Latest NewsEditorial

വിവാദങ്ങള്‍ ബാക്കിയാക്കി ലോക കേരള സഭ വിടപറയുമ്പോള്‍

പിണറായി സര്‍ക്കാര്‍ തങ്ങളുടെ മുഖചായ സംരക്ഷിക്കാന്‍ കൊട്ടിഘോഷിച്ചുകൊണ്ടുവന്ന പരിപാടിയാണ് ലോക കേരള സഭ. ലോകത്തിലെ വിവിധ കോണുകളില്‍ ഉള്ള മലയാളികള്‍ക്ക് ഒന്നിച്ചു കൂടാന്‍ ഒരു വേദി. അതാണ് ലോക കേരള സഭ. രണ്ടു ദിവസത്തെ പ്രഥമ സമ്മേളനം അവസാനിക്കുമ്പോള്‍ ബാക്കിയാവുന്നത് വിവാദങ്ങള്‍ മാത്രം. വാക്കുകള്‍ കൊണ്ടുള്ള സ്നേഹപ്രകടങ്ങള്‍ക്കും പദ്ധതി പ്രഖ്യാപനങ്ങള്‍ക്കും പുറമേ ഈ സമ്മേളനം എന്തു നല്‍കി? ജാതി മത വേര്‍തിരുവുകള്‍ ഇല്ലാതെ തൊഴിലാളി മുതല്‍ മുതലാളി വിവേചനമില്ലാതെ എല്ലാവരെയും ഒന്നിച്ചൊരുവേദിയില്‍ അണിനിരത്തിയ ഈ ചടങ്ങ് കേരളത്തിനു മുതല്‍ക്കൂട്ട്  ആകുമോ? അതോ ഇതുമൊരു പാഴ് സ്വപ്നമായി മാറുമോ? ചടങ്ങിലെ ആദ്യ ദിവസം മുനീറില്‍  തുടങ്ങിയ വിവാദവും പരിഭവവും ചടങ്ങ് തീര്‍ന്നിട്ടും ഒഴിയുന്നില്ല.

പ്രവാസികൾക്കായുള്ള ലോക കേരള സഭയിൽ ആരംഭത്തില്‍ തന്നെ കല്ലുകടിയുണ്ടായി. സീറ്റ് തര്‍ക്കത്തെ ചൊല്ലി ലോക കേരള സഭയില്‍ നിന്ന് പ്രതിപക്ഷ ഉപനേതാവ് എം.കെ മുനീര്‍ ഇറങ്ങിപ്പോയി. മുന്‍ നിരയില്‍ സീറ്റ് നല്‍കിയതിന് ശേഷമാണ് അദ്ദേഹം പിന്നീട് തിരിച്ചെത്തിയത്. വ്യവസായികള്‍ അടക്കമുളളവര്‍ക്ക് പിന്നിലായിട്ടാണ് മുനീറിന് സീറ്റ് നല്‍കിയത്. ഇതുകൂടാതെ ഈ സഭയില്‍ നോമിനേറ്റ് ചെയ്ത അംഗങ്ങളില്‍ ഭൂരിഭാഗവും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയോട് ആഭിമുഖ്യം പുലര്‍ത്തുന്നവരാണന്നുള്ള ആക്ഷേപം ഉയരുന്നുണ്ട്. സിബിഐ എന്‍ഫോഴ്‌സ്‌മെന്റ് കേസുകളില്‍ പ്രതിയായിട്ടുള്ള ആളും സഭയില്‍ പ്രതിനിധിയാകുന്നുണ്ട്. ഇതെല്ലം കൊണ്ട് തന്നെ ലോക കേരളസഭ സിപിഎം ഗൂഢാലോചനയുടെ ഭാഗമാണെന്ന ബിജെപിയുടെ വിമര്‍ശനം ശക്തമാകുകയാണ്.

അതിനൊപ്പം കേന്ദ്രമന്ത്രിയുമായ അല്‍ഫോന്‍സ് കണ്ണന്താനം തനിക്ക് ലോക കേരളസഭയില്‍ പങ്കെടുക്കാനുള്ള അറിയിപ്പ് കിട്ടിയത് വളരെ വൈകി വെള്ളിയാഴ്ച മാത്രമെന്ന് പറയുമ്പോള്‍ ഇതില്‍ നിന്നും എന്തു മനസിലാക്കാം? പിണറായി മുഖ്യന് പ്രിയപ്പെട്ടവന്‍ കൂടിയാണ് അല്‍ഫോന്‍സ് കണ്ണന്താനം. അത്തരം ഒരു വ്യക്തി തന്നെ ഇത്തരം ഒരു ആക്ഷേപം ഉന്നയിക്കുമ്പോള്‍ തിരക്കിട്ട സംഘാടനത്തിന്റെ നൂലാമാലകള്‍ക്കപ്പുറം പരിപാടിയെ സര്‍ക്കാര്‍ വീക്ഷിക്കുന്നതെങ്ങനെയെന്നതിന്റെ സൂചന കൂടിയാണ് വെളിപ്പെടുന്നത്. സഭയുടെ സമാപനത്തിലാണ് കണ്ണന്താനം പരാതിപ്പെട്ടത്. ഔദ്യോഗിക തിരക്കിനിടയില്‍ കണ്ണന്താനം ഈ പരിപാടിയുടെ കാര്യം വിട്ടുപോയതാകാമെന്നു മുഖ്യമന്ത്രി പറഞ്ഞു.അദ്ദേഹം പരാതിപറഞ്ഞപ്പോള്‍ത്തന്നെ എന്തെങ്കിലും വീഴ്ച സംഭവിച്ചോയെന്നു താന്‍ അന്വേഷിച്ചു. ക്ഷണം സ്വീകരിച്ച്‌ അദ്ദേഹം കത്തയച്ചിരുന്നതായി ഉറപ്പാക്കിയെന്നും മുഖ്യന്‍ മറുപടി പറഞ്ഞു.

വിദേശത്തുള്ള പ്രവാസി വ്യവസായ വാണിജ്യ സംരംഭകരുമായി ബന്ധം പുലര്‍ത്തുന്നതിനു പ്രവാസി വാണിജ്യ ചേംബറുകള്‍ക്കു രൂപം നല്‍കുമെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറയുന്നു. ഒരോ വിദേശമേഖലയ്ക്കും പ്രത്യേക ചേംബര്‍ ഉണ്ടാകും. ഇവരും കേരളത്തിലെ ചേംബറുകളും തമ്മില്‍ സൗഹൃദം വളര്‍ത്തിയെടുത്ത് ആഗോളതലത്തില്‍ മലയാളി വ്യവസായ, വാണിജ്യ സംരംഭക കൂട്ടുകെട്ട് ഉണ്ടാക്കാനാണ് ഉദ്ദേശിക്കുന്നതെന്നു മുഖ്യമന്ത്രി പറഞ്ഞു. കൂടാതെ പ്രവാസി സമൂഹത്തോട് അവര്‍ അര്‍ഹിക്കുന്ന തരത്തിലുള്ള കരുതല്‍ ഇതുവരെയും സര്‍ക്കാര്‍ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നു മുഖ്യമന്ത്രി തന്നെ സമ്മതിക്കുന്നു. കേരള മൈഗ്രേഷന്‍ സര്‍വേ അനുസരിച്ച്‌ 24 ലക്ഷം കേരളീയര്‍ പ്രവാസികളാണ്. 12.52 ലക്ഷം പ്രവാസികള്‍ തിരിച്ചെത്തി. അതുകൊണ്ട് തന്നെ കേരള വികസനനിധി പദ്ധതി രൂപീകരിക്കും. നിശ്ചിത തുക പ്രഖ്യാപിത പ്രവാസി സംരംഭങ്ങളില്‍ ഓഹരിയായി നിക്ഷേപിക്കാന്‍ തയാറുള്ള പ്രവാസികള്‍ക്കു മടങ്ങിയെത്തുമ്പോള്‍ യോഗ്യതയ്ക്കനുസൃതമായ തൊഴില്‍ ഏതെങ്കിലും സ്ഥാപനത്തില്‍ നേടുന്നതിന് അവകാശം നല്‍കും. ഗള്‍ഫില്‍നിന്നു വരുമ്പോള്‍ നാട്ടില്‍ തൊഴില്‍ ഉറപ്പുവരുത്താനുള്ള നിക്ഷേപം എന്ന നിലയില്‍ ഇതു പുതിയ കാല്‍വയ്പ് കൂടിയാണെന്ന് ആദ്യ സമ്മേളനത്തില്‍ മുഖ്യന്‍ പറഞ്ഞു. പ്രവാസികള്‍ക്ക് പുതിയ സംരംഭത്തിനു പ്രത്യേക വായ്പാ സൗകര്യം. സംരംഭകര്‍ക്കു നാട്ടിലേക്കുള്ള മടക്കത്തിനു മുന്‍പ് തന്നെ ആശയവിനിമയത്തിന് ഏജന്‍സി തുടങ്ങിയ രൂപീകരിക്കും.

പ്രവാസി സംഘടനകളെ ഏകോപിപ്പിച്ചു രോഗബാധിതര്‍ക്കും അപകടം സംഭവിക്കുന്നവര്‍ക്കും തൊഴില്‍ നഷ്ടമാകുന്നവര്‍ക്കും സംരക്ഷണം നല്‍കാന്‍ പദ്ധതി. എല്ലാ രാജ്യങ്ങളിലും പ്രവാസി പ്രൊഫഷനല്‍ സമിതി. പ്രൊഫഷനലുകളുടെ സേവനം ഗവേഷണ, വ്യവസായ സ്ഥാപനങ്ങള്‍ക്ക്.വിദേശത്ത് അപകടത്തില്‍ മരിക്കുന്നവരുടെ കുടുംബങ്ങള്‍ക്കു സാമ്പത്തിക സഹായം പരിഗണിക്കും. പ്രവാസികള്‍ക്കു നിയമസഹായം ലഭിക്കുന്ന കാര്യങ്ങള്‍ വിപുലപ്പെടുത്തും.തിരിച്ചുവരുന്ന പ്രവാസികളുടെ പുനരധിവാസത്തിനുള്ള കാര്യങ്ങള്‍ ആലോചിക്കും. വിദേശരാജ്യങ്ങള്‍ വിട്ടുവരുന്ന പ്രവാസികളുടെ കുട്ടികളുടെ പഠനം ഇവിടെ തുടരുന്നതിനു സൗകര്യം ഒരുക്കും.

ഈ പറഞ്ഞെതെല്ലാം മികച്ച കാര്യങ്ങള്‍ തന്നെയാണ്. എന്നാല്‍ ഒന്ന് ചോദിക്കട്ടെ എന്തുകൊണ്ടാണ് ഇതുവരെ പ്രവാസികളെ കുറിച്ച്‌ ഒരു നല്ല സര്‍വേ പോലും നടത്താന്‍ സര്‍ക്കാര്‍ തയ്യറാക്കാത്തത്? പല പ്രവാസികളും ഈ ചോദ്യം ഉയര്‍ത്തുന്നുണ്ട്. സീ ഡി എസ് ചില പഠനങ്ങള്‍ ഒക്കെ നടത്തിയിട്ടുണ്ടെങ്കിലും, പ്രവാസി എന്ന് പറഞ്ഞാല്‍ ‘ ഗള്‍ഫ്’ എന്നതില്‍ കവിഞ്ഞൊന്നും ഇവിടുത്തെ സര്‍ക്കാരിനില്ലെന്നതാണ് വിമര്‍ശനം. അത് ശരിയല്ലെ? എത്രയോ ജനങ്ങള്‍ വിവിധയിടങ്ങളില്‍ ജോലി ചെയ്യുന്നു. അവരുടെ വിവരങ്ങള്‍ കൃത്യമായ രീതിയില്‍ രേഖപ്പെടുത്തുകയോ അവരോടു സംവദിക്കാനുള്ള ഒരു സംവിധാനം ഒരുക്കാനൊ ഇത് വരെയും സര്‍ക്കാരിന് സാധിച്ചിട്ടില്ല. പിന്നെ ഒരു മഹാ സംഭവവുമായി എങ്ങനെ പല പദ്ധതികള്‍ പ്രഖ്യാപിച്ചിട്ടു എന്തു പ്രയോജനം?. വിവാദങ്ങള്‍ മാത്രമായി അവശേഷിക്കാതെ ലോക കേരള സഭയിലെ പദ്ധതികള്‍ നടപ്പിലാകുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കാം.

Tags

Related Articles

Post Your Comments


Back to top button
Close
Close