KeralaLatest News

ശബരിമല: സമരാനുകൂലികളെ അടിച്ചൊതുക്കാന്‍ ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് കെ. സുരേന്ദ്രന്‍

പത്തനംതിട്ട: ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രന്‍. സമരം നടത്തുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാരും സിപിഎമ്മും പൊലീസും ശ്രമിച്ചാല്‍ തിരിച്ചടിക്കുമെന്നും തെരുവില്‍ തന്നെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ കാര്യങ്ങള്‍ തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഓഫിസ് അല്ല. താന്ത്രിക അവകാശം പാരമ്പര്യമാണ്, പിണറായി അല്ല തീരുമാനിക്കുന്നത്. ശബരിമലയുമായി ബന്ധപ്പെട്ടവരെ ആക്ഷേപിക്കുന്നതു പോലെ മറ്റു മതങ്ങളിലെ ആചാര്യന്മാരെ ആക്ഷേപിക്കാന്‍ മുഖ്യമന്ത്രിക്കു ധൈര്യമുണ്ടോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.

അതേസമയം ഹര്‍ത്താല്‍ ദിനത്തില്‍ കോഴിക്കോട് മിഠായിത്തെരുവില്‍ കലാപത്തിനു ശ്രമിച്ചത് എസ്ഡിപിഐ, ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു. കൂടാതെ എന്‍എസ്എസിനെ ഭയപ്പെടുത്തി ചൊല്‍പ്പടിക്കു നിര്‍ത്താമെന്നു കോടിയേരി ബാലകൃഷ്ണനും കൂട്ടരും വിചാരിക്കേണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഹര്‍ത്താല്‍ദിനത്തിലും തലേന്നും മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവങ്ങളില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പരിശോധിച്ചു നടപടിയെടുക്കും. ഇക്കാര്യത്തില്‍ എന്തു നടപടിയെടുത്തുവെന്നും ഖേദപ്രകടനം നടത്തണമോയെന്ന കാര്യത്തിലും ബിജെപി അധ്യക്ഷനാണു മറുപടി പറയേണ്ടതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി. ശബരിമലയില്‍ ചിത്തിര ആട്ട വിശേഷത്തിന് എത്തിയ 52കാരിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട കേസില്‍ ജാമ്യ വ്യവസ്ഥയുടെ ഭാഗമായി പത്തനംതിട്ട എആര്‍ ക്യാംപില്‍ ഒപ്പിടാന്‍ എത്തിയതായിരുന്നു അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button