Latest NewsKerala

മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് നേടി, ഇനി പത്താംക്ലാസ്, കമ്പ്യൂട്ടര്‍ സ്വപ്‌നങ്ങളുമായി 96 കാരി കാര്‍ത്യായനി

തിരുവനന്തപുരം•’അക്ഷരലക്ഷം’ പരീക്ഷയിലൂടെ 100ല്‍ 98 മാര്‍ക്ക് നേടിയശേഷം മുഖ്യമന്ത്രിയില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് ഏറ്റുവാങ്ങിയ 96 വയസുകാരി കാര്‍ത്യായനിക്ക് ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടര്‍ പഠനവും! സാക്ഷരതാ മിഷന്റെ ആഭിമുഖ്യത്തില്‍ നടത്തിയ പരീക്ഷയില്‍ ഏറ്റവും പ്രായം കൂടിയ പഠിതാവായി പരീക്ഷയെഴുതി ഉന്നതവിജയം നേടിയശേഷമാണ് പുതിയ മോഹങ്ങള്‍ മുഖ്യമന്ത്രിയോട് അവര്‍ പങ്കുവെച്ചത്.

 

സാക്ഷരതാ സര്‍ട്ടിഫിക്കറ്റ് തരട്ടേ, എന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന് തന്നാട്ടേയെന്ന് മറുപടി. അടുത്ത ലക്ഷ്യമെന്തെന്ന് മുഖ്യമന്ത്രി ചോദിച്ചപ്പോഴാണ് ഉറച്ച ലക്ഷ്യബോധത്തോടെ ‘പത്ത് വിജയിക്കണം, പിന്നെ കംപ്യൂട്ടര്‍ പഠിക്കണം’ എന്ന് പറഞ്ഞത്. കവിതയോടാണ് കാര്‍ത്യായനിക്ക് കമ്പമെന്ന് ചോദിച്ചറിഞ്ഞ മുഖ്യമന്ത്രി, അവരോട് ഒരു കവിത പാടാമോ എന്ന് ചോദിച്ചു. ‘മലരണി കാടുകള്‍ തിങ്ങിവിങ്ങി, മരതക കാന്തിയില്‍ മുങ്ങിമുങ്ങി’ എന്ന ചങ്ങമ്പുഴക്കവിത അതേ സ്വരഭംഗിയില്‍ ആലപ്പുഴ ഹരിപ്പാട് മുട്ടം ചീറ്റൂര്‍ പടീറ്റതില്‍ വീട്ടില്‍ കാര്‍ത്യായനി അമ്മ പാടി കേള്‍പ്പിച്ചു.

 

സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന ‘അക്ഷരലക്ഷം’ പദ്ധതി ആദ്യഘട്ട പരീക്ഷയില്‍ സംസ്ഥാനത്ത് മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്. സംസ്ഥാന സാക്ഷരതാമിഷന്‍ തയാറാക്കിയ പുതിയ സാക്ഷരതാപാഠാവലിയിലായിരുന്നു പരീക്ഷ. 40 മാര്‍ക്കിന്റെ എഴുത്തുപരീക്ഷ, 30 മാര്‍ക്കിന്റെ വായന പരിശോധന, 30 മാര്‍ക്കിന്റെ കണക്ക് എന്നിവയാണ് പരീക്ഷയില്‍ ഉള്‍പ്പെടുത്തിയത്. വായനയ്ക്ക് 30 മാര്‍ക്കില്‍ ഒമ്പത്, എഴുത്തിന് 40 മാര്‍ക്കില്‍ 12, കണക്കിന് 30 മാര്‍ക്കില്‍ 9 എന്നിങ്ങനെയാണ് പാസ് മാര്‍ക്ക്. ജയിക്കാന്‍ ആവശ്യമായ മിനിമം മാര്‍ക്ക് 30 ആണ്.

 

വായന- 30, കണക്ക്-30 എന്നിവയില്‍ മുഴുവന്‍ മാര്‍ക്കും എഴുത്തില്‍ 38 മാര്‍ക്കും നേടിയായിരുന്നു കാര്‍ത്യായനി അമ്മ പ്രായത്തെ വെല്ലുന്ന പ്രകടനം കാഴ്ചവച്ചത്. ഏറ്റവും പ്രായം കുറഞ്ഞ പഠിതാവായ തിരുവനന്തപുരം അതിയന്നൂര്‍ സ്വദേശിനി 37 കാരി വിഷ്ണുകുമാരിക്കും മുഖ്യമന്ത്രി ‘അക്ഷരലക്ഷം’ സര്‍ട്ടിഫിക്കറ്റ് സമ്മാനിച്ചു.

 

ചടങ്ങില്‍ മന്ത്രി എ.കെ. ബാലന്‍, സുഗതകുമാരി, സാക്ഷരതാ മിഷന്‍ ഡയറക്ടര്‍ ഡോ. പി.എസ്. ശ്രീകല, മലയാളം മിഷന്‍ ഡയറക്ടര്‍ പ്രൊഫ. സുജ സൂസന്‍ ജോര്‍ജ് തുടങ്ങിയവര്‍ സംബന്ധിച്ചു.
യുനെസ്‌കോ മാനദണ്ഡം അനുസരിച്ച് കേരളം സമ്പൂര്‍ണ സാക്ഷരത കൈവരിച്ചെങ്കിലും നിരക്ഷതയുടെ തുരുത്തുകള്‍ സംസ്ഥാനത്ത് ഇപ്പോഴും അവശേഷിക്കുന്നുണ്ട്. 2011 ലെ സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 18 ലക്ഷം നിരക്ഷരരുണ്ടെന്നാണ് കണക്ക്. അവശേഷിക്കുന്ന മുഴുവന്‍ പേരെയും സാക്ഷരരാക്കി കേരളത്തെ പരിപൂര്‍ണ സാക്ഷരതാ സംസ്ഥാനമാക്കി മാറ്റുകയാണ് അക്ഷരലക്ഷം പദ്ധതി ലക്ഷ്യമിടുന്നത്. 15 വയസിന് മുകളില്‍ പ്രായമായ ആര്‍ക്കും പങ്കെടുക്കാം. ഒഴിവുദിവസങ്ങളിലും പഠിതാക്കളുടെ സൗകര്യം കണക്കിലെടുത്തുമാണ് ക്ലാസുകള്‍. അക്ഷരലക്ഷം പാസാകുന്നവര്‍ക്ക് നാലാംതരം തുല്യതയ്ക്ക് അപേക്ഷിക്കാന്‍ കഴിയും.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സാക്ഷരതാ തുല്യതാ പഠിതാക്കള്‍, സാക്ഷരതാസമിതി അംഗങ്ങള്‍ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് നിരക്ഷരതാ നിര്‍മാര്‍ജന പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നത്.

 

അക്ഷരലക്ഷം’ ആദ്യഘട്ടപദ്ധതിയുടെ ഭാഗമായി സാക്ഷരതാമിഷന്റെ തുടര്‍വിദ്യാകേന്ദ്രങ്ങള്‍ സ്ഥിതിചെയ്യുന്ന 2010 വാര്‍ഡുകളില്‍ നേരത്തെ സര്‍വേ നടത്തി മൊത്തം 47,241 നിരക്ഷരരെ കണ്ടെത്തിയിരുന്നു. 46,349 പേര്‍ക്ക് കഴിഞ്ഞ ജനുവരി 26ന് ക്ലാസുകള്‍ ആരംഭിച്ചു.

15 മുതല്‍ 20 വരെ പഠിതാക്കള്‍ക്ക് ഒരു പഠനകേന്ദ്രം എന്ന തരത്തിലാണ് ക്ലാസുകള്‍ ക്രമീകരിച്ചത്. മൊത്തം 100 മണിക്കൂര്‍ ക്ലാസ് നല്‍കി.

‘അക്ഷരലക്ഷം’ പരിപൂര്‍ണ സാക്ഷരതാപദ്ധതിയുടെ രണ്ടാംഘട്ടം ഒരു ജില്ലയിലെ തിരഞ്ഞെടുത്ത ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ നടപ്പിലാക്കുമെന്ന് സാക്ഷരതാമിഷന്‍ ഡയറക്ടര്‍ ഡോ.പി.എസ്.ശ്രീകല പറഞ്ഞു.

ഒന്നാം റാങ്കിന്റെ തിളക്കവുമായി ഹരിപ്പാടുള്ള കാര്‍ത്ത്യായനിഅമ്മ ഇന്ന് സെക്രട്ടറിയേറ്റില്‍ വന്നിരുന്നു. സാക്ഷരതാമിഷന്റെ സാക്ഷരതാ പരീക്ഷയില്‍ 98 മാര്‍ക്കുമായാണ് 96 വയസുള്ള കാര്‍ത്ത്യായനിഅമ്മ റാങ്ക് നേടിയത്. സംസ്ഥാനത്ത് കഴിഞ്ഞ ഓഗസ്റ്റ് അഞ്ചിന് നടന്ന 'അക്ഷരലക്ഷം' പദ്ധതി ആദ്യഘട്ട പരീക്ഷയിൽ മൊത്തം 43,330 പേരാണ് പരീക്ഷയെഴുതിയത്.കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ കാര്‍ത്ത്യയാനി അമ്മക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി. പൊന്നാട അണിയിച്ചു. അവരുടെ ഇനിയുള്ള ലക്ഷ്യം പത്താംക്ലാസ് പാസാകലും കമ്പ്യൂട്ടർ പഠനവും. കാര്‍ത്ത്യായനി അമ്മക്കും മറ്റ് പഠിതാക്കള്‍ക്കും എല്ലാ ആശംസകളും നേരുന്നു.

Gepostet von Pinarayi Vijayan am Donnerstag, 1. November 2018

Tags

Related Articles

Post Your Comments


Back to top button
Close
Close