Latest NewsGulf

ബുര്‍ജ് ഖലീഫയിലെ ലേസര്‍ ഷോ മാര്‍ച്ച് വരെ തുടരും

ദുബായ്:ലോകത്തിലെ ഏറ്റവും ഉയരമേറിയ കെട്ടിടമായ ബുര്‍ജ ഖലീഫയില്‍ പുതുവര്‍ഷപ്പുലരിയില്‍ ഒരുക്കിയ ലേസര്‍-ലൈറ്റ് ഷോ കാണാത്തവര്‍ നിരാശരാകേണ്ട. ലേസര്‍ ഷോ മാര്‍ച്ച് 31 വരെ നീട്ടി.

തിങ്കളാഴ്ച വൈകീട്ടത്തെ ജനപ്രളയത്തിനിടയില്‍ അവിടെ എത്താന്‍ കഴിയാതെ പോയവര്‍ക്കും സഞ്ചാരികള്‍ക്കുമായാണ് ഈ സംവിധാനം ഒരുക്കുന്നത്. ബുര്‍ജ് ഖലീഫയുടെ ഉടമകളായ ഇമ്മാര്‍ അധികൃതരാണ് ആഘോഷങ്ങള്‍ മാര്‍ച്ച് 31 വരെ നടക്കുമെന്ന കാര്യം അറിയിച്ചിരിക്കുന്നത്. ജനുവരി എട്ട് മുതലാണ് ഇത് ആരംഭിക്കുന്നത്. ഇതോടൊപ്പം ബുര്‍ജ് ഖലീഫയിലെ മ്യൂസിക്കല്‍ ഫൗണ്ടന്‍ ഷോയും കാണാനാവും.

ജനുവരി എട്ട് മുതല്‍ മാര്‍ച്ച് 31 വരെയുള്ള ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ രാത്രി 7.15, എട്ട് മണി, 9.15 എന്നീ സമയങ്ങളിലായിരിക്കും ലൈറ്റ് ഷോ. വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ വൈകീട്ട് 6.45, രാത്രി എട്ട്, 9.45 എന്നീ സമയങ്ങളിലും ഷോ ഉണ്ടാകും. കാലവും പുരോഗതിയും എന്ന ആശയത്തിലൂന്നിയാണ് ഇമ്മാര്‍ ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ ആവിഷ്‌കരിച്ചിരിക്കുന്നത്. യു.എ.ഇ യുടെ ചരിത്രം മുതല്‍ ചൊവ്വാ പര്യവേക്ഷണം വരെയുള്ള വികസന, പുരോഗമന പദ്ധതികളുടെ കൂടി വിവരണമാണ് ലൈറ്റ് ആന്‍ഡ് സൗണ്ട് ഷോ.

ബുര്‍ജ് ഖലീഫയിലെയും ഡൗണ്‍ടൗണിലെയും പുതുവര്‍ഷാഘോഷങ്ങള്‍ കാണാന്‍ പത്ത് ലക്ഷത്തിലേറെ പേര്‍ എത്തി എന്നാണ് കണക്ക്. ലേസര്‍ ഷോയും വെടിക്കെട്ടും ബുര്‍ജ് ഖലീഫയ്ക്ക് രണ്ട് പുതിയ ഗിന്നസ് റിക്കാര്‍ഡുകള്‍ കൂടി നേടിക്കൊടുത്തിട്ടുണ്ട്. യു.എ.ഇ. രാഷ്ട്രപിതാവായ ശൈഖ് സായിദിന്റെ ജന്മശതാബ്ദി വര്‍ഷമെന്ന നിലയില്‍ 2018 ല്‍ ആചരിച്ച സായിദ് വര്‍ഷവും ആഘോഷത്തില്‍ വിഷയമായി. ലോകമാകെ സാമൂഹിക മാധ്യമങ്ങളിലൂടെ കോടിക്കണക്കിനാളുകള്‍ ബുര്‍ജ് ഖലീഫയിലെ ആഘോഷങ്ങള്‍ കണ്ടു. 9,400 വെടിക്കെട്ടാണ് ബുര്‍ജ് ഖലീഫയില്‍ ഒരുക്കിയത്. ഇതിനായി 1,371 കിലോ വെടിമരുന്ന് 2,017 സ്ഥലങ്ങളിലായാണ് സജ്ജമാക്കിയത്. അറബിക്, ഇംഗ്ലീഷ്, ചൈനീസ് ഭാഷകളിലായാണ് പുതുവര്‍ഷപ്പുലരിയില്‍ ആശംസ നേര്‍ന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button