Latest NewsArticleIndia

അലോക് വർമ്മ സിബിഐക്ക് പുറത്ത്, സർക്കാർ നിലപാട് ശരിവെക്കപ്പെട്ടു രാഹുൽ ഗാന്ധിയും മറ്റും ഇനിയെങ്കിലും മാപ്പ് പറയുമോ രാജ്യത്തോട്

മുതിർന്ന മാധ്യമ പ്രവർത്തകൻ കെവിഎസ് ഹരിദാസ് എഴുതുന്നു

അവസാനം അലോക് വർമ്മ സിബിഐ-യിൽ നിന്ന് പുറത്തായി. സുപ്രീം കോടതി തീരുമാനിച്ചതനുസരിച്ച് പ്രധാനമന്ത്രി, സുപ്രീം കോടതി ജഡ്ജി, ലോകസഭയിലെ ഏറ്റവും വലിയ കക്ഷിയുടെ നേതാവ് എന്നിവരുൾപ്പെട്ട സമിതിയാണ് തീരുമാനമെടുത്തത്. നേരത്തെ, അലോക് വർമയെ സെൻട്രൽ വിജിലൻസ് കമ്മീഷൻ സമർപ്പിച്ച നിർദ്ദേശത്തെ തുടർന്ന് അവധിയിൽ പ്രവേശിപ്പിച്ചത് കോടതി റദ്ദ് ചെയ്തിരുന്നു. അന്ന് ആ ഉത്തരവിനെ ആഘോഷിച്ചവർ ഇപ്പോൾ കാര്യങ്ങൾ മനസിലാക്കിയിരിക്കണം. ഇത് അഴിമതിക്കാർക്കുള്ള മുന്നറിയിപ്പാണ്. ഇപ്പോഴത്തേത് സർക്കാർ തീരുമാനമല്ല എന്നത് അതിന്റെ പ്രാധാന്യവും പ്രസക്തിയും വർധിപ്പിക്കുന്നു.

സുപ്രീം കോടതി വിധി കേന്ദ്ര സർക്കാരിന് തിരിച്ചടിയാണ് എന്നും മറ്റുമുള്ള ആക്ഷേപങ്ങൾ ഉന്നയിച്ചവർ അനവധിയാണ്. രാഹുൽ ഗാന്ധി മുതൽ പ്രശാന്ത് ഭൂഷണും യെച്ചുരിമാരും വരെ തെരുവിലിറങ്ങി അത് ആഘോഷിച്ചു. അവർ സ്വപ്നം കാണുകയാണ് എന്ന് ഞാൻ അന്നേ സൂചിപ്പിച്ചിരുന്നു. സുപ്രീം കോടതിയുടെ വിധിന്യായം പരിശോധിച്ചാൽ അത് ആർക്കും വ്യക്തമാവും. അലോക് വർമ്മയെ സിബിഐ ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കിയത് കോടതി റദ്ദാക്കി; അത്തരമൊരാളെ നീക്കുന്നത് എങ്ങിനെയാണ് എന്നതാണ് കോടതി പറഞ്ഞത്; അതിനുള്ള അധികാരം ആർക്കാണ് എന്നതാണ്. ആരോപണവിധേയനായ ഒരു ഉദ്യോഗസ്ഥനെ ആര് എങ്ങിനെ കൈകാര്യം ചെയ്യണം എന്നുള്ള പ്രശ്നത്തിലെ, നിയമത്തിലെ, അവ്യക്തതയും ഇതിന് കാരണമായിട്ടുണ്ട്. ഇക്കാര്യത്തിൽ കോടതി വ്യക്തത വരുത്തി; അതായത് സിബിഐ ഡയറക്ടർ ആരാവണം എന്ന് തീരുമാനിക്കാനുള്ള സമിതി തന്നെ അയാളുടെ ഭാവിയും വിധിയെഴുതട്ടെ എന്ന് വ്യക്തമാക്കുകയായിരുന്നു. അതാണ് ഇപ്പോൾ നടന്നത്. കോടതി പറഞ്ഞത് പ്രകാരം സിബിഐ ഡയറക്ടരുടെ ഭാവി തീരുമാനിച്ചിരിക്കുന്നു.

ഇവിടെ ഓർക്കേണ്ടത് സെൻട്രൽ വിജിലൻസ് കമ്മീഷൻ (സിവിസി) പറഞ്ഞിട്ടാണ് സർക്കാർ നടപടി എടുത്തത് എന്നതാണ്. അങ്ങിനെ നിർദ്ദേശിക്കാൻ സിവിസിക്ക് അധികാരമുണ്ട് എന്നതായിരുന്നു സർക്കാർ സമീപനം. മറ്റൊരു മാർഗവും സർക്കാരിന് അന്ന് തോന്നിയിരുന്നുമില്ല. പിന്നെ സിബിഐ ഡയറക്ടർക്കെതിരെ ഉയർന്ന ആരോപണങ്ങൾ സംബന്ധിച്ച് നടന്ന അന്വേഷണത്തിന്റെ റിപ്പോർട്ട് ആണ്. ആ അന്വേഷണം നടന്നത് സുപ്രീം കോടതി പറഞ്ഞിട്ടാണ്; ഒരു മുൻ സുപ്രീം കോടതി ജഡ്ജിയുടെ നിരീക്ഷണത്തിലാണ് സിവിസിയുടെ അന്വേഷണം നടന്നത്; റിപ്പോർട്ട് തയ്യാറാക്കിയത് ഈ മുൻ സുപ്രീം കോടതി ജഡ്ജിയും കൂടി അറിഞ്ഞുകൊണ്ടാണ് എന്നർത്ഥം. ആ റിപ്പോർട്ട് കോടതി കണ്ടിരുന്നു; അതുകൊണ്ടാണ് ഒരിക്കൽ കോടതി പറഞ്ഞത്, അതിൽ ചിലതൊക്കെയുണ്ട് എന്ന്. അത് മനസ്സിൽ വെച്ചുകൊണ്ടാവണം കോടതി അലോക് വർമയെ തിരിച്ചെടുത്തപ്പോഴും അധികാരങ്ങൾ നൽകാതിരുന്നത്. കയറിയിരുന്നോളൂ, എന്നാൽ അധികാരം പ്രയോഗിക്കണ്ട എന്നതാണല്ലോ കോടതി പറഞ്ഞത്. പക്ഷെ കയറി ഇരുന്നത് മുതൽ വേണ്ടതും വേണ്ടാത്തതുമായ കുറെ നടപടികൾ വർമ്മ സ്വീകരിച്ചു എന്നത് വേറെ കാര്യം; അതിനൊക്കെ മണിക്കൂറുകളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളു.

അതിലേക്കാളേറെ നാണക്കേട് ഇപ്പോൾ പ്രതിപക്ഷം നടത്തുന്ന വാദങ്ങളാണ്. ലജ്ജാകരം തന്നെ. അവർ കോടതിയിൽ വാദിച്ചത്, ആരാണോ സിബിഐ ഡിറക്ടറെ തിരഞ്ഞെടുക്കുന്നത്, അവർക്ക് മാത്രമേ മാറ്റാൻ അധികാരവുമുള്ളൂ എന്നാണ്. അതാണ് കോടതി ശരിവെച്ചത്. എന്നിട്ട് ഇപ്പോൾ അതിനെതിരെ അതെ കൂട്ടർ രംഗത്ത് വരുന്നു. ഇത്രക്ക് ഏതെങ്കിലും നേതാവിന് തരംതാഴാനാവുമോ? പ്രധാനമന്ത്രിക്കെതിരെ അന്വേഷണത്തിനാണ് വർമ്മ ശ്രമിച്ചത് എന്നും റഫാലിൽ നരേന്ദ്ര മോദിയാണ് പ്രതിക്കൂട്ടിൽ എന്നും അതുകൊണ്ട് മോഡി കൂടി ഇരുന്ന് ഇത്തരമൊരു തീരുമാനം എടുത്തത് ശരിയായില്ല എന്നുമൊക്കെ പറയുന്നു. സുപ്രീം കോടതി വിധി ഇക്കൂട്ടർ വായിക്കണ്ടേ. അതിൽ ഒരു റഫാലുമില്ല. പിന്നെ റഫാൽ കേസിൽ വ്യക്തത കോടതി നേരത്തെ വരുത്തിയതുമാണ്. അത് ബോധ്യമാവാത്തത് ഇറ്റാലിയൻ കുടുംബത്തിനും അവരുടെ പരിവാരങ്ങൾക്കുമാണ്……

ഇപ്പോൾ യഥാർഥത്തിൽ സർക്കാർ പറഞ്ഞതൊക്കെ ശരിവെക്കപ്പെട്ടിരിക്കുന്നു. നേരത്തെ ആരോപണങ്ങൾ ഉന്നയിച്ചവർ, ധർമ്മികത കുറച്ചെങ്കിലും അവശേഷിക്കുന്നുണ്ടെങ്കിൽ പരസ്യമായി നരേന്ദ്ര മോദിയോട്, രാജ്യത്തോട് മാപ്പ് പറയുകയാണ് വേണ്ടത്. സിബിഐ യിൽ ഒരു ക്ലീനിങ് നടത്തേണ്ടതുണ്ട്; തീർച്ചയായും അത് അടുത്ത സിബിഐ ഡയറക്ടരുടെ നേതൃത്വത്തിൽ നടക്കുമെന്ന് ആശിക്കാം.

Tags

Post Your Comments

Related Articles


Back to top button
Close
Close