Latest NewsNewsGulf

ഖത്തറില്‍ പ്രവാസികള്‍ക്ക് പുതിയ നിയമം : പ്രവാസികള്‍ സന്തോഷത്തില്‍

ദോഹ:ഖത്തറില്‍ പ്രവാസികള്‍ക്ക് പുതിയ നിയമം.  തെരഞ്ഞെടുത്ത മേഖലകളില്‍ വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും സ്വന്തം പേരില്‍ വാങ്ങാന്‍ അനുമതി നല്‍കുന്ന കരട് നിയമത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. നിയമം നടപ്പിലായാല്‍ പ്രത്യേക മേഖലകളില്‍ വിദേശികള്‍ക്ക് ഭൂമി വാങ്ങാനും താമസത്തിനും വാണിജ്യാവശ്യങ്ങള്‍ക്കും സ്വന്തം പേരില്‍ കെട്ടിടങ്ങള്‍ വാങ്ങാനും കഴിയും.

ഖത്തറിലെ പ്രവാസി സമൂഹം ഏറെക്കാലമായി പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ടു സുപ്രധാന നിയമങ്ങള്‍ ഉടന്‍ മന്ത്രിസഭയുടെ പരിഗണനക്കെത്തുമെന്ന് കഴിഞ്ഞ മാസം 28ന് ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ പ്രധാനമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫാ അല്‍താനി അറിയിച്ചിരുന്നു.. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സന്തോഷത്തോടെ ഏറ്റെടുത്ത പ്രവാസി സമൂഹം നിയമം എപ്പോള്‍ നടപ്പിലാകുമെന്ന് അക്ഷമയോടെ കാത്തിരിക്കുന്നതിനിടെയാണ്.

ഇതുസംബന്ധിച്ച കരട് നിയമത്തിന് മന്ത്രിസഭ കഴിഞ്ഞ ദിവസം അംഗീകാരം നല്‍കിയത്. പുതിയ കരട് നിയമപ്രകാരം ഭൂമിക്ക് പുറമെ താമസ – വാണിജ്യാവശ്യങ്ങള്‍ക്കുള്ള കെട്ടിടങ്ങളും പ്രവാസികള്‍ക്ക് സ്വന്തം ഉടമസ്ഥതയില്‍ വാങ്ങാനാവും. ഏതൊക്കെ പ്രദേശങ്ങളിലാണ് വിദേശികള്‍ക്ക് ഭൂമിയും കെട്ടിടങ്ങളും അനുവദിക്കുകയെന്ന കാര്യത്തില്‍ മന്ത്രിസഭയാണ് തീരുമാനമെടുക്കുക.

രാജ്യത്തിന് മഹത്തായ സംഭാവനകള്‍ നല്‍കിയ വിദേശികള്‍ ഉള്‍പെടെ ചില പ്രത്യേക വിഭാഗങ്ങളില്‍ പെട്ട വിദേശികള്‍ക്ക് സ്ഥിരം താമസാനുമതി നല്‍കുന്ന കാര്യവും പരിഗണനയിലുണ്ടെന്നും പ്രധാന മന്ത്രി ദേശീയ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഉറപ്പ് നല്‍കിയിരുന്നു. മന്ത്രി സഭ അംഗീകരിച്ച ഈ കരട് നിയമവും ഇപ്പോള്‍ ശൂറാ കൗണ്‍സിലിന്റെ പരിഗണനയിലാണ്.

ശുറകൗണ്‍സില്‍ കൂടി അംഗീകരിക്കുന്നതോടെ രണ്ടു സുപ്രധാന നിയമങ്ങളും വൈകാതെ നിലവില്‍ വരുമെന്നാണ് സൂചന. അമീര്‍ ഷെയ്ഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പ്രത്യേക നിര്‍ദേശപ്രകാരമാണ് ഇക്കാര്യങ്ങളില്‍ രാജ്യം നിര്‍ണായക ചുവടുവെപ്പുകള്‍ നടത്തുന്നത്.

 

 

shortlink

Post Your Comments


Back to top button