -ൽ വോട്ടെണ്ണുമ്പോൾ ബിജെപിക്ക് ലഭിച്ചത് 85 എംപിമാരെ; വോട്ടിന്റെ തോത് ഏതാണ്ട് 11. 5% ആയിവർധിച്ചു . കോൺഗ്രസ് അന്ന് അധികാരത്തിൽനിന്നും തൂത്തെറിയപ്പെട്ടു. വിപി സിങ് സർക്കാർ അധികാരത്തിലേറു ന്നതാണ് പിന്നീട് കണ്ടത്. ബിജെപിയുടെയും സിപിഎമ്മിന്റെയും പിന്തുണയോടെയുള്ള സർക്കാർ. സിപിഎമ്മിന് അന്ന് 33 എംപിമാരുണ്ടായിരുന്നു; സിപിഐക്ക് പന്ത്രണ്ടും. അയോധ്യയിൽ നിന്ന് പ്രചാരണം തുടങ്ങിയിട്ടും ശിലാന്യാസിനു അനുമതി നൽകിയിട്ടും കോൺഗ്രസ് രക്ഷപ്പെട്ടില്ല എന്നതും ചരിത്രത്തിന്റെ ഭാഗം. ഇതിനൊക്കെശേഷമാണ് അദ്വാനിയുടെ വിഖ്യാത രഥയാത്രയും മറ്റും നടക്കുന്നത് എന്നതോർക്കുക.

അദ്വാനിയുടെ രഥയാത്ര ഒരു വലിയ രാഷ്ട്രീയ സംഭവമായിരുന്നു എന്നത് പറയാതെ വയ്യ. അഡ്വാനിയെയും ബിജെപിയെയും എതിർക്കുന്നവർക്ക് കാരണങ്ങൾ പലതുണ്ടാവും. 1990 സെപ്റ്റംബർ 25 നാണ് ഗുജറാത്തിലെ സോമനാഥിൽ നിന്ന് അയോധ്യയിലേക്ക് യാത്രതുടങ്ങിയത്. സോമനാഥിന് ഒരു ചരിത്ര പശ്ചാത്തലമുണ്ടല്ലോ. അയോധ്യയിലെ രാമക്ഷേത്രത്തിന്റേതുപോലെ സോമനാഥും വിദേശ അക്രമിയാൽ തകർക്കപ്പെട്ട ക്ഷേത്രമാണിത്. സ്വാതന്ത്ര്യാനന്തരം സർദാർ പട്ടേൽ മുൻകയ്യെടുത്ത് അത് പുനരുദ്ധരിക്കുകയായിരുന്നു. സോമനാഥ്‌ ഗുജറാത്തിലായതുകൊണ്ടും പട്ടേലിന് ഒരു ഹിന്ദു – ദേശീയ വികാരം ഉണ്ടായിരുന്നതുകൊണ്ടും അത് നടന്നു. ഇവിടെ ഓർക്കേണ്ടാതായ ഒരു കാര്യമുണ്ട്. അടുത്തിടെ പോലും ഗുജറാത്തിൽ അത് ചർച്ചചെയ്യപ്പെട്ടതാണ്. സോമനാഥ്‌ ക്ഷേത്രത്തിന്റെ നിർമ്മാണം കഴിഞ്ഞപ്പോൾ ഉദ്‌ഘാടന ചടങ്ങുകളിൽ ഇന്ത്യയുടെ പ്രധാനമന്ത്രിയും രാഷ്ട്രപതിയും സംബന്ധിക്കണമെന്ന് ഒരു നിർദ്ദേശമുണ്ടായി. പണ്ഡിറ്റ് നെഹ്‌റു അതിനു തയ്യാറായില്ല എന്നു മാത്രമല്ല രാഷ്‌ട്രപതി അവിടെ പോകുന്നത് ഹിന്ദുത്വ ശക്തികളുടെ ഉത്തേജനത്തിന് കരണമാവുമെന്ന് പറയുകയും തടസ്സവാദം ഉന്നയിക്കുകയും ചെയ്തു. യഥാർഥത്തിൽ സോമനാഥിന് സമാനമായി സർക്കാർ തന്നെ മുൻ കയ്യെടുത്ത് പുനർനിർമ്മിക്കേണ്ട ക്ഷേത്രമായിരുന്നു അയോധ്യയും. അദ്വാനിയുടെ രഥയാത്ര സോമനാഥിൽ നിന്നും ആരംഭിച്ചതിന് കാരണം അതുതന്നെയാണ്.

ഇങ്ങനെയൊരു യാത്രക്ക് നിർദ്ദേശം വന്നപ്പോൾ, പാർട്ടിയിൽ ചർച്ചകൾ നടന്നപ്പോൾ എബി വാജ്‌പേയിക്ക് ചില വിരുദ്ധ നിലപാടുകളാണ് ഉണ്ടായിരുന്നത്. അതിന്റെ ഭാവി എന്താവും, അത് എങ്ങിനെയാണ് മുന്നോട്ട് പോകുക എന്നിങ്ങനെ പലതും വാജ്‌പേയിയെ അലട്ടിയിരുന്നു എന്ന് വ്യക്തം. പക്ഷെ പാർട്ടി തീരുമാനമെടുത്തപ്പോൾ അദ്ദേഹവും കൂടെനിന്നു. 1991 പൊതുതിരഞ്ഞെടുപ്പിൽ 120 സീറ്റായി ബിജെപിയുടെ ശക്തി വർദ്ധിച്ചപ്പോൾ പാർലമെന്ററി പാർട്ടി നേതൃത്വം അദ്വാനിക്ക് കൈമാറാനും രണ്ടാമനായി ലോകസഭയിൽ അരികിലിരിക്കാനും വാജ്‌പേയി തയ്യാറായതും നാം കണ്ടു. അദ്വാനിയാണ് വിജയത്തിന്റെ യഥാർഥ സൂത്രധാരൻ എന്നതായിരുന്നു വാജ്‌പേയിയുടെ വിലയിരുത്തൽ. ആ വിശാല മനസും നാം കാണാതെ പോയിക്കൂടാ.

ആ രഥ യാത്രയുടെ പ്രധാന തേരാളി, കൺവീനർ, പ്രമോദ് മഹാജനായിരുന്നു; ബിജെപിയുടെ അന്നത്തെ കരുത്തനായ യുവനേതാവ്. ദുഃഖകരമെന്ന് പറയട്ടെ, അദ്ദേഹം ഇന്ന് നമ്മോടൊപ്പമില്ല. പ്രമോദ് മഹാജന്റെ സഹായിയായി, രഥയാത്രയുടെ സഹ കൺവീനർ എന്ന നിലയ് ക്കുണ്ടായിരുന്നത് ഇന്നത്തെ നമ്മുടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. അന്ന് മോഡി ഗുജറാത്തിലെ ബിജെപിയുടെ സംഘടനാ സെക്രട്ടറിയായിരുന്നു. ഞാൻ ഇത് സൂചിപ്പിച്ചത്, 25 വര്ഷം മുൻപ് ആ യാത്രയിലൂടെ രാജ്യത്തിൻറെ ഭാവി തീരുമാനിക്കാനിറങ്ങിയ ഒരാളാണ് ഇന്നിപ്പോൾ രാജ്യത്തിൻറെ പ്രധാനമന്ത്രി പദത്തിലുള്ളത് എന്നത് ഓർമ്മിപ്പിക്കാനാണ്. ഇതൊക്കെ യാദൃച്ഛികം എന്ന് വേണമെങ്കിൽ പറയാം…. എന്നാൽ ചരിത്രം ഇതൊക്കെയുമായി ബന്ധപ്പെട്ട് കിടക്കുന്നു എന്നത് കാണാതെപോകാനാവില്ലല്ലോ.

‘അയോധ്യ’യിൽ നിന്ന്, 1992 ഡിസംബർ ആറിൽനിന്ന് , കാൽനൂറ്റാണ്ട് കഴിയുമ്പോൾ ഇന്ത്യയിൽ തനിച്ചു ഭരിക്കാവുന്ന നിലയിലേക്കും ബഹുഭൂരിപക്ഷം സംസ്ഥാനങ്ങളിലെയും ഭരണകക്ഷിയായും മാറി. ഇന്നിപ്പോൾ ഇന്ത്യയുടെ പ്രധാനമന്ത്രി മാത്രമല്ല, രാഷ്ട്രപതിയും ഉപരാഷ്ട്രപതിയും അതെ ആശയഗതിയിൽ നിന്നുമുള്ളവരാണ്. അതൊരു ചെറിയ കാര്യമല്ല. ജമ്മു കാശ്മീർ മുതൽ തെക്ക് ആന്ധ്രപ്രദേശും തെലങ്കാനയും തമിഴ്‌നാടും വരെയുള്ളവ ഇന്ന് ബിജെപിക്കൊപ്പമാണ്. ഗുജറാത്ത് മുതൽ അരുണാചലും ആസാമും വരെയുള്ളവയും ബിജെപിക്കൊപ്പമുണ്ട്. ദക്ഷിണേന്ത്യയിൽ ബിജെപി നേരിട്ട് ഭരണത്തിലാണ് എന്നല്ല, മറിച്ച്‌ ബിജെപിക്കൊപ്പം നിൽക്കുന്നവരാണ് ആ സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങൾ എന്നർത്ഥം. അതിനിടയിൽ കോൺഗ്രസിനുള്ളത് അടുത്തിടെ തിരഞ്ഞെടുപ്പ് നടന്ന ഹിമാചൽ പ്രദേശും പഞ്ചാബും കർണാടകയും പിന്നെ മേഘാലയയും. അതിൽ ഹിമാചൽ അവർക്ക് നഷ്ടമാവുമെന്നും ബിജെപി അധികാരത്തിലേറുമെന്നും തീർച്ചയാണ്. ഈ മാസം പതിനെട്ടിന് അത് വ്യക്തമാവും. ആകെയൊന്ന് നോക്കുമ്പോൾ രാജ്യത്ത് ഹിന്ദുത്വത്തിന്റെ ഒരു ഉണർത്തെഴുനേൽപ്പ് ആണല്ലോ ഇത് കാണിക്കുന്നത്.

എന്താണ് ഇത് കാണിക്കുന്നത്?. അയോധ്യയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താനായി ഇറങ്ങിയ രാജീവ് ഗാന്ധിക്കോ കോൺഗ്രസിനോ അതിനായില്ല എന്ന് മാത്രമല്ല അവർ എന്താണോ ലക്ഷ്യമിട്ടത് അത് തിരിച്ചടിക്കുന്നതും ഇന്ത്യ കണ്ടു. അതിനൊപ്പം മറുപക്ഷം അവർ സൃഷ്ടിച്ച സാഹചര്യങ്ങൾ ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതും നാം കണ്ടു. സാധാരണ പറയാറുണ്ട്, ഒരു ക്ഷേത്ര നിർമ്മാണത്തിനായി ഒരാൾ പ്രതിജ്ഞയെടുത്താൽ അയാൾക്ക് അത് പൂർത്തിയാക്കാനുള്ള ഉത്തരവാദിത്വവുമുണ്ട്. ഹിന്ദു വിശ്വാസമാണത്. അക്കാര്യത്തിൽ വീഴ്ച സംഭവിച്ചാൽ, ഇക്കാര്യത്തിൽ ശ്രദ്ധിച്ചില്ലെങ്കിൽ, ക്ഷേത്ര നിർമ്മാണത്തിന് തയ്യാറായവർ ദൈവത്തിന്റെ അഹിതം നേരിടും എന്നതും വിശ്വാസമാണ്. ഇവിടെ അതും സംഭവിച്ചോ, അറിയില്ല. ചിന്തിക്കാൻ കാരണം, കോൺഗ്രസാണ് ശിലാന്യാസിന് അനുമതിനൽകിയത് ; അതിനുള്ള കരുക്കൾ നീക്കിയത് ; അയോധ്യയെ രാഷ്ട്രീയമായി പ്രയോജനപ്പെടുത്താൻ ശ്രമിച്ചത്…… പിന്നെന്തുകൊണ്ട് കോൺഗ്രസിന് ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടായി…… അതെ കോൺഗ്രസിനെയാണ് ഇന്നിപ്പോൾ കമ്മ്യൂണിസ്റ്റ് -ഇസ്ലാമിക ശക്തികൾ മറയില്ലാതെ തുണക്കുന്നത് എന്നതും ചരിത്രത്തിന്റെ ഭാഗമാണ്. ഇതൊക്കെ വിലയിരുത്തപ്പെടുകതന്നെ ചെയ്യും……

അയോദ്ധ്യ പ്രസ്ഥാനത്തിന്റെ അമരക്കാരായിരുന്ന പലരും ഇന്ന് നമ്മോടൊപ്പമില്ല. അശോക് സിംഗാൾ, മഹന്ത് അവൈദ്യനാഥ്‌, ആചാര്യ ഗിരിരാജ് കിഷോർ, മഹന്ത് നൃത്യഗോപാൽ ദാസ് തുടങ്ങിയവർ. എൽകെ അദ്വാനിയും മുരളി മനോഹർ ജോഷിയുമൊക്കെ അന്ന് ബിജെപിയുടെ അമരക്കാരായിരുന്നു…. അവരെല്ലാം ഇന്ന് ഏതാണ്ടൊക്കെ സജീവരാഷ്ട്രീയത്തിൽ നിന്ന് പിൻവാങ്ങിക്കഴിഞ്ഞു. പക്ഷെ ഹിന്ദുത്വത്തിന്റെ കരുത്ത് ഇവിടെ തേജസോടെ നിലനിൽക്കുന്നു…. മാത്രമല്ല അയോധ്യയിൽ രാമക്ഷേത്ര പുനർനിർമാണത്തിന് വേദിയൊരുങ്ങുമെന്ന സൂചനകൾ യുപിയിൽ നിന്ന് ലഭിക്കുന്നുമുണ്ട്. ഇതിനെല്ലാമിടയിൽ സുപ്രീം കോടതിയിൽ ഈ കേസിന്റെ വാദം തുടങ്ങുകയുമാണല്ലോ. വലിയ പ്രതീക്ഷകൾക്ക് വഴിയൊരുക്കിക്കൊണ്ടാണ് കാൽനൂറ്റാണ്ടിന്റെ സ്മരണകൾ ഉയരുന്നത് എന്നതാണ് പറയേണ്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button