KeralaLatest News

കിര്‍മാണി മനോജ് ഗള്‍ഫുകാരന്റെ ഭാര്യയുമായി അടുത്ത ജയിൽ ജീവിതത്തിനിടെ: ഫേസ്‌ബുക്കിലെ വീരപരിവേഷം കിർമാണിക്ക് തുണയായി

ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കാനും ആളുകളുണ്ട്.

മാഹി: കിർമാണി മനോജിന്റെ വിവാഹ വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പൊടിപൊടിക്കുന്നത്. ടി പി ചന്ദ്രശേഖരനെ വെട്ടിനുറുക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്ക് ഇടതുഭരണം വന്നത് മുതല്‍ നല്ലകാലമാണ്. ഓരോ ജയിലിലെയും രാജാക്കന്മാരായി തന്നെയാണ് അവര്‍ വിലസുന്നത്. ആഗ്രഹിക്കുമ്പോൾ ഇവർക്ക് പരോളും ലഭിക്കുന്നുണ്ട്. പലതും വിവാദവുമായിരുന്നു. കൂടാതെ ജയിലിനുള്ളില്‍ മൊബൈല്‍ ഫോണും മറ്റെല്ലാ സൗകര്യങ്ങളും എത്തിച്ചു നല്‍കാനും ആളുകളുണ്ട്. ഇങ്ങനെ എല്ലാ സൗകര്യങ്ങളും രണ്ട് ദിവസം മുമ്പ് വിവാഹിതനായ കിര്‍മാണി മനോജിന് ജയിലില്‍ ലഭിച്ചിരുന്നു.

അധികാരികള്‍ ഇങ്ങനെ വഴിവിട്ട് നല്‍കിയ സൗകര്യങ്ങളാണ് കിര്‍മാണി മനോജിന്റെ വിവാഹത്തിലേക്കും എത്താന്‍ ഇടയാക്കിയത്. ഇടതു സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ടിപി കേസ് പ്രതികള്‍ക്ക് ശിക്ഷാ ഇളവ് നല്‍കാന്‍ നടത്തിയ ശ്രമങ്ങളും ഏറെ വിവാദത്തിന് ഇടയാക്കിയിരുന്നു. എന്നാല്‍, വിവാദമായതോടെ പ്രതികള്‍ക്ക് ഇടക്കിടെ പരോള്‍ നല്‍കുന്നതിലെത്തി. സര്‍ക്കാറിന്റെയും പാര്‍ട്ടിയുടെയും എല്ലാവിധ സഹായങ്ങളോടും കൂടിയായിരുന്നു മറ്റൊരു പ്രതി ഷാഫിയുടെ വിവാഹവും നടന്നത്. കിര്‍മാണി മനോജിന് ജയിലില്‍ ഫോണ്‍വിളി സൗകര്യം ഒരുക്കിയപ്പോള്‍ വധുവിനെയും ലഭിച്ചു.

ഓര്‍ക്കാട്ടേരി സ്വദേശിനിയും രണ്ട് കുട്ടികളുടെ മാതാവുമായ യുവതിയെ കിര്‍മാണി പ്രണയത്തിലായി വിവാഹം കഴിക്കുകയായിരുന്നു. ഈ പ്രണയം പൂത്തുലഞ്ഞതാകട്ടെ മൊബൈല്‍ ഫോണ്‍ വഴിയും. ജയിലില്‍ നിന്നുള്ള ഫോണ്‍വിളിയാണ് ഇരുവരെയും അടുപ്പിച്ചത്. ഇക്കാര്യം യുവതിയുടെ ആദ്യഭര്‍ത്താവ് പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്. വടകര സ്വദേശിയായ യുവാവിനെ ദ്വീര്‍ഘകാലത്തെ പ്രണയത്തിന് ഒടുവിലാണ് യുവതി വിവാഹം കഴിച്ചത്. ബഹ്‌റിനില്‍ ജോലി ചെയ്യുകയായിരുന്ന യുവാവിനെ ഉപേക്ഷിച്ച്‌ മൂന്ന് മാസം മുൻപാണ് യുവതി പോയത്. ഈ ബന്ധത്തില്‍ വില്ലനായത് കിര്‍മാണിയുടെ തടവറയില്‍ നിന്നുള്ള ഫോണ്‍വിളിയാണ്.

read also: ജാതി വില്ലനായി: ഗർഭിണിയായ യുവതിയുടെ മുന്നിലിട്ട് ഭർത്താവിനെ വെട്ടിക്കൊന്നു : ഞെട്ടിപ്പിക്കുന്ന സി സി ടിവി ദൃശ്യങ്ങൾ

ജയിലില്‍ മൊബൈല്‍ഫോണ്‍ ഉപയോഗിക്കാന്‍ വിലക്കുള്ളപ്പോള്‍ എങ്ങനെ കിര്‍മാണിക്ക് മാത്രം ഫോണ്‍വിളിക്കാന്‍ സൗകര്യം ലഭിച്ചുവെന്ന ചോദ്യവും ഇതോടെ ശക്തമായി. ഇക്കാര്യത്തില്‍ അന്വേഷണം വേണമെന്നും കിര്‍മാണി വിവാഹം കഴിച്ച യുവതിയുടെ ആദ്യ ഭര്‍ത്താവ് പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്. പരോൾ കഴിഞ്ഞു ജയിലിലേക്ക് തിരികേ പോകാന്‍ ഒരാഴ്‌ച്ച മാത്രം ബാക്കി നില്‍ക്കേയാണ് കിര്‍മാണിയുടെ വിവാഹവും വിവാദത്തിലായത്. ടി.പി.വധക്കേസ് പ്രതി കിര്‍മാണി മനോജ് വിവാഹം കഴിച്ചതു തന്റെ ഭാര്യയെ ആണെന്ന് അവകാശപ്പെട്ട് വടകര സ്വദേശി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

ബഹ്‌റൈനില്‍ ജോലി ചെയ്യുന്ന യുവാവാണു പരാതിയുമായി വടകര ഡിവൈഎസ്‌പിയെ സമീപിച്ചത്. ബുധനാഴ്ചയായിരുന്നു കിര്‍മാണി മനോജിന്റെ വിവാഹം.മൂന്നുമാസം മുന്‍പു വീടു വിട്ടിറങ്ങിയതാണു ഭാര്യയെന്നും രണ്ടുമക്കളെയും കൂടെ കൂട്ടിയതായും പരാതിയിലുണ്ട്. നിയമപരമായി വേര്‍പിരിഞ്ഞിട്ടില്ലെന്നും നിലവില്‍ തന്റെ ഭാര്യയാണ് യുവതിയെന്നും പരാതിയില്‍ യുവാവ് അവകാശപ്പെടുന്നുണ്ട്. പരാതി വടകര സിഐയ്ക്കു കൈമാറിയതിനെ തുടര്‍ന്നു വിശദമായ മൊഴിയെടുക്കുന്നതിനായി പരാതിക്കാരെ വിളിച്ചുവരുത്തി. പരാതിയെത്തുടര്‍ന്ന് പൊലീസ് യുവതിയെയും മക്കളെയും വടകരസ്റ്റേഷനില്‍ വിളിച്ചുവരുത്തി. അല്‍പ്പനേരം പരാതിക്കാരന്‍ മക്കളുമായി സംസാരിച്ചു.

ശേഷം യുവതിയും മക്കളും തിരിച്ചുപോയി. നിയമപരമായി വിവാഹബന്ധം വേര്‍പെടുത്താതെയാണ് യുവതി വേറെ വിവാഹം കഴിച്ചതെന്നാണ് ഇയാളുടെ പരാതി. തനിക്ക് വിദേശത്താണ് ജോലി. വിദേശത്തുനിന്ന് എത്തുന്നതിനു മുമ്പേ യുവതി മക്കളേയുംകൂട്ടി അവരുടെ വീട്ടിലേക്ക് പോയെന്നും യുവതിയുടെ കല്യാണം കഴിഞ്ഞതായി പത്രവാര്‍ത്ത കണ്ടാണ് അറിഞ്ഞതെന്നും പൊലീസിന് നല്‍കിയ പരാതിയില്‍ പറഞ്ഞു.വിവാഹത്തിനായി പരോള്‍ നേടും മുമ്പ് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വധിക്കപ്പെട്ട വേളയിലും കിര്‍മ്മാണി മനോജിന് പരോള്‍ ലഭിച്ചിരുന്നു.

ഷുഹൈബിന്റെ കൊലപാതകം നടന്ന ദിവസവും മനോജ് പരോളിലായിരുന്നത് ഏറെ വിവാദങ്ങള്‍ക്കും ഇടയാക്കിയിരുന്നു. മുമ്പ് യുഡിഎഫ് സര്‍ക്കാറിന്റെ കാലത്ത് കോഴിക്കോട് ജയിലില്‍ കഴിഞ്ഞ വേളയില്‍ കിര്‍മാണിയും ഷാഫിയും അടങ്ങുന്നവര്‍ മൊബൈല്‍ഫോണ്‍ ഉപയോഗിച്ചത് തെളിഞ്ഞതോടെയാണ് നടപടി സ്വീകരിച്ചത്. തുടര്‍ന്ന് വിയ്യൂര്‍ ജയിലിലേക്കാണ് കിര്‍മാണി മനോജിനെ മാറ്റിയതും. വിയ്യൂര്‍ ജയിലില്‍ കിര്‍മാണി മനോജ് അടക്കമുള്ളവരെ മാറ്റിയപ്പോള്‍ ഇപ്പോഴത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ അടക്കമുള്ളവര്‍ വിയ്യൂരിലെത്തി പ്രതികള്‍ക്ക് വേണ്ടി സമരം നടത്തിയിരുന്നു.

ടിപി കേസ് പ്രതികളെ ജയിലിനുള്ളില്‍ വെച്ച്‌ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉന്നയിച്ചാണ് അന്ന് കോടിയേരി സമരം ചെയ്തത്. പി ജയരാജന്‍ അടക്കമുള്ള നേതാക്കളും ജയിലില്‍ എത്തിയിരുന്നു. ഈ സംഭവത്തോടെ ടിപി വധക്കേസിലെ ഗൂഢാലോചനയില്‍ അന്വേഷണം ശക്തമാക്കണമെന്ന ആവശ്യവും സജീവമായിരുന്നു. എന്നാല്‍, പിന്നീട് ഈ കേസിന്റെ അന്വേഷണം കാര്യമായി മുന്നോട്ടു പോയില്ല.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button