Latest NewsNewsIndia

ഗുജറാത്തും ഹിമാചലും നഷ്ടപ്പെടുമ്പോൾ കോൺഗ്രസിൽ വല്ലാത്ത പരിഭ്രാന്തി;രാഷ്ട്രീയ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുന്നു , ഘടകകക്ഷികൾ ഇനിയെത്രനാൾ ? മുതിർന്ന മാധ്യമ പ്രവർത്തകൻ കെ.വി.എസ് ഹരിദാസ് വിശകലനം ചെയ്യുന്നു

കോൺഗ്രസുകാർക്ക് എന്താണ് സംഭവിച്ചത് അല്ലെങ്കിൽ സംഭവിക്കുന്നത് ?. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പുകളുടെ എക്സിറ്റ് പോൾ ഫലങ്ങൾ പുറത്തുവന്നതോടെ എന്താണ് വേണ്ടതെന്ന് വ്യക്തതയില്ലാതെ അലയുന്ന സ്ഥിതിയിലാണ് കോൺഗ്രസുകാർ . മനസ്സിൽ കെട്ടിപ്പൊക്കിയ പ്രതീക്ഷകളും ആഗ്രഹങ്ങളും താറുമാറായപ്പോൾ …. ഇതുപോലൊരു ദുരവസ്ഥ ഒരു രാഷ്ട്രീയകക്ഷിക്കും അടുത്തെങ്ങും സംഭവിച്ചിട്ടുണ്ടാവില്ല. കോൺഗ്രസ് അധ്യക്ഷനായി രാഹുൽ ഗാന്ധി ചുമതലയേറ്റയുടനെ നരേന്ദ്ര മോദിയുടെ ഗുജറാത്ത് കോൺഗ്രസിന്റെ കയ്യിലാവുമെന്ന് ആരൊക്കെയോ കരുതിയെന്ന് വ്യക്തം. അതാണ് ഹിമാചലിൽ ഇത്തവണ രക്ഷയില്ലെന്ന് തീർച്ചയായിട്ടും ഗുജറാത്ത് തിരഞ്ഞെടുപ്പ് വരെ അധ്യക്ഷസ്ഥാനം ഏറ്റെടുക്കുന്നത് കോൺഗ്രസ് ഉപാധ്യക്ഷൻ വൈകിച്ചതത്രെ. ആ കണക്ക് കൂട്ടലുകൾ തെറ്റി…. തെറ്റിയെന്നല്ല, അക്ഷരാർഥത്തിൽ അടിതെറ്റി എന്നുവേണം പറയാൻ. ഇപ്പോഴിതാ വോട്ടെണ്ണൽ തടയാനും തങ്ങളുടെ ചില വ്യസ്ഥകൾ നടപ്പിലാക്കാനുമായി ഇന്നിപ്പോൾ സുപ്രീം കോടതിയിലുമെത്തി…. പക്ഷെ അവിടെയും നാണം കേട്ട തിരിച്ചടിയാണ് രാഹുൽ ഗാന്ധിയുടെ പാർട്ടിക്ക് കിട്ടിയത്. അധികാരമില്ലാത്ത കോൺഗ്രസ് കരയ്ക്ക് പിടിച്ചിട്ട മത്സ്യത്തപ്പോലെയാണ് എന്ന് പണ്ടാരോ പറഞ്ഞത് കേട്ടിട്ടുണ്ട്….. ഓരോ തിരഞ്ഞെടുപ്പിലും അവരെ നിഷ്‌ക്കരുണം ജനങ്ങൾ തിരസ്കരിക്കുമ്പോൾ അത് കൂടുതൽ വ്യക്തമായിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ കോൺഗ്രസിലെ സാധാരണ പ്രവർത്തകർക്ക് മാത്രമല്ല ആ കക്ഷിക്കൊപ്പം വര്ഷങ്ങളായി നിലകൊള്ളുന്ന പാർട്ടികൾക്കും ആത്മവിശ്വാസമില്ലാതായി ; ഇവരുടെ കൂടെ നിന്നിട്ട് ഒരു കാര്യവുമില്ലെന്ന് രാജ്യമെമ്പാടുമുള്ള ഘടകകക്ഷികൾ തുറന്നടിക്കുന്ന നാളുകൾ ഏറെ അകലെയല്ല എന്നതാണ് ഈ രണ്ടു നിയമസഭ തിരഞ്ഞെടുപ്പുകളുടെ പ്രാധാന്യം.

ഇന്നലെയാണ് ഗുജറാത്ത്, ഹിമാചൽ എക്സിറ്റ് പോളുകൾ പുറത്തുവന്നത്. കേരളത്തിലടക്കം കോൺഗ്രസുകാർക്ക് അതോടെ മിണ്ടാട്ടമില്ലാതായി. ആ ജനവിധിയുടെ ചിത്രം പുറത്തുവരുമ്പോൾ രാഹുൽ കേരളത്തിലുണ്ടായിരുന്നു. ഒരക്ഷരം അതിനെക്കുറിച്ച് പറയാൻ അദ്ദേഹം തയ്യാറായില്ല. രാഹുൽ ഗാന്ധി മാത്രമല്ല, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്കും ഒന്നും പറയാനില്ലായിരുന്നു എന്നാണ്. അവരുടെയൊക്കെ നാവിറങ്ങിപ്പോയിരുന്നു.
ഇനി എക്സിറ്റ് പോളുകളിലേക്ക് ഒന്ന് കടന്നുചെല്ലാം. ഓരോ ചാനലുകൾ പുറത്തുവിട്ട ഫലങ്ങൾ ഇപ്രകാരമാണ്. (ചാനൽ, ബിജെപിക്കുള്ള സീറ്റ്, കോൺഗ്രസിന്റെ സീറ്റ് എന്നിങ്ങനെയാണ് ചേർക്കുന്നത്).

ഹിമാചൽ പ്രദേശ്

ഇന്ത്യ ടുഡേ : 51; 17 ; എബിപി ന്യൂസ് : 44- 45 ; 13- 20 ; ചാണക്യ : 55- 62 ; 13- 20; ന്യൂസ് എക്സ് : 42- 50; 18- 24 ; സമയ്‌ : 42- 46; 18 – 24; ടൈംസ് നൗ : 51; 16 : സീ ന്യൂസ് : 51; 17 ; ന്യൂസ് നേഷൻ : 43- 47; 19- 23 ; ആജ്തക് : 47- 55 ; 13- 20; സഹാറ സമയ് : 46; 21; ന്യൂസ്‌ 24 : 46; 21.

ഗുജറാത്ത് :

ഇന്ത്യ ടുഡേ : 99 – 113 ; 68- 82; എബിപി ന്യൂസ് : 117 ; 54 ; ചാണക്യ : 135-146 ; 47- 58 ; ന്യൂസ് എക്സ് : 110 – 120 ; 65- 75 ; ടൈംസ് നൗ : 109; 70 : സീ വോട്ടർ : 116; 64 ; ന്യൂസ് എക്സ് : 110- 120 ; 65- 75 ; ജൻ കി ബാത്ത് : 115; 65 ; സഹാറ ടിവി : 110 -120 ; നിർമ്മാണ ടിവി: 104; 74 .

ഞാനിപ്പോഴും എക്സിറ്റ് പോളുകൾ മുഴുവൻ നൂറ് ശതമാനം ശരിയാണ് എന്നൊന്നും അവകാശപ്പെടാനില്ല. അത് നടത്തിയവരും അങ്ങിനെ പറയാറില്ല. പത്ത് ശതമാനം വ്യത്യാസം വരെ സാധാരണ നിലക്ക് ഉണ്ടാവാം എന്നതാണ് പൊതുവെയുള്ള ഒരു വിലയിരുത്തൽ. ഏതാണ്ടൊക്കെ വലിയതോതിൽ തെറ്റിയ എക്സിറ്റ് പോളുകൾക്കും ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ബീഹാർ, യുപി തിരഞ്ഞെടുപ്പുകൾ അതിനൊരു ഉദാഹരണമാണ്. അവിടെയും കൃത്യമായി പ്രവചനം നടത്തിയവരെയും നാം കണ്ടിട്ടുണ്ട്. പറഞ്ഞുവന്നത്, ചിലപ്പോൾ കണക്കുകൂട്ടലുകൾ തെറ്റിയപ്പോഴും ഒരുകാലത്തും ഒരു തിരഞ്ഞെടുപ്പിൽ നടന്ന എല്ലാ എക്സിറ്റ് പോളുകളും ഒരേപോലെ ഫലം പ്രവചിച്ചിട്ടില്ല എന്നത് കാണാതെ പോകാനാവില്ല. ഇവിടെ ഗുജറാത്തിന്റെയും ഹിമാചലിന്റെയും കാര്യത്തിൽ കാണുന്നത് അതാണ്…..അതായത് എല്ലാ പോളുകളും ഒരേ നിലക്ക് ബിജെപി വിജയം പ്രവചിച്ചിരിക്കുന്നു. അതുകൊണ്ടാണ് അത് വിഷ്വസിക്കാൻ പ്രേരിപ്പിക്കുന്നത്.

മറ്റൊന്ന് കൂടിയുണ്ട്. ഹിമാചൽ പ്രാദേശിലേത് ഏതാണ്ടൊക്കെ കോൺഗ്രസ് പോലും എഴുതിത്തള്ളിയ തിരഞ്ഞെടുപ്പാണ്. അവിടെ ജയിക്കാൻ കഴിയില്ലെന്ന് തിരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങിയ കാലത്തുതന്നെ കോൺഗ്രസ് ഉറപ്പിച്ചിരുന്നു. അതുകൊണ്ട് അവിടത്തെ എക്സിറ്റ് പോൾ ഫലങ്ങളെക്കുറിച്ചെന്തെങ്കിലും തർക്കമോ അഭിപ്രായ ഭിന്നതയോ ഉണ്ടെന്ന് തോന്നിയിട്ടില്ല. പക്ഷെ ഗുജറാത്തിലെ സ്ഥിതി അതല്ലെന്ന് പ്രതിപക്ഷം പറയുന്നു. അവിടെ കാര്യങ്ങൾ മാറിമറിയുമെന്നാണ് അവർ കരുതിയിരുന്നത്. അതിനവർ ആശ്രയിച്ചത് പട്ടീദാർ സമരക്കാരെയും ജിഗ്നേഷ് മിവാനിയെപ്പോലുള്ള ചില വ്യക്തികളെയും. അവർ എന്തൊക്കെയോ മാജിക് കാണിക്കുന്നുവെന്ന് അവർ കരുതി. അതിനുപിന്നാലെയാണ് നമ്മുടെ മാധ്യമപ്പടയും പ്രതീക്ഷയേറ്റിക്കൊണ്ട് യാത്രചെയ്തത്. അതുകൊണ്ട് നരേന്ദ്ര മോദിയുടെയും അമിത് ഷായുടെയും തട്ടകത്തിൽ ബിജെപി തകരാൻ പോകുന്നുവെന്ന് അവരെല്ലാംസ്വപ്നം കണ്ടു. ആ ദിവാ സ്വപ്നങ്ങളാണ് ഇപ്പോൾ എക്സിറ്റ് പോളുകളിലൂടെ തകർന്നടിഞ്ഞത്………. അത് കോൺഗ്രസുകാർക്ക് സമ്മാനിച്ച നിരാശ ചെറുതല്ലതന്നെ.

ഇവിടെ കാണേണ്ട മറ്റൊരുകാര്യം രാഹുലിന്റെ കിരീടധാരണമാണ്. നാളെ അത് ഡൽഹിയിൽ നടക്കാനിരിക്കുന്നു. ചടങ് വലിയ സംഭവമാക്കി മാറ്റാനാണ് കോൺഗ്രസ് തീരുമാനിച്ചിരിക്കുന്നത്. നാളെ ഡിസംബർ 16; മറ്റൊരു 36 മണിക്കൂറിനകം കോൺഗ്രസിന്റെ മറ്റൊരു കനത്ത പരാജയത്തിന്റെ പ്രഖ്യാപനം രാജ്യത്ത് നടക്കും. കോൺഗ്രസ് അധ്യക്ഷനായി ചുമതലയേൽക്കുമ്പോൾ തന്നെ പരാജയത്തിന്റെ അതും ദയനീയ തോൽവിയുടെ കഥയാണ് ഉയരുന്നത് എന്നത് ഒരു നേതാവിനും കോൺഗ്രസ് പാർട്ടിക്കും ഭൂഷണമല്ലല്ലോ. പക്ഷെ അനിവാര്യമായത് ഒഴിവാക്കാനാവില്ല.

അതിനിടയിൽ തോന്നിയ കുബുദ്ധിയാവണം ഗുജറാത്ത് വോട്ടെണ്ണലിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള തീരുമാനം. ഇന്ന് രാവിലെ ഹർജിയുമായി സുപ്രീം കോടതിയിൽ കോൺഗ്രസ് വക്കീലന്മാരെത്തി. വോട്ടിങ് യന്ത്രത്തിൽ പഴിചാരി മുഖം രക്ഷിക്കാനായുള്ള ശ്രമമാണ് ഇപ്പോൾ തുടങ്ങിയിരിക്കുന്നത്. യുപി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോഴത്തെ നാടകങ്ങൾ നാം കണ്ടതാണല്ലോ. അത് ആവർത്തിക്കാനുള്ള പുറപ്പാടാണ് എന്നുവ്യക്തം. സുപ്രീംകോടതിയിൽ നിന്ന് എന്തെങ്കിലുമൊരു പരാമര്ശമെങ്കിലും അനുകൂലമായുണ്ടായാൽ രക്ഷപ്പെട്ടു എന്ന് കരുതിയിരിക്കണം. ഇന്നിപ്പോൾ വോട്ടിങ് യന്ത്ര വിഷയത്തിൽ കോൺഗ്രസ് ഉന്നയിച്ചത് നാടകീയമായ കഥയാണ്. വെറും തെറ്റിദ്ധാരണ പുലർത്താനുള്ള ശ്രമങ്ങൾ. വോട്ടിങ് തുടങ്ങും മുൻപ് ഓരോ ബൂത്തിലും പതിവിലേറെ ശ്രദ്ധ ഇത്തവണ തിരഞ്ഞെടുപ്പ് കമ്മീഷൻ ചെലുത്തിയിരുന്നു. ഓരോ വോട്ടിങ് യന്ത്രത്തിലും പാർട്ടി പ്രതിനിധികൾക്ക് ആവശ്യമുള്ളത്ര പരീക്ഷണം നടത്താൻ അനുമതി നൽകി….. ഇപ്പോൾ പുതിയ തടസ്സവാദം ഉന്നയിക്കാനാണ് കോൺഗ്രസ് ശ്രമിച്ചു പരാജയപ്പെട്ടത്. ഇത്തവണ വോട്ടിങ് മെഷീന് ഒപ്പം ‘വോട്ടർ വെരിഫിയബിൾ പേപ്പർ ഓഡിറ്റ് ട്രയൽ’ ( VVPAT ) ചേർത്തിട്ടുണ്ട്. വോട്ടിങ് സംബന്ധിച്ച് എവിടെയെങ്കിലും ആശങ്കൾ ഉയർന്നാൽ വോട്ടിങ് ക്രമാനുഗതമാണോ എന്ന് പരിശോധിക്കാനുള്ള സംവിധാനമായിട്ടാണ് അത് കണക്കാക്കപ്പെടുന്നത്.

2017 ജൂലൈ മാസത്തിലാണ് VVPAT നടപ്പിലാക്കാൻ വിഷമമെന്താണ് എന്ന സുപ്രീം കോടതി ആരാഞ്ഞത്. ഗുജറാത്തിൽ അത് നടപ്പിലാക്കുന്നതു സംബന്ധിച്ചും കോടതി ആരാഞ്ഞിരുന്നു. അതിനെത്തുടർന്നാണ് എത്രയോ വോട്ടിങ് മെഷീൻ ഉണ്ടോ അത്രയും VVPAT കൂടിവാങ്ങാൻ കേന്ദ്രം തിരഞ്ഞെടുപ്പ് കമ്മീഷന് ധനസഹായം നൽകിയത്. വോട്ടിങ് മെഷീൻ സംബന്ധിച്ച ഊതിവീർപ്പിച്ച പരാതികൾക്ക് ശ്വാശ്വത പരിഹാരമാവുന്നു എന്നതാണ് ഇതിന്റെ പ്രാധാന്യം. ഇനി എന്താണ് VVPAT എന്നുകൂടി പരിശോധിക്കാം. വോട്ടിങ് യന്ത്രത്തിനൊപ്പം ഒരു സ്ലിപ് ലഭിക്കുന്ന മറ്റൊരു മെഷീൻ കൂടിയുണ്ടാവും. ഒരാൾ ഒരു വോട്ട് ചെയ്താൽ അതിനൊപ്പം ആർക്കാണ് വോട്ട് ചെയ്തത് എന്ന് കാണിക്കുന്ന സ്ലിപ് പുറത്തേക്ക് വരും. അത് അതേ വോട്ടർ ഒരു ബാലറ്റ് പെട്ടിയിൽ നിക്ഷേപിക്കും. വോട്ടിങ് യന്ത്രം സംബന്ധിച്ചോ വോട്ടിങ് സംബന്ധിച്ചോ എന്തെങ്കിലും തർക്കമോ സംശയമോ ഉയർന്നാൽ ആ പ്രത്യേക പെട്ടിയിൽ നിക്ഷേപിച്ച ബാലറ്റുകൾ കൂടി എണ്ണാൻ കഴിയും. താൻ ആർക്കാണ് വോട്ട് ചെയ്തതെന്ന് കാണിക്കുന്നതാണ് ഈ സ്ലിപ്പ് എന്നതിനാൽ വോട്ടർക്കും അക്കാര്യത്തിൽ സംശയമുണ്ടാവില്ല; വോട്ടർ തന്നെയാണ് അത് ബാലറ്റ് ബോക്സിൽ നിക്ഷേപിക്കുന്നതും. താൻ അമർത്തിയ ചിഹ്നത്തിലല്ല വോട്ട് പതിച്ചതെങ്കിൽ അപ്പോൾ തന്നെ വോട്ടർക്ക് അത് കാണാനും ബോധ്യപ്പെടാനും കഴിയും. സംശയത്തിന്റെ സൂചനകൾ മുളയിലേ നുള്ളിക്കളയുന്നതാണ് ഈ സംവിധാനം. അത് ഗുജറാത്തിൽ നടപ്പിലാക്കിയിരുന്നു. മാത്രമല്ല അവിടെ ഒരു ബൂത്തിലും ഒരു വോട്ടറും താൻ വോട്ട് ചെയ്ത ചിഹ്നത്തിലല്ല വോട്ട് പതിഞ്ഞത് എന്ന പരാതി ഉന്നയിച്ചില്ല എന്നത് പ്രധാനപ്പെട്ടതാണ്.

ഇപ്പോൾ ഒരു നിയോജക മണ്ഡലത്തിലെ ഒരു ബൂത്തിൽ മാത്രം എ ബാലറ്റുകൾ പരിശോധിക്കാനാണ്, എണ്ണാനാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചത്. മുൻപ് സുപ്രീംകോടതിയിൽ വന്നപ്പോഴത്തെ വിധികളും പരാമർശങ്ങളുമൊക്കെ കണക്കിലെടുത്താണ് ഇലെക്ഷൻ കമ്മീഷൻ ഇക്കാര്യത്തിൽ നിലപാടെടുത്തത് . എന്നാൽ സർവത്ര സ്ഥലത്തും അത് സാധ്യമല്ലെങ്കിൽ 25 ശതമാനം ബൂത്തുകളിലെങ്കിലും പോൾ ചെയ്ത എല്ലാവോട്ടും എണ്ണണം എന്നതാണ് കോൺഗ്രസിന്റെ ആവശ്യം. അങ്ങിനെ തീരുമാനിച്ചാൽ വോട്ടിങ് യന്ത്രം കൊണ്ട് എന്താണോ ഉദ്ദേശിച്ചത് അത് ഫലത്തിലില്ലാതാവും. പിന്നെ കോടതിക്ക് വ്യക്തമായ സംശയങ്ങൾ തോന്നാത്തിടത്തോളം ഇത്തരം ആവശ്യങ്ങൾ അംഗീകരിക്കുക അസാധ്യവുമാണല്ലോ. മാത്രമല്ല, ഒരു സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടപടി ക്രമങ്ങൾ ആരംഭിച്ചാൽ അതിലിടപെടാൻ കോടതിക്ക് കഴിയുകയുമില്ല. അതാണ് നമ്മുടെ രാജ്യത്തെ വ്യവസ്ഥ. അതൊക്കെ അറിയാത്തവരല്ല ഇന്നിപ്പോൾ കോടതിയിലെത്തിയത്. ജനങ്ങൾക്കിടയിൽ വേണ്ടാത്ത ആശയക്കുഴപ്പം അല്ലെങ്കിൽ പുകമറ സൃഷ്ടിക്കലാണ് അവരുദ്ദേശിച്ചത് …അതിനു സുപ്രീം കോടതിയിൽനിന്ന് കനത്ത തിരിച്ചടി കിട്ടുകയും ചെയ്തു..കോൺഗ്രസിന്റെ ആവശ്യം കോടതി നിരാകരിക്കുകയാണ് ചെയ്തത്.

ആരെങ്കിലും സുപ്രീം കോടതിയെ സമീപിക്കുന്നതിലൊന്നും തെറ്റില്ല. എന്തും കേൾക്കാനും തീരുമാനിക്കാനും കോടതികൾ തയ്യാറാവുകയുംവേണം. പക്ഷെ ഇവിടെ നാം കാണുന്നത് , നേരത്തെ സൂചിപ്പിച്ചതുപോലെ കോൺഗ്രസിന്റെ ഒരു തരം ബേജാറാണ്. ഹാലിളകി നടക്കുന്ന കോൺഗ്രസുകാർ. കാൽക്കീഴിലെ മണ്ണ് ഒലിച്ചുപോവുകമാത്രമല്ല കോൺഗ്രസ് അധ്യക്ഷനടക്കമുള്ള നേതാക്കൾ ബഹുജനസമക്ഷം തുറന്നുകാട്ടപ്പെടുകയും ചെയ്യുന്നു. വേറൊന്നു കൂടിയുണ്ട്, ഇനിഅടുത്തെങ്ങും അധികാരത്തിൽ തിരിച്ചെത്തില്ല എന്ന തിരിച്ചറിവും അവർക്കുണ്ടാവുന്നു. ഗുജറാത്തിൽ ജയിക്കില്ലെന്ന് അറിയാമായിരുന്നുവെങ്കിലും ബിജെപിക്ക് കനത്ത തിരിച്ചടി കൊടുക്കാനായാൽ പിടിച്ചുനിൽക്കാമെന്നും നാളെകളിൽ കോൺഗ്രസിന് ഭാവിയുണ്ടെന്ന പ്രതീതി രാജ്യമെമ്പാടും സൃഷ്ടിക്കാമെന്നും രാഹുൽ രക്ഷകനാണ് എന്ന് വരുത്തിത്തീർക്കാമെന്നും കോൺഗ്രസ് കരുതിയിരുന്നു. അതൊക്കെയാണ് ഇപ്പോൾ തകർന്നടിഞ്ഞത്. സാധാരണ കോൺഗ്രസുകാരിൽ ഒരു ആത്മവിശ്വാസം ഉണ്ടാക്കാനാവുന്നില്ല എന്നുമാത്രമല്ല ഇക്കൂട്ടരെ പ്രതീക്ഷിച്ചുകൊണ്ട് രാഷ്ട്രീയം മുന്നോട്ടുകൊണ്ടുപോകാനാവില്ല എന്ന തോന്നൽ മറ്റ് ഘടകകക്ഷികളിൽ സൃഷ്ടിക്കാനും ഇതൊക്കെ വഴിവെച്ചു. അവിടെ ഒരു പുകമറ സൃഷ്ടിക്കാനാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ശ്രമങ്ങൾ; അതാണ് സുപ്രീംകോടതിയുടെ പരീക്ഷിച്ചതും പരാജയപ്പെട്ടതും.

shortlink

Related Articles

Post Your Comments

Related Articles


Back to top button