Latest NewsEditorial

മധ്യപ്രദേശ് രാജസ്ഥാന്‍ ഛത്തീസ്ഗഡ് തെരഞ്ഞെടുപ്പ്: വിജയം കോണ്‍ഗ്രസിന് നിലനില്‍പ്പിനുവേണ്ടി

മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാതെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് ഏറെ നിര്‍ണായകമാണ്. ഇവിടെ പരാജയപ്പെട്ടാല്‍ ദേശീയതലത്തില്‍ ബിജെപിയുടെ മുഖ്യപ്രതിപക്ഷം എന്ന സ്ഥാനം പോലും കോണ്‍ഗ്രിസന് അവകാശപ്പെടാനാകാതെ വരും. അത്രയും സുപ്രധാനമായ ഒരു ഘട്ടത്തിലും സ്വന്തമായി വിജയഫോര്‍മുല രൂപീകരിക്കുന്നതില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് കഴിയുന്നുണ്ടോ എന്നതാണ് ചോദ്യം. അതിന് ആയില്ലെങ്കില്‍ അത് കോണ്‍ഗ്രസിന്റെ ദയനീയതയുടെ ആക്കം കൂട്ടുമെന്നുറപ്പ്

തീര്‍ത്ഥാടനവും റോഡ് ഷോയും മതിയാകുമോ

പാര്‍ട്ടിയെ പഴയ പ്രതാപത്തിലേക്ക് തിരികെ എത്തിക്കുന്നതിനെക്കുറിച്ച് കൃത്യമായ ഒരു തന്ത്രമില്ലാതെ കൈലാസ് മാനസ സരോവര്‍ യാത്രയും ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ച് , റോഡ് ഷോകളും പൊതു റാലികളും രാഹുല്‍ നടത്തുന്നുണ്ട്. എന്നാല്‍ മധ്യപ്രദേശ്, രാജസ്ഥാന്‍ അല്ലെങ്കില്‍ ചത്തീസ്ഗഢ് എന്നിവിടങ്ങളിലെ വിജയസാധ്യതയ്ക്കായി ഇതൊക്കെ മതിയോ എന്ന ആലോചനപോലും അദ്ദേഹം നടത്തുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇങ്ങനെയൈാക്കെ ആണെങ്കിലും ചില സര്‍വ്വേ ഫലങ്ങള്‍ കേന്ദ്രത്തിലും കിഴക്കന്‍ സംസ്ഥാനങ്ങളിലും കോണ്‍ഗ്രസിന് വിജയസാധ്യത കല്‍പ്പിക്കുന്നുമുണ്ട്.

വേണ്ടത് സ്വന്തം വിജയം

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും ബിജെപി വിരുദ്ധ പാര്‍ട്ടികളെ ചേര്‍ത്ത് മഹാഗതബന്ധന്‍ സഖ്യമുണ്ടാക്കാനുള്ള ആലോചനയും രാഹുല്‍ ധീരമായി തള്ളിക്കളഞ്ഞു. കോണ്‍ഗ്രസിന് സ്വന്തം നിലയില്‍ ഈ മൂന്ന് സംസ്ഥാനങ്ങളില്‍ രണ്ടെണ്ണത്തിലെങ്കിലും വിജയിക്കാനായില്ലെങ്കില്‍ അടുത്ത വര്‍ഷം നടക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് ബിജെപിയുടേതായി മാറുമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം. തെലങ്കാനയിലെ നല്ല സൂചനകളും മിസോറാമില്‍ അധികാരം നിലനിര്‍ത്തുന്നതും കോണ്‍ഗ്രസിന് ഇപ്പോഴുള്ള ബോണസായി കണക്കാക്കാം.

മധ്യപ്രദേശിലും രാജസ്ഥാനിലും ഛത്തീസ്ഗഡിലും കോണ്‍ഗ്രസ് വിജയം ആഗ്രഹിക്കുന്നത് ഇപ്പോള്‍ അധികാരത്തിനായി മാത്രമല്ല അതിനപ്പുറം നിലനില്‍പ്പിന് വേണ്ടിയാണ്. വലിയ സംസ്ഥാനങ്ങളായ യുപി, തമിഴ്‌നാട്, പശ്ചിമബംഗാള്‍് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് അപ്രസക്തമാണ്. സഖ്യകക്ഷികളുടെ ബലം കൊണ്ടാണെങ്കിലും വിലാസമുള്ളത് കര്‍ണാടകം, ജാര്‍ഖണ്ഡ്, ജമ്മുകാശ്മീര്‍, കേരളം, തെലഗാന, അസം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളില്‍ മാത്രമാണ്. ആന്ധ്രാപ്രദേശ്, ഡല്‍ഹി, ഒഡീഷ, ചില വടക്കു കിഴക്കന്‍ സംസ്ഥാനങ്ങള്‍ എന്നിവിടങ്ങളില്‍ കോണ്‍ഗ്രസിന് രാഷ്ട്രീയ പ്രാധാന്യം തന്നെ ഇല്ലാതായിക്കഴിഞ്ഞു.

വിജയിക്കേണ്ടത് മോദിക്ക് മുന്നറിയിപ്പിനായി

അതുകൊണ്ട് തന്നെ മധ്യപ്രദേശ് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് വിജയിച്ചാല്‍ അത് രാഹുലിന്റെ മനോധൈര്യത്തിന്റെ തെളിവ് മാത്രമല്ല ദേശീയതലത്തില്‍ മോദി സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ കോണ്‍ഗ്രസിന് കഴിവുണ്ടെന്ന് ബോധ്യപ്പെടുത്തല്‍ കൂടിയാണ്. തിരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സാധ്യതയുള്ള സ്ഥാനാര്‍ത്ഥികളെ കോണ്‍ഗ്രസിന് ഇപ്പോള്‍ ആവശ്യമുണ്ട്. അവിടെയാണ് കോണ്‍ഗ്രസിന് ആത്മവിശ്വാസം പോരാത്തതും. കേന്ദ്രത്തിലും സംസ്ഥാനങ്ങളിലും അധികാരം നഷ്ടപ്പെട്ടത് കോണ്‍ഗ്രസ്സിന് ഇന്റലിജന്‍സ് ഏജന്‍സികള്‍, പോലീസ്, ഉദ്യോഗസ്ഥവൃന്ദം എന്നിവരില്‍ നിന്നുള്ള പിന്തുണയും കാര്യമായി കുറച്ചു. പുതിയ സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കണമോ അതേ നിലവിലുള്ളവരെ തന്നെ വീണ്ടും കളത്തിലിറക്കണോ എന്നതില്‍ രാഹുല്‍ ഗാന്ധിക്ക് കൃത്യമായ പദ്ധതിയുണ്ടാകണം.

ടിക്കറ്റ് നല്‍കുന്നത് കരുതലോടെ

മണ്ഡലതലത്തില്‍ ഭരണവിരുദ്ധ വികാരം ശക്തമാകുന്ന ഒരു പ്രവണതയാണ് മിക്കയിടത്തും. വ്യക്തമായ, പ്രായോഗിക ആലോചനയുടെ അഭാവത്തില്‍ ഒരു സിറ്റിംഗ് എംഎല്‍എയ്ക്ക് വീണ്ടും അവസരം നല്‍കുന്നത് അപകടകരമാകും. അതുപോലെതന്നെ ടിക്കറ്റ് നിരസിക്കുന്നതും ജാതി സമവാക്യങ്ങള്‍ പോലെയുള്ളവയുമായി ചേര്‍ക്കുമ്പോള്‍ വെല്ലുവിളിയാകും. ഇത്തരത്തിലുള്ള ഒട്ടേറെ അപകടങ്ങള്‍ നിറഞ്ഞതാണ് പാര്‍ലമെന്ററി ജനാധിപത്യം. അവിടെയാണ് നേതൃസ്ഥാനത്തുള്ളവര്‍ കരുതലോടെ പ്രവര്‍ത്തിക്കേണ്ടത്. ആ പ്രായോഗികതയും പക്വതയും രാഹുല്‍ ഗാന്ധി ഈ നിയമസഭാതെരഞ്ഞെടുപ്പില്‍ എത്രത്തോളം കാട്ടും എന്നതിനെ ആശ്രയിക്കും കോണ്‍ഗ്രസിന്റെ വിജയസാധ്യത.

പ്രാദേശികമായ പാര്‍ട്ടി ആധിപത്യങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നതും കോണ്‍ഗ്രസിന്റെ രീതിയാണ്. ഇത് ടിക്കറ്റ് വിതരണത്തിലും പാര്‍ട്ടി നോമിനിയെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായകമാണ്. ഇവിടെയും തീരുമാനമെടുക്കുന്നത് കരുതലോടെയാകണം. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജ്യോതിരാദിത്യ സിന്ധ്യ, ദിഗ്വിജയ് സിംഗ്, കമല്‍നാഥ്, അശോക് ഗെലോട്ട്, സച്ചിന്‍ പൈലറ്റ്, മോട്ടിലാല്‍ വോറ എന്നിവരുടെ ഉപദേശങ്ങളോ ശുപാര്‍ശകളോ അവഗണിക്കുന്നത് രാഹുലിനു എളുപ്പമാണ്. എന്നാല്‍ ഫലം പ്രതികൂലമാകുകയാണെങ്കില്‍ ഉത്തരവാദിത്തം ഏറ്റെടുക്കാനും സ്വയം വിശ്വസിക്കാനും അദ്ദേഹത്തിന് കഴിയുമോ എന്നു കൂടി അറിയേണ്ടിയിരിക്കുന്നു.

ഈസ്റ്റ് കോസ്റ്റ് ഡെയ്‌ലി വാർത്തകൾ ടെലഗ്രാമിൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

Post Your Comments


Back to top button