Latest NewsArticle

മതിലിനു പിന്നിലെ വൈരുദ്ധ്യാത്മക വരട്ടുവാദം: അഴുകിയ ജാതിചിന്തയുടെ തൂണുകളാൽ പടുത്തുയർത്തുന്ന മതിലിനെ ചരിത്രം അടയാളപ്പെടുത്തുക എങ്ങനെയെന്ന് അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

കേരളത്തിൽ എന്നോ അലക്കിപിഞ്ചിയ വാക്കായി മാറിയ സവർണ്ണമേധാവിത്വത്തെ നെഞ്ചോട് ചേർത്തുവയ്ക്കുന്നതിനു സഖാക്കൾക്ക് നല്കണം പ്രത്യേക നമോവാകം.ഇന്നലെ വരെ നിങ്ങൾക്ക് വെള്ളാപ്പള്ളി നടേശൻ ഒരവസരവാദിയായിരുന്നു.ഇന്നാകട്ടെ സവർണ്ണമേധാവിത്വത്തിനെതിരെ പോരാടുന്ന വിപ്ലവകാരിയും! സഖാക്കളുടെ കുത്തകയായിരുന്ന നവോത്ഥാനത്തിന്റെ കൈവശാവകാശം ഇന്ന് മുതൽ ശ്രീനാരായണഗുരുവിനും അയ്യൻകാളിക്കും അയ്യാ വൈകുണ്ഡർക്കും തിരികെ ഏൽപ്പിച്ച് മാതൃകയായ സഖാക്കളുടെ നല്ല മനസ്സ് കാണാതെ പോകരുത് നമ്മൾ!

ജാതീയതയ്ക്കെതിരെ പോരാടുന്ന പ്രത്യയശാസ്ത്രത്തിന്റെ വക്താക്കൾ ഇന്ന് വീടുവീടാനന്തരം ജാതിനോക്കി കയറിയിറങ്ങി അവസരവാദരാഷ്ട്രീയം വിളമ്പുന്നു.ഇത് മറ്റാരും പറഞ്ഞറിഞ്ഞ അറിവല്ല.സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുന്നതാണ്.ഇന്ന് വനിതാമതിലിൽ പങ്കെടുക്കണമെന്ന അഭ്യർത്ഥനയുമായി വീട്ടിലെത്തിയതാണ് ലോക്കൽ സഖാവ്.തുടക്കത്തിലേ ടിയാൻ പറഞ്ഞു മതിലിനെ രാഷ്ട്രീയവല്ക്കരിക്കാതെ സാമുദായിക നവോത്ഥാനത്തിന്റെ വൻമതിലായി വേണം കാണേണ്ടത് എന്ന വൈരുദ്ധ്യാത്മക വരട്ടുവാദം.(കോൺഗ്രസ്സ് പാരമ്പര്യമുള്ള കുടുംബത്തിൽ വന്നിട്ട് സി.പിഎം പ്രകടനത്തിൽ വരാൻ പറയാൻ പ്രത്യയശാസ്ത്രം അനുവദിക്കില്ലല്ലോ).സമുദായത്തിന്റെ അന്തർധാരയെ സജീവമാക്കി നിറുത്തിക്കൊണ്ട് ശ്രീനാരായണീയരായ ഞങ്ങളോട് പിന്നെ പറഞ്ഞതൊക്കെ ശ്രീനാരായണഗുരുവിന്റെ മഹത്വം.അതുകേട്ട് പുളകിതയായ അമ്മയോട് പിന്നെ പറഞ്ഞത് വെള്ളാപ്പള്ളി സ്തുതികൾ.അങ്ങേരുടെ തനിനിറം നന്നായിട്ടറിയാവുന്നത് കൊണ്ട് അമ്മ പഴയതുപോലെ പുളകിതയായില്ല.ആ മനം മാറ്റം കണ്ട സഖാവ് പിന്നെയെടുത്തിട്ടത് കുലത്തൊഴിലായ ചെത്തും ജന്മഭൂമി കാർട്ടൂണും.

പിണറായി സഖാവെന്ന ചോവൻ ഭരിക്കുന്നത് സവർണ്ണർക്ക് പ്രത്യേകിച്ച് നായന്മാർക്ക് സഹിക്കുന്നില്ലത്രേ.ഇതിനു മുമ്പും ചോവന്മാർ കേരളം ഭരിച്ചിട്ടുണ്ടല്ലോയെന്ന തായ്മൊഴിയെ അവഗണിച്ചുകൊണ്ട് സഖാവ് ചരിത്രബോധം പങ്കുവയ്ക്കാൻ തുടങ്ങിയപ്പോൾ ഞാനിടപ്പെട്ടു.വനിതാമതിലിൽ അണിചേരില്ലെന്നു മുഖത്ത് നോക്കി തന്നെ പറഞ്ഞു.ലിംഗതുല്യതയും നവോത്ഥാനവും മനസ്സിലാവാത്ത വെറും കൺട്രിവുമണായ എന്നെ പുച്ഛത്തിൽ നോക്കി സഖാവ് അപ്പുറത്തെ വീട് ലക്ഷ്യമാക്കിനടന്നു.

പറഞ്ഞുവന്നത് ഇതാണ്.ജാതീയതയെന്ന മൂന്നാംകിട കാർഡിറക്കി കളിക്കാൻ സഖാക്കളെ കണ്ടു പഠിക്കണം സംഘികൾ.കമണ്ഡലുവിനെതിരെ മണ്ഡലിനെ ഇറക്കി വടക്കേയിന്ത്യയിൽ പണ്ട് ലാലുപ്രസാദും മുലായവും കളിച്ച അതേ കളി ഇന്ന് പിന്നോക്ക-ദളിത്സംഘടനകളെ മുൻനിറുത്തി എൻ എസ് എസിനെതിരെ നിങ്ങൾ കളിക്കുന്നു.ശരിക്കും ദളിതർക്കുവേണ്ടി എന്താണ് നിങ്ങൾ ചെയ്തത്.അവരുടെ അറിവില്ലായ്മയെ ചൂഷണം ചെയ്യുക മാത്രമായിരുന്നില്ലേ ചെയ്തത്.

1957-ലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭമുതല്‍ പട്ടികജാതിക്ഷേമവകുപ്പ് ഭരിക്കാന്‍ മാത്രമല്ലേ ദളിതനു നിങ്ങൾ അവസരം നല്കിയിട്ടുള്ളൂ.നിങ്ങൾ ഇത്രമേൽ കൊട്ടിഘോഷിക്കുന്ന ഭൂപരിഷ്കരണപ്രക്രിയയിൽ യഥാർത്ഥത്തിൽ വഞ്ചിക്കപ്പെട്ടത് ആദിവാസി-ദളിത് സമൂഹമല്ലേ?ഇടനിലക്കാർ ഭൂവുടമകളായ ആ പ്രക്രിയയിൽ കർഷകതൊഴിലാളികളായ ദളിതർക്കും ആദിവാസികൾക്കും കിട്ടിയത് വെറും തുച്ഛമായ മൂന്ന് സെന്റ് മാത്രമല്ലേ?ദളിത് പീഡനമൊക്കെ അങ്ങ് വടക്കേ ഇന്ത്യയിലാണെന്നും, ഇവിടെ എല്ലാം ഭദ്രമാണെന്നും നമ്മെ പഠിപ്പിച്ചത് ഇടതുപക്ഷവും ഇടതുസാംസ്‌കാരിക നായകന്മാരുമാണ്.രാഷ്ട്രീയ മണ്ഡലത്തില്‍പ്പോലും ദളിതന് സംവരണസീറ്റ് മാത്രമാണ് ഇടതുപക്ഷം നല്കുന്നത്.സമരങ്ങള്‍ക്കും ജാഥകള്‍ക്കും അണിനിരത്താൻ വേണ്ടി മാത്രം ഉപയോഗിക്കുന്ന നിങ്ങളാണോ നവോത്ഥാനവും തുല്യതയും വാദിക്കുന്നത്?

സിപിഎമ്മിന്റെ സംസ്ഥാന സമിതിയിൽ എത്രത്തോളം പങ്കാളിത്തമാണ് അവർക്ക് കൊടുത്തിരിക്കുന്നത്?കേരളത്തിലെ ദളിത്-പിന്നോക്കവിഭാഗങ്ങള്‍ കേരളമോഡല്‍ വികസനത്തിന്റെ ഇരകളാണെന്ന യാഥാർത്ഥ്യത്തെ ഒരു പാട് കാലം മറയ്ക്കാൻ കഴിയില്ലെന്ന് ഓർക്കുക.

ഈ മതിലൊരു അടയാളമാണ്. അഴുകിയ ജാതിചിന്തയുടെ തൂണുകളാൽ പടുത്തുയർത്തുന്ന ഈ മതിൽ ചരിത്രത്തിലിടം നേടുക അസഹിഷ്ണുതയുടെയും ഇരട്ടത്താപ്പിന്റെയും നുണകളുടെയും മഹാചിഹ്നമായിട്ടായിരിക്കും.

Related Articles

Post Your Comments


Back to top button