KeralaLatest News

സര്‍ക്കാര്‍ ഫയലില്‍ നളിനി നെറ്റോ കൃത്രിമം കാട്ടിയെന്ന ഹര്‍ജി; മുന്‍ ഡിജിപി സെന്‍കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവ്

നളിനി സെന്‍കുമാറിന്റെ 9 നിര്‍ദേശങ്ങളടങ്ങിയ താളുകളും ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും കുറിപ്പുകള്‍ അടങ്ങിയ താളുകളും മാറ്റിയ ശേഷം പുതുതായി പേജുകള്‍ ചേര്‍ത്തു

തിരുവനന്തപുരം: മുന്‍ ഡിജിപി റ്റി.പി.സെന്‍കുമാറിനെ സ്ഥാനഭ്രഷ്ഠനാക്കാനായി പുറ്റിങ്ങല്‍ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ടുല്‍ഭവിച്ച സര്‍ക്കാര്‍ ഫയലില്‍ നിന്നും സെന്‍കുമാറിന്റെ 9 നിര്‍ദേശങ്ങള്‍ ഉള്‍ക്കൊള്ളുന്ന പേജുകള്‍ മുന്‍ ആഭ്യന്തര അഡീ.ചീഫ് സെക്രട്ടറി നളിനി നെറ്റോ അടര്‍ത്തിമാറ്റി കൃത്രിമം കാട്ടിയെന്ന ഹര്‍ജിയില്‍ സെന്‍കുമാര്‍ നേരിട്ടു ഹാജരാകാന്‍ കോടതി ഉത്തരവിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്ട്രേട്ട് കോടതി – 3 മു മ്പാകെ സാക്ഷി മൊഴി നല്‍കാനായി 31 ന് ഹാജരാകാനാണുത്തരവ്. കേസില്‍ സാക്ഷിമൊഴി നല്‍കാനാണ് സെന്‍കുമാറിനെ വിളിച്ചു വരുത്തുന്നത്.

2016 ലാണ് പരാതിക്കാസ്പദമായ സംഭവം നടന്നത്. അന്നത്തെ സംസ്ഥാന പൊലീസ് മേധാവിയായ സെന്‍കുമാറിനോടുള്ള വ്യക്തിവിരോധം നിമിത്തം 2016 ഏപ്രില്‍10 ന് നടന്ന പുറ്റിങ്ങല്‍ ദേവീക്ഷേത്ര ഉത്സവ വെടിക്കെട്ടപകടം സംബന്ധിച്ച്‌ ഏപ്രില്‍ 13 ന് ഉല്‍ഭവിച്ച സര്‍ക്കാര്‍ ഫയലില്‍ (നമ്പര്‍ 32931/എഫ് 1 / 2016/ഹോം) നളിനി നെറ്റോ സെന്‍കുമാറിന്റെ 9 നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ പേജുകളും ഉമ്മന്‍ ചാണ്ടിയുടേയും രമേശ് ചെന്നിത്തലയുടേയും കുറിപ്പുകള്‍ അടങ്ങിയ താളുകളും അടര്‍ത്തി മാറ്റി പകരം പുതിയ താളുകള്‍ ചേര്‍ത്ത് വ്യാജരേഖയുണ്ടാക്കി കൃത്രിമം കാട്ടിയെന്നാണ് പരാതി.

നേരത്തേ സമന്‍സ് കൈപ്പറ്റിയ ഹര്‍ജിയിലെ മറ്റു രണ്ടു സാക്ഷികളായ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മുന്‍ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഹാജരാകാന്‍ സമയം തേടി. നളിനി അഡീ.ചീഫ് സെക്രട്ടറിയായിരിക്കേ കേന്ദ്ര ഡെപ്യൂട്ടേഷനിലായിരുന്ന എം.എസ്.വിജയാനന്ദിനെ കേരളത്തില്‍ ചീഫ് സെക്രട്ടറിയാക്കാന്‍ കാരണഭൂതനായത് സെന്‍കുമാറാണെന്നും അല്ലാത്തപക്ഷം നളിനിക്ക് ആ പദവിയിലെത്താന്‍ കഴിയുമായിരുന്നുവെന്ന വൈരാഗ്യത്തില്‍ നളിനി വ്യാജരേഖയുണ്ടാക്കിയതാണ് കേസ്.

പുറ്റിങ്ങല്‍ ഫയലില്‍ ഏപ്രില്‍ 14 ന് ‘ വിഷയം ഡിജിപിയുമായി ചര്‍ച്ച ചെയ്യണമെന്നും ഫയല്‍ മുഖ്യമന്ത്രി കാണണമെന്നും ‘ ഉള്ള കുറിപ്പോടെ രമേശ് ചെന്നിത്തല ഉമ്മന്‍ ചാണ്ടിക്കയക്കുകയും ഉമ്മന്‍ ചാണ്ടി ഫയല്‍ കണ്ട ശേഷം അന്ന് തന്നെ സെന്‍കുമാറിന് നല്‍കുകയും ചെയ്തു. സെന്‍കുമാര്‍ ഫയല്‍ പഠിച്ച ശേഷം അദ്ദേഹത്തിന്റേതായ 9 നിര്‍ദ്ദേശങ്ങള്‍ പ്രത്യേകം തയ്യാറാക്കി ഫയലിനൊപ്പം ചേര്‍ത്ത് അന്ന് തന്നെ ചെന്നിത്തലക്ക് കൈമാറി. ഇപ്രകാരം നളിനിയുടെ കൈവശത്തിലും സൂക്ഷിപ്പിലും ഇരുന്ന ഫയലില്‍ ആണ് കൃത്രിമം കാട്ടിയത്.

നളിനി സെന്‍കുമാറിന്റെ 9 നിര്‍ദേശങ്ങളടങ്ങിയ താളുകളും ഉമ്മന്‍ ചാണ്ടിയുടേയും ചെന്നിത്തലയുടേയും കുറിപ്പുകള്‍ അടങ്ങിയ താളുകളും മാറ്റിയ ശേഷം പുതുതായി പേജുകള്‍ ചേര്‍ത്തും മുന്‍ തീയതികളില്‍ ഇല്ലാതിരുന്ന വിവരങ്ങള്‍ കൃത്രിമമായി ചമച്ചുവെന്നുമാണ് കേസ്. പിന്നീട് വരുന്ന അധികാരസ്ഥാനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ വരുത്തിയത്. നളിനിയുടെ പ്രവൃത്തി മൂലം ഉമ്മന്‍ ചാണ്ടി ഒന്നര മാസത്തോളം ഫയല്‍ തന്റെ ഓഫീസില്‍ യാതൊരു നടപടിയുമെടുക്കാതെ സൂക്ഷിക്കുകയായിരുന്നുവെന്ന സുപ്രീം കോടതി വിധിന്യായത്തിന്റെ പകര്‍പ്പ് ഹര്‍ജിക്കാരനായ സതീഷ് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്.

നളിനി ഫയലില്‍ കൃത്രിമം കാട്ടിയതിനെതിരെ ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രി പിണറായി വിജയന് നല്‍കിയ പരാതിപ്പകര്‍പ്പും സതീഷ് കോടതിയില്‍ ഹാജരാക്കി. 2016 മെയ് 25 ന് സംസ്ഥാന ഭരണം മാറിയതിനെ തുടര്‍ന്ന് പുറ്റിങ്ങല്‍ കേസ്സിലെ നടപടികളില്‍ വരുത്തിയ ലാഘവത്വവും 2016 ഏപ്രില്‍ 28 ന് റിപ്പോര്‍ട്ട് ആയ ജിഷ വധക്കേസിന്റെയും (കുറുപ്പംപടി പൊലീസ് സ്റ്റേഷന്‍ ക്രൈം 909/2016) അന്വേഷണത്തില്‍ വീഴ്ചയുണ്ടായതായും ആരോപിച്ചാണ് എല്‍.ഡി.എഫ് സര്‍ക്കാര്‍ സെന്‍കുമാറിനെ സ്ഥാനഭ്രഷ്ഠനാക്കിയത്.

കൃത്രിമ രേഖ ചമച്ച ശേഷം അന്നത്തെ ചീഫ് സെക്രട്ടറിയെപ്പോലും കാണിക്കാതെ ആ ഫയല്‍ നളിനി ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള പിണറായിക്ക് നല്‍കിയതിന് പിന്നില്‍ മറ്റു ഗൂഢാലോചനയുണ്ടോയെന്നന്വേഷിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഫയലില്‍ കാണുന്ന കൈയക്ഷരങ്ങളുടെ പരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.തന്നെ ഡി ജി പി യായി പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് സെന്‍കുമാര്‍ കേന്ദ്ര അഡ്‌മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിലും ഹൈക്കോടതിയിലും ഹര്‍ജികള്‍ ബോധിപ്പിച്ച സമയം നളിനി കൃത്രിമം വരുത്തിയ ഫയല്‍ അസ്സല്‍ ഫയലാണെന്ന രീതിയില്‍ കോടതികളില്‍ സര്‍ക്കാരിന് വേണ്ടി നളിനി ഹാജരാക്കിയതിനാല്‍ സെന്‍കുമാറിന്റെ ഹര്‍ജികള്‍ തള്ളി.

തുടര്‍ന്ന് അദ്ദേഹം സുപ്രീം കോടതിയെ സമീപിച്ചാണ് പുനര്‍ നിയമന ഉത്തരവ് നേടിയത്. എന്നിട്ടും നിയമനം നല്‍കാന്‍ കൂട്ടാക്കാതെ വിധിയില്‍ വ്യക്തത വേണമെന്നാവശ്യപ്പെട്ട് ഹര്‍ജി നല്‍കിയതിന് സംസ്ഥാന സര്‍ക്കാരിന് സുപ്രീം കോടതി 25,000 രൂപ പിഴ ചുമത്തി ഹര്‍ജി തള്ളി. സംസ്ഥാന സര്‍ക്കാരിനെ സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button