KeralaLatest NewsNews

കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വേണ്ടി മെനഞ്ഞെടുത്ത കഥയാണോ ചാരക്കേസ് : ഉത്തരം നല്‍കാന്‍ ഹസന് ബാധ്യതയുണ്ടെന്ന് കുമ്മനം

തിരുവനന്തപുരം : ഐ എസ് ആര്‍ ഒ ചാരക്കേസിനെ തുടര്‍ന്ന് കെ കരുണാകരന് മുഖ്യമന്ത്രി പദം രാജിവയ്ക്കേണ്ടി വന്നത് കോണ്‍ഗ്രസ് ഗ്രൂപ്പ് പോര് മൂലമെന്ന കെ പി സി സി അധ്യക്ഷന്‍ എം എം ഹസന്‍റെ തുറന്ന് പറച്ചില്‍ ഗൌരവമുളളതെന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ഫേസ്ബുക്കിലൂടെയാണ് കുമ്മനം പ്രതികരിച്ചത്. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നീക്കാന്‍ വേണ്ടി മാത്രം മെനഞ്ഞെടുത്ത കഥയാണോ ചാരക്കേസ് എന്ന ചോദ്യത്തിന് ഉത്തരം നല്‍കാന്‍ ഹസന് ബാധ്യതയുണ്ട്.

ഇതിന് അദ്ദേഹം തയാറാകുന്നില്ലെങ്കില്‍ പൊലീസ് ഹസനെ ചോദ്യം ചെയ്യണം. പൊതുപ്രവര്‍ത്തനം എന്ന മുഖംമൂടിയുമായി ജനങ്ങളെ സമീപിക്കുന്ന കോണ്‍ഗ്രസ് നേതാക്കളെ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. കരുണാകരന്‍ മാറി ആന്‍റണി വരുന്നതോ ഐയില്‍ നിന്നും എയിലേക്ക് അധികാരം മാറുന്നതോ ഒന്നും സമൂഹത്തെ ബാധിക്കുന്ന വിഷയമല്ല . എന്നാല്‍ രാജ്യത്തിന്‍റെ അഭിമാന സ്തംഭമായ സ്ഥാപനത്തെ കരിവാരിത്തേച്ചത് എന്തിനെന്ന ചോദ്യത്തിന് കോണ്‍ഗ്രസ് നേതാക്കള്‍ ഉത്തരം പറഞ്ഞേ മതിയാകൂ.

വെറും ഗ്രൂപ്പ് വഴക്കായി ഇതിനെ കാണാനാവില്ല. അധികാരത്തിന് വേണ്ടി കോണ്‍ഗ്രസ് നേതാക്കള്‍ ഏതറ്റം വരെയും പോകുമെന്നതിന് തെളിവാണ് ഹസന്‍റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. സമഗ്രവും ശാസ്ത്രീയവുമായ ഒരു അന്വേഷണത്തിലൂടെ മാത്രമേ ഇക്കാര്യത്തിലുള്ള സംശയം നീക്കാന്‍ സാധിക്കൂ. ഇതിന് കേന്ദ്ര ഏജന്‍സികളുടെ സഹകരണം വേണമെങ്കില്‍ അതും തേടണം. ഇക്കാര്യത്തില്‍ രാഷ്ട്രീയം മറന്നുള്ള സഹകരണത്തിന് ബി ജെ പി തയാറാണ്. നമ്മെ ഭരിച്ചിരുന്നവര്‍ ഒറ്റുകാരായിരുന്നു എന്ന് വരും തലമുറ പറയുന്ന സാഹചര്യം ഒഴിവാക്കണമെന്നും കുമ്മനം ആവശ്യപ്പെടുന്നു. ഇവരുടെ ലക്ഷ്യം രാഷ്ട്ര പുരോഗതിയോ സമൂഹ നന്മയോ അല്ല. രാജ്യത്തെ വഞ്ചിച്ചും അധികാരക്കസേര ഉറപ്പിക്കുകയാണ്.

ഇവരുടെ സങ്കുചിത കുടില ചിന്തകള്‍ മൂലം നിരപരാധികളായ എത്രയോ ശാസ്ത്രജ്ഞരുംസമുന്നതരും ആയ വ്യക്തികള്‍ വഴിയാധാരമായി. അവരുടെ കുടുംബങ്ങളെ ഓര്‍ത്തെങ്കിലും ഹസനെ പോലുള്ളവര്‍ കാര്യങ്ങള്‍ തുറന്ന് പറയണമെന്ന് കുമ്മനം കുറിക്കുന്നു. ഇതിനെ ആത്മകഥയുടെ വില്‍പന മൂല്യം കൂട്ടാനുള്ള വഴിയായി കാണരുത്. ഹസന്‍ ഉത്തരവാദിത്തമുള്ള പൊതുപ്രവര്‍ത്തകന്‍റെ ധര്‍മ്മം നിറവേറ്റണം. ആഭ്യന്തരവകുപ്പും ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. രാജ്യസുരക്ഷയെ ബാധിക്കുന്ന സംഭവത്തെ കുറിച്ചുളള സുപ്രധാന വെളിപ്പെടുത്തലായി ഹസന്‍റെ പ്രസ്താവനയെ കാണണം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button