Latest NewsArticleParayathe Vayya

അബ്ദുള്‍ കലാമിന്റെ പാത പിന്തുടര്‍ന്ന് കോവിന്ദും പൊതു ഖജനാവ് ദുരുപയോഗം നിറുത്തുന്നു

ഇന്ത്യന്‍ ജനതയുടെ സിരകളില്‍ ജ്വലിച്ച് നില്‍ക്കുന്ന പേരാണ് മുന്‍ രാഷ്ട്രപതി ഡോ.എപിജെ അബ്ദുല്‍ കലാമിന്‌റെത്. ശാസ്ത്രജ്ഞനെന്ന നിലയിലും ഭരണാധികാരി എന്ന നിലയിലും പ്രാഗത്ഭ്യം പ്രകടിപ്പിക്കുകയും ലളിതമായ ജീവിത രീതി ആര്‍ക്കും സാധ്യമാകുമെന്നും നമുക്ക് മുന്നില്‍ തെളിയിച്ച് തന്ന മഹത് വ്യക്തിത്വമായിരുന്നു അദ്ദേഹം. അദ്ദേഹത്തിന്‌റെ പാത പിന്തുടരണമെന്ന് ആഗ്രഹിക്കുന്നവരാണ് രാജ്യത്ത് വിരിഞ്ഞു വരുന്ന ഓരോ കുരുന്നുകളും. ആഡംബരം മുഖമുദ്രയാക്കുന്ന ഭരണാധികാരികള്‍ ഉള്ള ഈ ലോകത്തിനു മുന്നില്‍ മാതൃകയായി തിളങ്ങുകയാണ് അദ്ദേഹത്തിന്‌റെ ഓര്‍മ്മകള്‍. രാഷ്ട്രപതി എന്ന സ്ഥാനത്തേക്ക് അടുത്തിടെയെത്തിയ റാം നാഥ് കോവിന്ദും അബ്ദുള്‍ കലാമിന്‌റെ പാത പിന്തുടര്‍ന്ന് രാജ്യത്തിന് മികച്ച മാതൃകയായി മാറുമെന്ന് നമുക്ക് മുന്നില്‍ തെളിയിക്കപ്പെട്ട് കഴിഞ്ഞു.

രാഷ്ടീയപരമായി ആര്‍എസ്എസ് പശ്ചാത്തലമുള്ള കോവിന്ദ് അടുത്തിടെ ഒരു തീരുമാനമെടുത്തിരുന്നു. രാഷ്ട്രപതി ഭവനില്‍ നടത്തി വരാറുള്ള ഇഫ്താര്‍ വിരുന്ന് ഉപേക്ഷിക്കുക. എന്തിനും ഏതിനും വിമര്‍ശനവും അനാവശ്യ വിവാദവും മാത്രം ശീലമാക്കിയ ചിലര്‍ ഇതിലും വിവാദത്തിന്‌റെ കൊടുങ്കാറ്റ് വീശിയിരുന്നു. എന്നാല്‍ മതേതരമെന്നതിനെ ഉയര്‍ത്തിപിടിച്ചാണ് രാഷ്ട്രപതി ഈ തീരുമാനമെടുത്തതെന്ന് ആരും ഹൃദയശുദ്ധിയോടെ കണ്ടില്ല. ഭാരതത്തിന്‌റെ മതേതരത്ത്വത്തേയും, തുല്യമായി എല്ലാവര്‍ക്കും ലഭ്യമാകുന്ന സംശുദ്ധ ഭരണത്തേയും പ്രതിനിധീകരിക്കുന്ന രാഷ്ട്രപതി ഭവനില്‍ ഇത്തരമൊരു തീരുമാനമെടുത്തത് പ്രശംസനീയമാണെന്നതില്‍ ഒട്ടും സംശയം വേണ്ട. ഇത് ചൂണ്ടിക്കാട്ടി തന്നെയാണ് രാഷ്ട്രപതി ഈ തീരുമാനത്തിലെത്തിയതും ഉത്തമ മാതൃകയായി തീര്‍ന്നതും.

പൊതു ജനങ്ങളില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി പണം കൊണ്ട് രാഷ്ട്രപതി ഭവന് വേണ്ടി മാത്രമായി മതപരമായ ആഘോഷങ്ങള്‍ നടത്തുക എന്നതില്‍ നിന്ന് പിന്‍മാറുന്നത് അഭിനന്ദനാര്‍ഹം തന്നെ. സാധാരണയായി രാഷ്ട്രപതി ഭവനില്‍ ക്രിസ്മസ് കരോള്‍ ആലാപനവും നടത്തുമായിരുന്നു. കഴിഞ്ഞ തവണ അതും മാറ്റിയിരുന്നു എന്നതും ശ്രദ്ധേയമാണ്. ഡോ. എ.പി.ജെ അബ്ദുല്‍ കലാം രാഷ്ട്രപതിയായിരുന്ന 2002 മുതല്‍ 2007 വരെയുള്ള കാലയളവില്‍ രാഷ്ട്രപതി ഭവനില്‍ ഇഫ്താര്‍ വിരുന്ന് വേണ്ട എന്ന് വെച്ചിരുന്നതും ഈ അവസരത്തില്‍ നാം ഓര്‍ക്കണം. മുസ്ലിം മത വിശ്വാസിയായിരുന്നിട്ടും കലാം എടുത്ത തീരുമാനത്തെ അഭിനന്ദിച്ചവര്‍ കോവിന്ദിന്‌റെ തീരുമാനത്തില്‍ വര്‍ഗീയ വിഷം കുത്തി വെച്ച് സര്‍ക്കാരിന്‌റെ പ്രതിച്ഛായയ്ക്ക് മങ്ങല്‍ വരുത്തുകയാണ് എന്ന് അഭിപ്രായമുയര്‍ത്തിയാല്‍ അത് ഏത് പൗരനും ശരി എന്ന് പക്ഷപാതമില്ലാതെ പറയും.

മതേതര ഭരണമാണ് രാജ്യത്തിന് വേണ്ടതെന്ന് ഇപ്പോഴത്തെ സര്‍ക്കാര്‍ നമുക്ക് മുന്നില്‍ ചൂണ്ടികാട്ടുന്നു എന്നതിന് ഇതിലും നല്ല ഉദാഹരണം വേറെന്ത് വേണം. അതുകൊണ്ട് തന്നെ രാഷ്ട്രപതിയുടെ തീരുമാനത്തെ നാം ആദരിക്കുകയും ബഹുമാനിക്കയും വേണം. മത സൗഹാര്‍ദ്ദം തെളിയിക്കാന്‍ നമ്മുടെ സഹോദരങ്ങള്‍ക്കൊപ്പം അവരുടെ ആഘോഷങ്ങളില്‍ പങ്കു ചേരുന്നത് തന്നെയല്ലേ ഉത്തമം. അത് നാം ജീവിക്കുന്ന കാലയളവില്‍ നടപ്പിലാക്കുവാന്‍ നാം ശ്രദ്ധിക്കണം. മികച്ച ഭരണവും മാതൃകയാക്കാവുന്ന ഭരണകര്‍ത്താക്കളുമുള്ള നമ്മുടെ രാജ്യത്തിന് ഇത്തരത്തില്‍ തന്നെ മുന്നോട്ട് പോകാന്‍ സാധിയ്ക്കട്ടെ എന്നും വര്‍ഗീയത എന്ന കൊടും വിഷം നമ്മുടെ നാട്ടില്‍ നിന്നും ഇല്ലതാകട്ടെ എന്ന് പ്രാര്‍ഥിക്കുകയും ചെയ്യാം.

Tags

Related Articles

Post Your Comments


Back to top button
Close
Close