KeralaLatest NewsNews

ജൂനിയര്‍ ഡോക്ടര്‍മാരുടെ സമരം: ബദല്‍ സംവിധാനം ഏര്‍പ്പെടുത്തി

തിരുവനന്തപുരം•പി.ജി. ഡോക്ടര്‍മാരും ഹൗസ് സര്‍ജന്‍മാരും മെഡിക്കല്‍ വിദ്യാര്‍ത്ഥികളും ദ്രുതഗതിയില്‍ ആഹ്വാനം ചെയ്ത പണിമുടക്കുസമരത്തില്‍ രോഗികള്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരമാവധി കുറയ്ക്കാനുള്ള എല്ലാ മുന്നൊരുക്കങ്ങളും ചെയ്തതായി മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷര്‍മ്മദ്. രോഗികള്‍ക്ക് ബുദ്ധിമുട്ടുണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകളെടുക്കാന്‍ എല്ലാ വകുപ്പ് മേധാവികള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആവശ്യമായ സ്ഥലങ്ങളില്‍ ഡോക്ടര്‍മാരെ പുനര്‍വിന്യസിക്കും. ഇതോടൊപ്പം ലീവിലുള്ള ഡോക്ടര്‍മാരോട് അടിയന്തിരമായി ഡ്യൂട്ടിക്ക് ഹാജരാകാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും സൂപ്രണ്ട് വ്യക്തമാക്കി.

വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാല സമരം നടത്തുന്നുവെന്ന നോട്ടീസ് ആശുപത്രി സൂപ്രണ്ടിന് ലഭിക്കുന്നത് വ്യാഴാഴ്ച വൈകുന്നേരം 4.30നാണ്. ഓഫീസ് പ്രവൃത്തി സമയം അവസാനിക്കുന്നതിന് തൊട്ടുമുമ്പുള്ള ഈ നോട്ടീസ് ഡോക്ടര്‍മാര്‍ക്കും രോഗികള്‍ക്കും വളരെയേറെ ബുദ്ധിമുട്ടുണ്ടാക്കുമെന്ന് സമര ഭാരവാഹികളോട് സൂപ്രണ്ട് വ്യക്തമാക്കി. ജനത്തിരക്കുള്ള മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മുന്നൊരുക്കങ്ങള്‍ സജ്ജമാക്കാന്‍ വേണ്ടത്ര സാവകാശം നല്‍കാതെ സമരത്തിന് പോകുന്നത് ജനങ്ങള്‍ക്ക് വളരെയധികം ബുദ്ധിമുട്ടുണ്ടാക്കും. മാത്രമല്ല ഡോക്ടര്‍മാരുടെ സമര ചരിത്രത്തിലെ കീഴ് വഴക്കങ്ങളുടെ തന്നെ ലംഘനമാണിത്.

ഈ സമര പ്രഖ്യാപനമൊന്നുമറിയാതെ വിദൂര സ്ഥലങ്ങളില്‍ നിന്നും നൂറുകണക്കിന് പേരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയ്‌ക്കെത്തുന്നത്. ചിലരെല്ലാം തലേദിവസം തന്നെ സമീപ പ്രദേശങ്ങളില്‍ താമസിക്കുകയും ചെയ്യുന്നു. ചിലര്‍ക്കെല്ലാം അടിയന്തിര തുടര്‍ ചികിത്സയും ആവശ്യമാണ്. അതിനാല്‍ രോഗികളോടുള്ള ഈ മനുഷ്യത്വരഹിതമായ സമീപനത്തില്‍ നിന്നും പിന്‍മാറണമെന്നും സൂപ്രണ്ട് അവരോട് അഭ്യര്‍ത്ഥിച്ചു. ഇക്കാര്യം മനസിലാക്കിയ സമര നേതാക്കള്‍ രാത്രിയില്‍ ചര്‍ച്ചചെയ്ത് അറിയിക്കാമെന്നാണ് പറഞ്ഞിരിക്കുന്നത്. എന്നാല്‍ അവര്‍ ഒരുറപ്പും നല്‍കാത്തതിനാല്‍ ബദല്‍ സംവിധാനങ്ങള്‍ ഒരുക്കിക്കിക്കൊണ്ടിരിക്കുകയാണെന്ന് സൂപ്രണ്ട് അറിയിച്ചു.

shortlink

Post Your Comments


Back to top button