Latest NewsNewsParayathe VayyaWriters' CornerSpecials

ഗുജറാത്തും ഹിമാചലും ആരുടെ കൈകളിലേക്ക്…

എല്ലാ രാഷ്ട്രീയപ്പാര്‍ട്ടികളും ഒരുപോലെ ഉറ്റുനോക്കുന്ന ഒന്നാണ് ഗുജറാത്ത്-ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ്. കോണ്‍ഗ്രസിന്റെ തട്ടകമായ ഹിമാചല്‍പ്രദേശും ബി.ജെ.പിയുടെ തട്ടകമായ ഗുജറാത്തും ഇത്തവണയും അവരവരുടെ കൈകളില്‍ തന്നെ ഭദ്രമായിരിക്കുമോ എന്ന കാര്യം ഒരു ചോദ്യചിഹ്നം തന്നെയാണ്. ബി.ജെ.പിയെ വച്ച് നോക്കുമ്പോള്‍ ശരിയായ അങ്കത്തട്ട് ഗുജറാത്ത് തന്നെയാണ്. മോദിയുടെ കളരിയാണ് ഗുജറാത്ത് എന്ന് പറയുന്നതാകും ശരി. അതുകൊണ്ട് തന്നെ അവിടെ വീണ്ടും ഒരു വിജയ ആവര്‍ത്തനം  ബി.ജെ.പിക്ക്  അനിവാര്യമാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പ് മോദിയുടേയും അമിത് ഷായുടെയും അഭിമാനത്തിന്റെ പ്രശ്നം കൂടിയാണ്.

കഴിഞ്ഞ 22 വര്‍ഷമായി ബി.ജെ.പി. ആണ് ഗുജറാത്ത് ഭരിക്കുന്നത്. അതില്‍ 2014-ല്‍ പ്രധാനമന്ത്രി ആകുന്നതുവരെ മോദി ആയിരുന്നു മുഖ്യമന്ത്രി. അത്ഭുതങ്ങള്‍ സംഭവിച്ചില്ലെങ്കില്‍ ഗുജറാത്ത് അതിന്റെ പ്രധാനമന്ത്രിക്ക് ഒപ്പം തന്നെ നില്‍ക്കും ഇപ്രാവാശ്യവും. കഴിഞ്ഞ 27 വര്‍ഷമായി അധികാരത്തിന്റെ അടുത്തെങ്ങും സ്വന്തമായി എത്തുവാന്‍ സാധിക്കാത്ത കോണ്‍ഗ്രസ് ഇക്കുറി നല്ല ഒരു എതിര്‍പ്പ് കാഴ്ചവയ്ക്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ശ്രദ്ധിച്ചാല്‍   ഗുജറാത്തില്‍ ഒരു തെരഞ്ഞെടുപ്പ് യുദ്ധം ഉണ്ട് എന്ന് തന്നെ പറയാം. യുദ്ധം പ്രധാനമായും ബി.ജെ.പി.യും കോണ്‍ഗ്രസും തമ്മില്‍ ആണെങ്കിലും മൂന്ന് ചെറുകക്ഷികള്‍ കൂടെ രംഗത്തുണ്ട്. അതില്‍ ഒന്ന് കോണ്‍ഗ്രസ് വിമതന്‍ എസ്.എസ്. വഗേലയുടെ ആള്‍ ഇന്‍ഡ്യന്‍ ഹിന്ദുസ്ഥാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയാണ്. മറ്റ് പാര്‍ട്ടികള്‍ നാഷ്ണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടിയും ആം ആദ്മി പാര്‍ട്ടിയും ആണ്. ഈ പഞ്ചമുഖ മത്സരം ബി.ജെ.പി.ക്ക് ഗുണം ചെയ്യും. കാരണം അത് മതേതര വോട്ടുകളെ ഭിന്നിക്കും. കോണ്‍ഗ്രസ് പതിതര്‍ നേതാവ് ഹാര്‍ദിക്ക് പട്ടേലിനെയും മറ്റ് പിന്നോക്ക വിഭാഗ നേതാവ് അല്‍പ്പേഷ് തക്കോറിനെയും ദളിത് നേതാവ് ജിഗനേഷ് മേവാനിയെയും മറ്റ് മുസ്ലീം, പട്ടേല്‍ ക്ഷത്രിയ വിഭാഗത്തെയും കൂട്ടി ഇളക്കി ഒരു മഹാസഖ്യത്തിന് രൂപം നല്‍കിയിട്ടുണ്ട് എങ്കിലും ഇതിന്റെ ഫലപ്രാപ്തി കണ്ടറിയണം.

തെരഞ്ഞെടുപ്പ് കമ്മീഷനും വിവാദപരമായ ഒരു പങ്ക് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിര്‍വ്വഹിച്ചു. ഹിമാചല്‍ പ്രദേശ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ തീയതി പ്രഖ്യാപിച്ചില്ല. വോട്ടെണ്ണല്‍ ഒരു ദിവസം(ഡിസംബര്‍ 18) ആണെങ്കിലും കമ്മീഷന്‍ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നത് വൈകിച്ചു. അതിന് കാരണമായി പ്രതിപക്ഷം ആരോപിച്ചത് ഗുജറാത്തിനും പ്രധാനമന്ത്രിക്കും കൂടുതല്‍ വികസനപദ്ധതികള്‍ പ്രഖ്യാപിക്കുവാന്‍ സമയം കൊടുത്തത് ആണ് എന്നതാണ്.  ഈ ആരോപണങ്ങള്‍ക്ക്  തെരഞ്ഞെടുപ്പ് കമ്മീഷന്‍ പറഞ്ഞ ന്യായം  ഗുജറാത്തിലെ വെള്ളപ്പൊക്ക ദുരിതാശ്വാസത്തിന് സമയം നല്‍കുവാനാണെന്നാണ്.  തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചാല്‍ പിന്നെ ഈ വക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുവാന്‍ പറ്റില്ലത്രെ. കാരണം തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്ന സയം കൂടുതല്‍ മാതൃകാ തെരഞ്ഞെടുപ്പ് ചട്ടം നിലവില്‍ വരും.  ഗുജറാത്ത് തെരഞ്ഞെടുപ്പ് രംഗം ഒറ്റ നോട്ടത്തില്‍ നോക്കിയാല്‍ അത് ബി.ജെ.പി.ക്ക് മുന്‍കൈ ഉള്ള ഒന്നാണെന്ന് ആര്‍ക്കും മനസിലാകും. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ വ്യക്തിപ്രഭാവം കൊണ്ടും തന്ത്രാവിഷ്‌ക്കാരണത്തിലൂടെയും കോണ്‍ഗ്രസിന്റെ പുനരുത്ഥാനത്തിന് ശ്രമിക്കുന്നുണ്ടെങ്കിലും അത് അത്ര വിലപോകില്ല. കാരണം ഗുജറാത്ത് മോദിയുടെ അഭിമാന പ്രശ്‌നം കൂടിയാണ്.

കോണ്‍ഗ്രസിന്റെ തട്ടകമാണ് ഹിമാചല്‍ പ്രദേശ് എന്ന് പറയുന്നതാകും ഒന്നുകൂടി ശരി. ഹിമാചല്‍പ്രദേശ്  ഭരിക്കുന്നത് ഇപ്പോള്‍ കോണ്‍ഗ്രസ് ആണ്. കോണ്‍ഗ്രസിന്റെ അവശേഷിക്കുന്ന അവസാനത്തെ തട്ടകങ്ങളില്‍ ഒന്നാണ് ഇത്. ഇത് സംരക്ഷിക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ പ്രധാന ലക്ഷ്യം. പക്ഷേ, അത് അത്ര എളുപ്പമല്ല. അതിനുള്ള കാരണങ്ങള്‍ പലതാണ്. ഹിമാചല്‍ പ്രദേശ്, കേരളം പോലെ ഭരണകക്ഷികളെ തെരഞ്ഞെടുപ്പുകളില്‍ മാറുകയാണെന്ന പതിവ് ആവര്‍ത്തിക്കാറില്ല. കൂടാതെ  കോണ്‍ഗ്രസ് സംഘടനാപരമായി ദുര്‍ബ്ബലവുമാണ്. മുഖ്യമന്ത്രി വീരഭദ്രസിംങ്ങും പ്രാദേശിക കോണ്‍ഗ്രസ് അദ്ധ്യക്ഷനും യോജിപ്പില്‍ അല്ല എന്നതും ഊരു വസ്തുതയാണ്. സിംങ്ങ് അഴിമതി ആരോപണവിധേയനും കുറ്റാരോപിതനും കൂടാതെ ജാമ്യത്തിലുമാണ്. രാംപൂര്‍ ബുഷപര്‍ എന്ന മുന്‍ രാജവംശത്തിലെ അംഗം ആണ് ‘രാജാ സാഹിബ്’ എന്ന് വിളിക്കപ്പെടുന്ന അദ്ദേഹം. കോണ്‍ഗ്രസിനും അദ്ദേഹത്തിനും ഒരു അവസരം കൂടെ ലഭിച്ചാല്‍ അത് ഒരു വലിയ അത്ഭുതം തന്നെയായിരിക്കും.

മുന്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയും അഴിമതികേസില്‍ ശിക്ഷിക്കപ്പെട്ടതുമായ സുഖ്റാമിന്റെ മകന്‍ സിംങ്ങിന്റെ മന്ത്രിസഭയില്‍ നിന്നും രാജിവച്ച് ബി.ജെ.പി.യില്‍ ചേര്‍ന്നതും കോണ്‍ഗ്രസിന് തിരിച്ചടി ആയി. സിംങ്ങിന്റെ തൊട്ടടുത്ത ബന്ധുക്കളും ബി.ജെ.പി.യില്‍ ചേരുകയുണ്ടായി. പൊതുവെ സിംങ്ങിനും കോണ്‍ഗ്രസിനും ഹിമാചല്‍ അത്ര അനുകൂലം അല്ല. പോരെങ്കില്‍ ബി.ജെ.പി. അവിടെ പരമ്പരാഗതമായി ശക്തവും ആണ്. പ്രേംകുമാര്‍ ധുമലും അദ്ദേഹത്തിന്റെ ക്രിക്കറ്റര്‍ മകന്‍ അനുരാഗ് ഠാക്കൂറും ആണ് ബി.ജെ.പി.യുടെ ഹിമാചല്‍മുഖം. മുന്‍ മുഖ്യമന്ത്രി ധുമല്‍ ആണ് മുഖ്യമന്ത്രിസ്ഥാനാര്‍ത്ഥി. അദ്ദേഹത്തിനാണ് അവിടെ വിജയസാദ്ധ്യത.

2012-ലെ തെരഞ്ഞെടുപ്പില്‍ വിജയം നേടിയത് കോണ്‍ഗ്രസ് ആയിരുന്നു. 36 സീറ്റുകള്‍ കോണ്‍ഗ്രസ് നേടി ഗവണ്‍മെന്റ് രൂപീകരിച്ചപ്പോള്‍ 30സീറ്റുകള്‍ നേടി ബി.ജെ.പി. തൊട്ടടുത്ത് ഉണ്ടായിരുന്നു. 68 സീറ്റുകള്‍ ഉള്ള അസംബ്ലിയില്‍ രണ്ട് സ്വതന്ത്രരും ജയിച്ചു. വോട്ടിന്റെ 42.81 ശതമാനം കോണ്‍ഗ്രസ് നേടിയപ്പോള്‍ 38.47 ശതമാനം ബി.ജെ.പി. നേടി. അതുകൊണ്ട് ഹിമാചല്‍ നിലനിര്‍ത്തുക ഇപ്രവാശ്യം കോണ്‍ഗ്രസിന് അത്ര എളുപ്പം അല്ല. നവംബര്‍ ഒമ്പതിന് വോട്ടെടുപ്പ് കഴിഞ്ഞു. ഇനി ഡിസംബര്‍ 18-ലെ വോട്ടെണ്ണലിനായി കാത്തിരിക്കുകയാണ്. ഹിമാചല്‍ നഷ്ടപ്പെട്ടാല്‍ കോണ്‍ഗ്രസിന് അത് വലിയ ഒരു പരാജയം ആയിരിക്കും. കോണ്‍ഗ്രസിന്റെ സാന്നിദ്ധ്യം ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ ഒന്നുകൂടെ കുറയും. ബി.ജെ.പി.ക്ക് ആകട്ടെ അത് മറ്റൊരു നേട്ടവും ആയിരിക്കും.

കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മില്‍ സ്ഥിരമായി ശരാശരി 10 ശതമാനം വ്യത്യാസം ഉണ്ട് ഇവിടെ. 1995 മുതല്‍ അത് 2012 നിയമസഭ തെരഞ്ഞെടുപ്പ് വരെ അങ്ങനെ തന്നെ തുടര്‍ന്നു (9.7) ശതമാനം-1995 10 ശതമാനം-1998, 10.6 ശതമാനം-2002, 11.1 ശതമാനം- 2007, 8.9 ശതമാനം 2012). എന്നാല്‍ ഈ വിടവ് 2014- ലെ ലോകസഭ തെരഞ്ഞെടുപ്പില്‍ 26.7 ശതമാനം ആയി ഉയര്‍ന്നു. ബി.ജെ.പി. ഈ തെരഞ്ഞെടുപ്പില്‍ 26-ല്‍ 26 സീറ്റുകളും നേടി. ഇതിനെ മറികടന്ന് വിജയം ഉറപ്പിക്കുവാന്‍ കോണ്‍ഗ്രസിന് ഇക്കുറി സാധിക്കുമോ എന്ന കാര്യത്തില്‍ വലിയ സംശയം തന്നെയുണ്ട്. 2012 ല്‍ ബി.ജെ.പി. ആകെയുള്ള 182 സീറ്റുകളില്‍ 121 സീറ്റുകള്‍ വിജയിച്ചു. കോണ്‍ഗ്രസ് 61-0. പക്ഷേ, അതില്‍ ഇപ്പോള്‍ 43 അംഗങ്ങള്‍ മാത്രമെ കോണ്‍ഗ്രസിന്റെ ഒപ്പം ഉള്ളൂ. ബാക്കി വിമതനേതാവ് വഗേലയുടെ കൂടെപാര്‍ട്ടി വിട്ടു. ഇതും പാര്‍ട്ടിക്ക് വീണ്ടും ബലക്ഷയം ഉളവാക്കിയിട്ടുണ്ട്. അതുകൊണ്ട് ഗുജറാത്തില്‍ ഒരു കോണ്‍ഗ്രസ് വിജയം അത്ര എളുപ്പം അല്ല.

ഹിമാചല്‍ കോണ്‍ഗ്രസിന് നഷ്ടപ്പെടുകയും ഗുജറാത്ത് തിരിച്ചുപിടിക്കുവാന്‍ സാധിക്കാതെയും ആവുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് വലിയ ഒരു പ്രഹരം ആയിരിക്കും. മോദിിക്കും അമിത് ഷായ്ക്കും ബി.ജെ.പി.ക്കും മറ്റൊരു കുതിപ്പും. അങ്ങനെ ആയാല്‍ ബി.ജെ.പി.യും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം 29-ല്‍ 19 ആകും. കോണ്‍ഗ്രസും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളുടെ എണ്ണം വെറും അഞ്ചും ആകും. മറ്റ് പ്രാദേശികകക്ഷികള്‍ ഏഴ് സംസ്ഥാനങ്ങളും ഭരിക്കും. ഈ തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ബി.ജെ.പി.ക്ക് കുറെക്കൂടെ അനുകൂലമായ ഒരു രാഷ്ട്രീയ ഭൂപടം ആയിരിക്കും തെളിഞ്ഞു വരുക. മറിച്ച് ഗുജറാത്ത് നഷ്ടപ്പെട്ടാല്‍ അത് മോദി പ്രഭാവത്തിന്റെ അവസാനത്തിന്റെ ആരംഭവും ആയിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button