ArticleLatest News

വനിതാ മതിലില്‍ നവോത്ഥാനത്തിന്റെ അളവുകോല്‍ തൂക്കുമ്പോള്‍: ഏത് മഞ്ജു വാര്യരും ഇരുട്ടി വെളുക്കുമ്പോള്‍ സൈബര്‍ പോരാളികള്‍ക്ക് ഇരയായി മാറുന്ന നികൃഷ്ട കാഴ്ച – അഞ്ജു പാര്‍വതി പ്രഭീഷ് എഴുതുന്നു

ഇന്നലെ വരെ സമൂഹത്തിൽ അഭിമതയായൊരു അഭിനേത്രി ഒരു രാവ് ഇരുട്ടി വെളുത്തപ്പോഴേക്കും അനഭിമതയും നന്ദികേടിന്റെ പര്യായമായുംമാറിയിരിക്കുന്നു ,അഥവാ ചിത്രീകരിച്ചിരിക്കുന്നു.. ഇനിയവളുടെ കുടുംബത്തിന്റെ, സ്വഭാവത്തിന്റെ, അവളുടെ സ്വത്വത്തിന്റെയാകമാനം ഇഴകീറി പരിശോധിക്കപ്പെടുംവരെ സൈബർ പോരാളികൾക്ക് വിശ്രമമില്ല തന്നെ.. പ്രത്യയശാസ്ത്രത്തിന്റെ ചുവപ്പൻ കണ്ണടയിലൂടെ നോക്കിയപ്പോൾ, തത്വസംഹിതകളുടെ തുലാസ്സിൽ വച്ചളന്നപ്പോൾ അവൾക്ക് അഭിപ്രായസ്വാതന്ത്ര്യമില്ലാതെയായി.അവളുടെ പിന്മാറ്റം ആർജ്ജവമില്ലാത്തതുമായി.

നവോത്ഥാനത്തിനും തുല്യനീതിക്കും ലിംഗസമത്വത്തിനും സ്ത്രീസുരക്ഷയ്ക്കുമുള്ള വനിതാമതിലിൽ അണിചേരുക തന്നെ വേണം!കണ്ണൂരിലെ ചിത്രലേഖയ്ക്കും ഒഞ്ചിയത്തെ രമയ്ക്കും പ്രമീളയ്ക്കും കിട്ടാത്ത സ്ത്രീസുരക്ഷയും തുല്യനീതിയും വനിതാമതിലിൽ അണിനിരക്കുന്നവർക്ക് കിട്ടുമത്രേ.അവർ നേരിടുന്ന ,അഥവാ നേരിട്ട പ്രശ്നങ്ങൾക്കും ഒരറുതി വരുമത്രേ!മകൻ നഷ്ടപ്പെട്ട ഒരമ്മയെ തെരുവിൽ വലിച്ചിഴച്ച കാടത്തത്തിനും നവോത്ഥാനമതിലിലൂടെ മോക്ഷം ലഭിക്കുമത്രേ!

സ്ത്രീസുരക്ഷാപ്രസംഗങ്ങളിലെ മുഴങ്ങുന്ന പേരാകാന്‍ മാത്രം നിയോഗമുണ്ടായ.നീര്‍ക്കുമിളകളുടെ ആയുസ്സ് പോലുമില്ലാത്ത നമ്മുടെ കണ്ണുനീരിനു പാത്രമായ കുറെയേറെ മുഖങ്ങള്‍ ഗതിയില്ലാത്ത ആത്മാക്കളായി കരഞ്ഞുപെയ്യുന്ന കേരളമണ്ണിലാണത്രേ സ്ത്രീസുരക്ഷയുടെ മതിൽക്കെട്ട് പണിയുന്നത്.ശാരി ,അനഘ,സൗമ്യ,ജിഷ ,കൃതിക ,ശരണ്യ അങ്ങനെയെത്ര പേർ!ഈ മതിലിലൂടെ നിഷേധിക്കപ്പെട്ട നീതി അവർക്ക് കിട്ടുമത്രേ!

കൊച്ചുകുട്ടികളുടെ ഇളം മേനിയുടെ രുചി നോക്കാന്‍ പാറിപറക്കുന്ന കഴുകന്മാരെ “പീഡോഫീലിയ”യെന്ന മാനസികരോഗത്തിന്റെ അതിരുകള്‍ക്കുള്ളില്‍ തളച്ചു അവര്‍ക്കായി വാദിക്കാനും രക്ഷിക്കാനും ഇറങ്ങുന്ന പുരോഗമനവാദികളുടെ നാടായി മാറിയ നമ്മുടെ കേരളത്തിലാണത്രേ നവോത്ഥാനമതിൽ കെട്ടിയുയർത്തുന്നത്.അഞ്ചാം ക്ലാസുകാരിയോടു തോന്നിയ കാമത്തിന്റെ കഥ യാതൊരുവിധ സങ്കോചവും ഇല്ലാതെ സോഷ്യല്‍ മീഡിയയില്‍ പറഞ്ഞ മനോരോഗിയോടു ഐ ലവ് യൂ പറഞ്ഞു ഐക്യദാര്‍ഢ്യം പുലര്‍ത്തിയ രാവണപുത്രിമാരും മാംസക്കച്ചവടത്തിന്റെ പുത്തൻ വിപണനതന്ത്രമറയായി ചുംബനസമരത്തെ നയിച്ച പശുപാലസഖിമാരുമാണ് വനിതാമതിലിലൂടെ നവോത്ഥാനകേരളത്തെ പടുത്തുയർത്തുന്നത്

ചതിയുടെ തീക്കാറ്റില്‍പെട്ട് വെന്തുരുകി ചിറകറ്റുപോയൊരു കണ്ണുനീരിന്റെ നനവുള്ള ശലഭത്തെ .ആ ശലഭത്തെ നമ്മള്‍ വിളിച്ചത് കിളിരൂരിലെ ശാരിയെന്നായിരുന്നു..രാഷ്ട്രീയമേലാളന്മാരുടെ ഇടപെടലുകള്‍ക്കൊടുവില്‍ അവളിലെ അണുബാധ മരണക്കാരണമായി മാറിയപ്പോള്‍ അനാഥമായത് ചോരമണക്കുന്ന ഒരു കുഞ്ഞുപൂവ്..രണ്ടായിരത്തിയാറിലെ തെരഞ്ഞെടുപ്പ് വേളയിലെ ഏറ്റവും മൂല്യമുള്ള തുറുപ്പുചീട്ടായിരുന്നു ശാരി.നമ്മുടെ ജനകീയ സമരനായകന്‍ ശാരിയുടെ ഘാതകരായ വി വി ഐ പി കളെ പൊതു സമൂഹത്തിനുമുന്നില്‍ തുറന്നുകാട്ടുമെന്നു പറഞ്ഞു നാടുനീളെ ജനവികാരം ഇളക്കി മറിച്ചുകൊണ്ട് ജനവിധി നേടിയപ്പോള്‍ ഒരു വേള നമ്മളും സ്വപ്നം കണ്ടു പൊതുസമൂഹത്തിലൂടെ കയ്യാമം വയ്ക്കപ്പെട്ടു വിചാരണ ചെയ്യപ്പെടുന്ന ഘാതകരെ ..ഒക്കെയും ഒരു മലര്‍പ്പൊടിക്കാരന്റെ സ്വപ്നമായി അവശേഷിച്ചു..പക്ഷെ, അധികാരത്തിലെത്തിക്കഴിഞ്ഞപ്പോള്‍വേട്ടക്കാര്‍ക്കൊപ്പം നില്‍ക്കാനും ഇരകളെ തള്ളിപ്പറയാനുമാണ്‌ അദ്ദേഹം അടക്കമുള്ളവര്‍ ശ്രമിച്ചത്‌..അധികാരമേറ്റതോടെ വാഗ്ദാനങ്ങളെല്ലാം മറന്ന്‌ ഭരണസുഖത്തിന്റെ “വേലിക്കകത്ത്‌” മൗനിബാബയായി മാറിയ ആ സഖാവിനെ കണ്ടതാണല്ലോ പ്രബുദ്ധകേരളം. ശാരി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞപ്പോഴുണ്ടായ വിഐപി സന്ദര്‍ശനത്തെ മറക്കാനും നമുക്ക് എളുപ്പം കഴിഞ്ഞതുകൊണ്ടാണല്ലോ വീണ്ടുമൊരു വനിതാമതിലെന്ന ആശയത്തെ സ്വീകരിക്കാൻ നമുക്ക് കഴിയുന്നത്.

കിളിരൂറിലെ ശാരിക്കൊപ്പം സെക്സുറാക്കറ്റില്‍ കുടുങ്ങി ജീവന്‍ ഹോമിക്കേണ്ടി വന്ന ഒരു പൂമ്പാറ്റയായിരുന്നു കവിയൂരിലെ അനഘ.കിളിരൂറിലെ ശാരി ഉള്‍പ്പെട്ട പെണ്‍വാണിഭക്കേസിലെ ഇരകളികളിലൊരാളായിരുന്നു നര്‍ത്തകിയായ പതിമൂന്നുകാരി. അനഘ.ലതാ എസ്‌. നായര്‍ എന്ന വിഐപി പിമ്പ്‌ പതിമൂന്ന്‌ കാരിയായ അനഘയെ കേരളത്തിലെ മാന്യന്മാരെന്ന്‌ അവകാശപ്പെടുന്ന പലര്‍ക്കും കാഴ്ചവെച്ചിരുന്നു. ശാരിയുടെ മരണത്തോടെ കിളിരൂര്‍, കവിയൂര്‍ പെണ്‍വാണിഭം പുറത്തായതോടെ അഭിമാനക്ഷതം മൂലമാണ്‌ നാരായണന്‍ നമ്പൂതിരിയും കുടുംബവും ആത്മഹത്യചെയ്തത്.അത് പോലീസ് ഭാഷ്യം..ഇന്ന് ആ ഭാഷ്യത്തിനെതിരെയാണ് സി.ബി.ഐ റിപ്പോർട്ട് വന്നിരിക്കുന്നത്.

പിന്നെ നമുക്ക് മുന്നില്‍ മെഴുകുതിരിനാളം പോലെ വന്നത് സൗമ്യയായിരുന്നു..ട്രെയിനിനുള്ളില്‍ പെണ്‍കുട്ടി പീഡനമേറ്റ് നിലവിളിച്ചപ്പോള്‍ ആ നിലവിളി കേള്‍ക്കാനുണ്ടായിരുന്നത് പാളങ്ങള്‍ മാത്രം.സൗമ്യയുടെ അമ്മ തുണിയില്‍ പൊടിഞ്ഞ മകളുടെ മൃതദേഹം കെട്ടിപിടിച്ചു കരയുന്നത് നമ്മളും ചാനലില്‍ കണ്ടു കൂടെക്കരഞ്ഞു . ഇനി ഒരു അമ്മയ്ക്കും ഈ ഗതി വരരുതേയെന്നും ഇനി ഒരു പെണ്‍കുട്ടിയെയും ആ ഭീകരമായ ഒറ്റകൈ ഞെരിച്ചു കൊല്ലരുതേ എന്നും പ്രാര്‍ഥിച്ചു..പക്ഷേ ആ കരച്ചിലിനും രോഷപ്രകടനങ്ങള്‍ക്കും ഒരു നീര്‍ക്കുമിളയുടെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ. ഇന്ത്യയില്‍ തന്നെ കൊടുംക്രൂരന്മാര്‍, ബലാത്സംഗവീരന്മാര്‍ തുടങ്ങിയ കുറ്റങ്ങള്‍ ആരോപിക്കപ്പെട്ട അനേകം പേരെ പുഷ്പം പോലെ അഴിക്കുപുറത്തു കൊണ്ടുവന്നിട്ടുള്ള , ക്രൂരബലാത്സംഗ കേസ്കളുടെ സ്പെഷ്യലിസ്റ്റ് ആയ ഒരു വക്കീല്‍ ഗോവിന്ദചാമിയെന്ന ഒറ്റക്കയ്യന്‍ യാചകനുവേണ്ടി മുംബെയില്‍ നിന്ന് പറന്നിറങ്ങുന്നുവെന്നറിഞ്ഞപ്പോള്‍ നമ്മള്‍ കണ്ണുകളും ചെവികളും കൊട്ടിയടച്ചു …സൗമ്യയെ നിഷ്ക്കരുണം നുള്ളിക്കളഞ്ഞ ആ ഒറ്റക്കയ്യന്‍ ബിരിയാണി കഴിച്ചു സുന്ദരനായി നമ്മളെ നോക്കി പല്ലിളിച്ചുകാട്ടിയിട്ട് പോലും നമ്മള്‍ ഉണര്‍ന്നില്ല.അവന്റെ തൂക്കുകയര്‍ മനുഷ്യാവകാശലംഘനമായപ്പോള്‍ ഒരു പെണ്‍കുട്ടിക്ക് നഷ്ടമായത് വിടരും മുമ്പേ കൊഴിഞ്ഞ ജീവിതമായിരുന്നു.പിന്നെയും വന്നു നമുക്ക് മുന്നിൽ ഒരു പാട് നിലവിളികൾ!

നവോത്ഥാനത്തിനും തുല്യനീതിക്കും ലിംഗസമത്വത്തിനും സ്ത്രീസുരക്ഷയ്ക്കുമുള്ള വനിതാമതിലിൽ അണിചേരുക തന്നെ വേണം!കാരണം ആ മതിലിനെ പടുത്തുയർത്തുന്നത് മരിച്ചവരുടെ ,അലഞ്ഞുതിരിയുന്ന ഒരു പാട് ആത്മാക്കളുടെ നീതിനിഷേധത്തിന്റെ അടിത്തറയും ജീവിച്ചിരിക്കുന്ന ഒരു പാട് ആത്മാക്കളുടെ വെളിപാടുകളും മോഹഭംഗങ്ങളും ഒക്കെ ചേർന്ന ചുണ്ണാമ്പുക്കല്ലുകളാണല്ലോ!ചരിത്രത്തിൽ തിരിഞ്ഞുകൊത്തുന്ന ഒരു സർപ്പഗാഥയായി,വൈരുദ്ധ്യങ്ങളുടെ സ്തൂപമായി,ഇരട്ടത്താപ്പിന്റെയും വരട്ടുവാദത്തിന്റെയും അടയാളമായിഈ മതിൽ ഇടംപിടിക്കുക തന്നെ വേണം.

Tags

Related Articles

Post Your Comments


Back to top button
Close
Close