Latest NewsPrathikarana Vedhi

പൂഞ്ഞാര്‍ പറയണം നിങ്ങളുടെ ഭാഷയും സംസ്‌കാരവുമാണോ ഇത്

രതി നാരായണന്‍

ഭാഷ വിളിച്ചു പറയും സംസ്‌കാരം. പൂഞ്ഞാറിലെ ജനങ്ങള്‍ ഏഴാംതവണയും തെരഞ്ഞെടുത്ത് അയച്ച ഒരു നിയമസഭാസാമാജികന്റെ ഭാഷ വിളിച്ചു പറയുന്നുണ്ട് അദ്ദേഹത്തിന്റെ സംസ്‌കാരം. കേട്ടവരില്‍ ചിലര്‍ വീരപരിവേഷം നല്‍കി പിസിയുടെ ആരാധകരായി. പുള്ളി പറയുന്നതിലും പോയിന്റുണ്ടെന്ന് ചിലര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കി. അശ്ലീലവും അസഭ്യവും ഇഷ്ടപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ പിസിയെ തിരഞ്ഞു. അങ്ങനെ പൂഞ്ഞാര്‍ അച്ചായന്‍ നെഞ്ച് വിരിച്ചു ഞെളിഞ്ഞു നടന്നു. പിസിയുടെ പൂരപ്പാട്ട് സഹിക്കാനാകാതെ വന്നപ്പോള്‍ ചാനലുകാര്‍ ചര്‍ച്ചകളില്‍ നന്ന് അദ്ദേഹത്തിന്റെ പേര് വെട്ടിക്കളഞ്ഞു. എന്നാലും അച്ചായന്‍ മൈക്ക് കയ്യില്‍ കിട്ടിയാല്‍, മൈക്കുമായി ആരെങ്കിലും മുന്നിലെത്തിയാല്‍ ഭരണിപ്പാട്ടു തുടര്‍ന്നു. കേട്ട് കേട്ട് മടുത്തപ്പോള്‍ ആരാധകരും ന്യായീകരത്തൊഴിലാളികളും വരെ അച്ചായനെ മൈന്‍ഡ് ചെയ്യാതെയായി.

പൂരപ്പാട്ടിലെ സംസ്‌കാരമില്ലായ്മ ബോധ്യപ്പെട്ട് കണ്ണടച്ച കേരളത്തിന് മുന്നിലാണ് പീഡനക്കേസുകളില്‍ പുതിയ കണ്ടുപിടിത്തങ്ങളുമായി പൂഞ്ഞാര്‍ തമ്പുരാന്‍ വീണ്ടും അവതരിക്കുന്നത് . സോളാര്‍ കേസില്‍ സരിത ഒരുക്കിയ ഹണിട്രാപ്പില്‍ നിന്ന് അതിവിദഗ്ധമായി രക്ഷപ്പെട്ടെന്ന വാദം ഉന്നയിച്ചെങ്കിലും കേസില്‍ അണിയറക്ക് പിന്നില്‍ പൂഞ്ഞാറിലെ ആ കറുത്ത കൈകളുടെ പങ്ക് എവിടെയൊക്കെയോ പരാമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു. പിസിയുടെ സദാചാരത്തില്‍ അത്ര താത്പര്യം ആരും കാണിക്കാഞ്ഞതിനാല്‍ അതൊക്കെ അവിടെയും ഇവിടെയും തട്ടി ഉടഞ്ഞുമറഞ്ഞു. പക്ഷേ കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ അച്ചായന്‍ കുടുങ്ങി. ഇരയായ നടിക്കെതിരെ നടത്തിയ പരാമര്‍ശം വിവാദമാകുകയും വനിതാ കമ്മീഷന്‍ കേസെടുക്കുകയും ചെയ്തു. സൗകര്യം ഉള്ളപ്പോള്‍ ഹാജരാകാമെന്നും തന്നെ തൂക്കിക്കൊല്ലാന്‍ വിധിക്കാന്‍ കമ്മീഷന് ആകില്ലല്ലോ എന്നുമായിരുന്നു അന്ന് ഉത്തരവാദിത്തമുള്ള എംഎല്‍എയുടെ പ്രതികരണം. കേസില്‍ ദിലീപ് പ്രതിയാക്കപ്പെട്ടത് രാഷ്ട്രീയപ്രേരണ കൊണ്ടാണെന്നും പ്രമുഖ രാഷ്ട്രീയ നേതാവും മകനും ചേര്‍ന്ന് അദ്ദേഹത്തെ കുടുക്കുകയാണെന്നുകൂടി അന്ന് പിസി പറഞ്ഞുകളഞ്ഞു.

എഡിജിപി സന്ധ്യയ്ക്കെതിരെയും പിസി പലതവണ ആഞ്ഞടിച്ചിട്ടുണ്ട്. സന്ധ്യ ഉണ്ടാക്കുന്ന കേസില്‍ കള്ളത്തരം അല്ലാതെ വല്ലതുമുണ്ടോ എന്നായിരുന്നു ഒരു പരാമര്‍ശം. തിരുവനന്തപുരത്ത് സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രിയം മുറിച്ചത് എഡിജിപി സന്ധ്യയുടെ നിര്‍ദേശപ്രകാരമാണെന്ന് പിസി പറഞ്ഞിട്ടും നിയമപരമായ നടപടികള്‍ സ്വീകരിക്കാനോ പ്രതികരിക്കാനോ എഡിജിപി തയ്യാറായിട്ടില്ല. എതിരാളികളെ തെറി പറഞ്ഞ് അധിക്ഷേപിക്കുന്ന തരം താണ നിലപാടാണ് പിസിയുടെ വിജയമന്ത്രം. അസഭ്യവര്‍ഷത്തോടെ പറയുന്നതില്‍ രാഷ്ട്രീയ എതിരാളികളെ നിശബ്ദനാക്കാനുള്ള പോയിന്റുകള്‍ കരുതി വയ്ക്കാന്‍ പിസി മിടുക്കനാണെന്നത് വേറെകാര്യം. അക്കാര്യം ജനങ്ങള്‍ അംഗീകരിക്കുന്നുമുണ്ട്. പക്ഷേ അതിന് ഇത്രയും തരംതാണ ഭാഷയും രീതികളും ആവശ്യമുണ്ടോ എന്നതാണ് ചോദ്യം.

എന്തായാലും പൂച്ചയ്ക്കാര് മണി കെട്ടും എന്ന മട്ടില്‍ എല്ലാവരും കാഴ്ച്ചക്കാരായി നില്‍ക്കുമ്പോള്‍ ഒട്ടും കൂസലില്ലാതെ വികടസരസ്വതി പ്രയോഗം തുടരുകയാണ് കേരളത്തിലെ തലമൂത്ത ഒരു നിയസഭാസാമാജികന്‍. സാമുദായികമോ രാഷ്ട്രീയമോ ആയ പ്രതികരണങ്ങളൊന്നും പിസിക്കെതിരെ ഒരു പരിധി വിട്ട് ഉയരില്ല. ബ്ലാക്ക്മെയില്‍ രാഷ്ട്രീയവും ഗുണ്ടാ രാഷ്ട്രീയവും നന്നായി വശമുള്ള ഒരു നേതാവിന് അവരെയൊക്കെ നിശബ്ദരാക്കാന്‍ മണിക്കൂറുകള്‍ പോലും വേണ്ടിവരില്ല. കേരളത്തിലെ സാംസ്‌കാരിക സാമൂഹിക നേതാക്കളൊന്നും പിസിയുടെ നാവിനെ ഭയന്ന് പ്രതികരിക്കാന്‍ കൂട്ടാക്കുന്നില്ല. പക്ഷേ ദേശീയതലത്തില്‍പോലും പിസിയുടെ വിവാദപരാമര്‍ശങ്ങള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. റിപ്പബ്ലിക് ടിവിയുടെ അവതാരകയുടെ ധാര്‍മികരോഷത്തിന് മുന്നില്‍ ഉത്തരമില്ലാതെ തപ്പുന്ന പിസിയെ കേരളം ആഘോഷിക്കുകയാണ് ഇപ്പാള്‍.

ആരെയും അധിക്ഷേപിക്കാന്‍ പിസിക്ക് അധികാരം നല്‍കുന്നത് പ്രതികരണശേഷി ഇല്ലാത്ത അധികാരകിളും ജനങ്ങളും തന്നെയാണ്. ജലന്ധര്‍ ബിഷപ്പിനെതിരെ പരാതി നല്‍കിയ കന്യാസ്ത്രീയെ അധിക്ഷേപിച്ച സംഭവത്തില്‍ സമന്‍സ് അയച്ച വനിതാകമ്മീഷന്റെ നടപടിയിലുള്ള പിസിയുടെ പ്രതികരണം മറ്റൊരു കേസിനുള്ള വക നല്‍കുന്നതാണ്. വനിതാ കമ്മീഷനല്ല പ്രധാനമന്ത്രി പറഞ്ഞാലും പേടിക്കില്ലെന്നും യാത്രാബത്ത നല്‍കിയാല്‍ അങ്ങോട്ട് വരാം ഇല്ലെങ്കില്‍ വനിതാ കമ്മീഷന്‍ ഇങ്ങോട്ട് വരട്ടെ എന്നുമായിരുന്നു ടിയാന്റെ മറുപടി. വനിതാ കമ്മീഷന് ഒന്നും ചെയ്യാനാകില്ല, അവരെന്നാ എന്റെ മൂക്ക് ചെത്തുമോയെന്ന് പ്രതികരിച്ച പിസി ജോര്‍ജ് അപമാനിച്ചത് സ്വയംഭരണാവകാശമുള്ള ഒരു സ്ഥാപനത്തെയാണ്.

നിര്‍ദേശം അനുസരിക്കാന്‍ കൂട്ടാക്കാത്ത പിസി ജോര്‍ജിനെ പൊലീസിനെക്കൊണ്ട് അറസ്റ്റ് ചെയ്യിക്കാന്‍ വനിതാകമ്മീഷന് കഴിയും, ഒപ്പം അവഹേളനപരമായ പരാമര്‍ശങ്ങളുടെ പേരില്‍ മറ്റ് നിയമനടപടികളും സ്വീകരിക്കാം. ജനപ്രതിനിധിയും ഒരു രാഷ്ട്രീയപാര്‍ട്ടിയുടെ ഭാരവാഹിയുമായതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശ്രദ്ധയില്‍പ്പെടുത്തി അദ്ദേഹത്തിന്റെ നിയമസഭാംഗത്വം തന്നെ ചോദ്യം ചെയ്യാനും വനിതാകമ്മീഷന് കഴിയുമെന്നിരിക്കെ ഇനി കമ്മീഷന്‍ സ്വീകരിക്കുന്ന നിലപാടുകള്‍ നിര്‍ണ്ണായകമാണ്. ഈ മാസം 20 ന് രാവിലെ 11.30 ന് വനിതാ കമ്മീഷന് മുന്നില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ നിര്‍ദ്ദേശിച്ചിരുന്നത്. മുമ്പും വിവാദ പാരമര്‍ശങ്ങളില്‍ പിസി ജോര്‍ജിന് ദേശീയ വനിതാകമ്മീഷന്റെയും സംസ്ഥാന വനിതാ കമ്മീഷന്റെയും നോട്ടീസുകള്‍ ലഭിച്ചിട്ടുണ്ട്. ഇതിലൊക്കെ എ്ന്ത് നടപടികള്‍ സ്വീകരിക്കപ്പെട്ടു എന്നത് വ്യക്തമല്ല. ഒരു കേസിലും വനിതാകമ്മീഷന്‍ പിസിയെ അറസ്റ്റ് ചെയ്യണമെന്ന് പൊലീസിനോട് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്ല. ഇതില്‍ കൂടുതലൊന്നും ദേശീയ സംസ്ഥാന വനിതകമ്മഷനുകളില്‍ നിന്ന് പ്രതീക്ഷിക്കാനുമില്ല എന്നത് മറ്റൊരു യാഥാര്‍ത്ഥ്യം.

എന്തായാലും നിയമനടപടികള്‍ അതിന്റെ വഴിക്ക് വിട്ട് ജനങ്ങള്‍ പിസിക്ക് മുന്നറിയിപ്പ് നല്‍കാന്‍ ഇറങ്ങിപ്പുറപ്പെട്ടുകഴിഞ്ഞു. VaayaMoodedaPC എന്ന ഹാഷ് ടാഗോടെ ഫെയ്സ്ബുക്കില്‍ പിസി ജോര്‍ജ്ജിനെതിരെ ക്യാമ്പയിന്‍ തുടങ്ങിക്കഴിഞ്ഞു. അധിക്ഷേപ പരാമര്‍ശങ്ങള്‍ നടത്തുന്ന പിസി ജോര്‍ജ്ജ് എംഎല്‍എയുടെ വായ മൂടാന്‍ സെല്ലോടേപ്പുകള്‍ അയച്ചു കൊടുക്കാനും ക്യാമ്പയിന്‍ ആഹ്വാനം ചെയ്യുന്നു. പക്ഷേ അതുകൊണ്ടെന്നും നിശബദ്നാകുന്നതല്ല പിസി ജോര്‍ജെന്ന് എല്ലാവര്‍ക്കുമറിയാം. പുതിയൊരു വിഷയം കിട്ടിയാല്‍ തീരുന്ന ഒരു ഹാാഷ്ടാഗില്‍ തളയ്ക്കാവുന്നതല്ല പൂഞ്ഞാറിന്റെ തമ്പുരാന്‍. പകരം നിയപരമായ നടപടികള്‍ തന്നെ ഉണ്ടാകണം. സത്യവാചകം ചൊല്ലിക്കൊടുത്ത സ്പീക്കറും മറ്റ് നിയമസഭാ സാമാജികരും ഇതിനായി മുന്‍കയ്യെടുക്കണം. നിരന്തരം അസഭ്യവര്‍ഷം നടത്തുന്ന ഒരംഗം സഭയ്ക്ക് വരുത്തുന്ന നാണക്കേട് തീര്‍ക്കാന്‍ അതേ പരിഹാരമുള്ളു.

Tags

Post Your Comments

Related Articles


Back to top button
escort kuşadası escort kayseri escort çanakkale escort tokat escort alanya escort diyarbakır escort çorlu escort malatya izmit escort samsun escort
Close
Close