
ഓപ്പറേഷന്‍ സിന്ദൂരിന് രണ്ടാം ഘട്ടമുണ്ടെന്ന് സൂചന നല്‍കി കേന്ദ്രം. ഇന്ത്യയുടെ പട്ടികയിലുള്ള 21 ഭീകര കേന്ദ്രങ്ങളില്‍ കഴിഞ്ഞ രാത്രി ആക്രമിച്ചത് 9 എണ്ണം മാത്രമാണ്. പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളടക്കം ആക്രമിക്കാന്‍ മടിക്കില്ലെന്ന് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സാധാരണക്കാരെ ആക്രമിച്ചാല്‍ തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. ഇന്ന് സര്‍വകക്ഷിയോഗം ദില്ലിയില്‍ ചേരുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിലാണ് യോഗം.
പഹല്‍ഗാം ഭീകരാക്രമണത്തിന് ഇന്ത്യ നല്‍കിയ മറുപടിയില്‍ പാകിസ്ഥാനില്‍ 31 പേര്‍ കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ചു. 41 പേര്‍ക്ക് പരിക്കേറ്റു. ഇനിയും പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് ഇന്ത്യന്‍ തീരുമാനം. പാക് ഷെല്ലാക്രമണത്തില്‍ പൂഞ്ചില്‍ സൈനികന്‍ വീരമൃത്യു വരിച്ചു. ലാന്‍സ് നായിക് ദിനേഷ് കുമാറാണ് വീരമൃത്യു വരിച്ചത്.
പഹല്‍ഗാമിലെ ഭീകരാക്രണത്തിന്റെ മറുപടി ഓപ്പറേഷല്‍ സിന്ദുരില്‍ അവസാനിക്കില്ലെന്ന് വ്യക്തമാക്കുകയാണ് ഇന്ത്യ. ഇനിയും പാക് പ്രകോപനമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കാനാണ് തീരുമാനം. സൈനിക കേന്ദ്രങ്ങള്‍ ആക്രമിക്കാന്‍ മടിക്കില്ലെന്നാണ് ഇന്ത്യന്‍ മുന്നറിയിപ്പ്. പാകിസ്ഥാന്റെ കൂടുതല്‍ തീവ്രവാദ ക്യാമ്പുകള്‍ ഇന്ത്യ ഉന്നം വയ്ക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നിയന്ത്രണ രേഖയിലെ സാധാരണക്കാര്‍ക്ക് നേരെയുള്ള നടപടിക്ക് തക്കതായ തിരിച്ചടി നല്‍കാന്‍ സൈന്യത്തിന് സ്വാതന്ത്ര്യം നല്‍കി. അതിനിടെ അടിയന്തിര സാഹചര്യം പരിഗണിച്ച് നേപ്പാള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയിലുള്ള സംസ്ഥാനങ്ങള്‍ അവശ്യ വസ്തുക്കള്‍ ഉറപ്പാക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നിര്‍ദേശിച്ചു. ദുരന്ത നിവാരണ സേന, സിവില്‍ ഡിഫന്‍സ്, ഹോം ഗാര്‍ഡുകള്‍, എന്നിവര്‍ ഏത് സാഹചര്യത്തെയും നേരിടാന്‍ സജ്ജരാകണമെന്നാണ് നിര്‍ദ്ദേശം.
കശ്മീരില്‍ ഇന്നും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. ശ്രീനഗര്‍ എയര്‍പോര്‍ട്ട് ഇന്നും അടച്ചിടും. ജമ്മു കശ്മീരില്‍ കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു. അതിനിടെ ഇന്ത്യക്ക് തിരിച്ചടി നല്‍കുമെന്ന പ്രസ്താവനയുമായി പാകിസ്ഥാന്‍ പ്രധാനമന്ത്രി രംഗത്തെത്തി. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതിനിടെയാണ് പാകിസ്ഥാന്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കിയത്. തിരിച്ചടി നല്‍കാന്‍ ഏതറ്റം വരെയും പോകുമെന്നും പാക് പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പറഞ്ഞു. ഇരു രാജ്യങ്ങളും ഇനി പ്രശ്‌നങ്ങളുണ്ടാക്കരുതെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ആവശ്യപ്പെട്ടു. ഇന്ത്യ പകരംവീട്ടിയെന്നും ഇനി ആക്രമിക്കില്ലെന്നാണ് പ്രതീക്ഷയെന്നും ട്രംപ് പറഞ്ഞു.
Post Your Comments