Latest NewsNewsInternational

പാക്കിസ്ഥാനില്‍ 7 വയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസി പിടിയില്‍

ലാഹോര്‍: പാക്കിസ്ഥാനില്‍ ഏഴ് വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ അയല്‍വാസിയായ 23കാരന്‍ അറസ്റ്റില്‍. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ കസൂറിലുള്ള സൈനബ് എന്ന കുട്ടിയാണ് ക്രൂരമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ വന്‍ പ്രതിഷേധമാണ് ഉയരുന്നത്. ഇതിനിടെയാണ് അയല്‍വാസിയെ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ഇമ്രാന്‍ അലിയെന്നയാളെയാണ് പോലീസ് പിടികൂടിയത്. ഇയാള്‍ കുറ്റസമ്മതം നടത്തിയെന്നുമാണ് വിവരം. പ്രതി പെണ്‍കുട്ടിയുടെ കുടുംബത്തിന് പരിചയമുള്ള ആളാണെന്നും സ്ഥിരം അവരുടെ വീട്ടില്‍ പോകാറുണ്ടെന്നും പോലീസ പറഞ്ഞു. ഇയാളെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നെങ്കിലും പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരം വിട്ടയയ്ക്കുകയായിരുന്നു. ഇമ്രാന്‍ ഇത്തരത്തില്‍ ചെയ്യില്ലെന്നായിരുന്നു പെണ്‍കുട്ടിയുടെ കുടുംബം പറഞ്ഞത്.

അതേ സമയം ഇയാള്‍ കുറ്റം സമ്മതിച്ചുവെന്നും എന്നാല്‍ ഡിഎന്‍എ ടെസ്റ്റിന് ശേഷമേ ഉറപ്പിക്കാന്‍ സാധിക്കൂ എന്നും പോലീസ് പറഞ്ഞു. ഡിഎന്‍എ ടെസ്റ്റിനുള്ള നീക്കങ്ങള്‍ നടത്തിക്കഴിഞ്ഞെന്നും പോലീസ് പറഞ്ഞു.

ജനുവരി അഞ്ചിനാണ് സൈനബിനെ കാണാതാവുന്നത്. മതപഠന കേന്ദ്രത്തിലേക്ക് പോകും വഴിയാണ് കുട്ടിയെ കാണാതാവുന്നത്. മാതാപിതാക്കള്‍ വിദേശത്തായിരുന്നതിനാല്‍ കുട്ടിയെ സംരക്ഷിച്ചിരുന്നത് ആന്റിയായിരുന്നു.

കാണാതായതിനെ തുടര്‍ന്ന് സിസി ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പരിചിതമില്ലാത്ത ഒരാള്‍ക്കൊപ്പം കുട്ടി നടക്കുന്ന ദൃശ്യങ്ങള്‍ ലഭിച്ചത്. പിന്നീട് ജനുവരി ഒമ്പതിനാണ് റോഡിന് വശത്തുനിന്നും കുട്ടിയുടെ മൃതദേഹം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തോടെയാണ് കുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു എന്ന വിവരം പുറത്തു വരുന്നത്.

സംഭവത്തില്‍ പ്രതികളെന്ന് സംശയിക്കുന്ന 1000 പേരുടെ ഡിഎന്‍എ ടെസ്റ്റ് നടത്തിക്കഴിഞ്ഞു. പ്രതിയെ കണ്ടെത്താനായ് ഞായറാഴ്ച പാക്കിസ്ഥാന്‍ സുപ്രീം കോടതി 72 മണിക്കൂര്‍ സമയമാണ് പോലീസിന് നല്‍കിയിരിക്കുന്നത്.

shortlink

Post Your Comments


Back to top button