KeralaLatest NewsNews

മുന്‍ നെയ്യാറ്റിന്‍കര എംഎല്‍എ ആര്‍ സെല്‍വരാജ്, ഗണ്‍മാന്‍ പ്രവീണ്‍ ദാസ് എന്നിവരെ അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: നെയ്യാറ്റിൻകര മുൻ എം എൽ എ ആർ സെൽവരാജിനെയും അദ്ദേഹത്തിൻറെ ഗൺമാൻ പ്രവീൺ ദാസിനെയും പോലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ചു. 2012 ൽ കോണ്‍ഗ്രസില്‍ ചേര്‍ന്ന ശേഷം നടന്ന ഉപതെരഞ്ഞെടുപ്പിന് തൊട്ടു മുൻപ് സെല്‍വരാജിന്റെ നെടിയാങ്കോടെ ദിവ്യ സദനത്തിന് തീവെച്ചെന്നതാണ് കേസ്. വീടിനോട് ചേർന്നുള്ള പൊലീസ് സംരക്ഷണത്തിനായി കെട്ടിയ ടെന്റിനും തീപിടിച്ചു.

സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം ആനാവൂര്‍ നാഗപ്പന്‍, ലോക്കല്‍ സെക്രട്ടറി വി താണുപിള്ള എന്നിവരുടെ നേതൃത്വത്തില്‍ വീടാക്രമിച്ച്‌ തീവെച്ചുവെന്നും തന്നെയും കുടുംബത്തെയും കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു എന്നും സെൽവരാജ് പരാതി നൽകിയിരുന്നു. അന്നത്തെ യു ഡി എഫ് സർക്കാർ കേസിൽ അന്വേഷണം നടത്തിയെങ്കിലും പരാതിയിൽ പറഞ്ഞതുപോലെ തീവെച്ചതിൽ ദുരൂഹത കണ്ടെത്താനായില്ല. തെങ്ങിന്‍ ചുവട്ടില്‍ കടലാസ് കത്തിച്ചപ്പോള്‍ തീപ്പൊരി വീണതാകാമെന്ന് കാണിച്ച്‌ സെല്‍വരാജ് ഉമ്മന്‍ചാണ്ടിക്ക് കത്ത് നല്‍കി.

എന്നാല്‍, പൊലീസ് ടെന്റ് ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ മുതലടക്കം കത്തിയതിനാല്‍ കേസ് പിന്‍വലിക്കാനാകുമായിരുന്നില്ല. വിശദമായ അന്വേഷത്തിലാണ് സെല്‍വരാജും ഗണ്‍മാനും ചേര്‍ന്ന് തീയിടുകയായിരുന്നുവെന്ന് കണ്ടെത്തിയത്. തീ പിടിച്ച വാർത്ത ആദ്യം അറിയിച്ച ഫോൺ നമ്പർ മൂലമാണ് ഇവരെ കണ്ടെത്തിയത്. പാറശാല കേന്ദ്രീകരിച്ചുള്ള ഒരു മണലൂറ്റുകാരന്റെ നമ്പറില്‍നിന്നാണ് വിളിച്ചത്. ഈ നമ്പര്‍ നാളുകളായി സെല്‍വരാജിന്റെ ഗണ്‍മാനാണ് ഉപയോഗിച്ചു വന്നത്. തന്റെ മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടതായി മണലൂറ്റുകാരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

തീവച്ചശേഷം ഗണ്‍മാന്‍ തന്നെയാണ് പൊലീസിനെ വിവരമറിയിച്ചത്. വേളാങ്കണ്ണിയില്‍ പോയതിനാല്‍ വീട്ടിലില്ലായിരുന്നുവെന്നാണ് സെല്‍വരാജ് അന്ന് മൊഴി നല്‍കിയത്. എന്നാല്‍, ഈ ദിവസങ്ങളില്‍ അദ്ദേഹം ആ പ്രദേശത്ത് ഉണ്ടായിരുന്നുവെന്നു കണ്ടെത്തി. തുടർന്ന് അറസ്റ്റ് ചെയ്യുമെന്ന ഘട്ടത്തിൽ ഇരുവരും ഹൈക്കോടതിയിൽ മുൻ‌കൂർ ജാമ്യത്തിന് അപേക്ഷ നൽകുകയായിരുന്നു. എന്നാൽ മുൻ‌കൂർ ജാമ്യം കോടതി നിഷേധിച്ചതോടെ ഇരുവരും അറസ്റ്റിലാകുകയായിരുന്നു. തുടർന്ന് ജാമ്യം അനുവദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button