KeralaLatest News

പള്ളിത്തർക്കം; കാതോലിക്ക ബാവ ഉപവാസം അവസാനിപ്പിച്ചു

കൊച്ചി: പഴന്തോട്ടം പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്സ് തര്‍ക്കത്തിന് താത്കാലിക പരിഹാരം. ഓര്‍ത്തഡോക്സ് വിഭാഗത്തിന് പുതിയ പള്ളിയിലും യാക്കോബായ വിഭാഗത്തിന് പഴയ പള്ളിയിലും ആരാധന നടത്താന്‍ ആര്‍ഡിഒ നടത്തിയ ചര്‍ച്ചയില്‍ തീരുമാനമായി. തീരുമാനത്തെ തുടര്‍ന്ന് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് പുറത്ത് നടത്തിയ ഉപവാസം അവസാനിപ്പിച്ചു.

യാക്കോബായ വിഭാഗത്തിന്റെ കൈവശമിരിക്കുന്ന പഴന്തോട്ടം സെന്റ് മേരീസ് പള്ളിയില്‍ സുപ്രീംകോടതി വിധി മുന്‍ നിര്‍ത്തിയാണ് ഓര്‍ത്തഡോക്സ് വിഭാഗം ഇന്നലെ രാവിലെ പൂട്ട് പൊളിച്ച്‌ കയറിയത്. ഓര്‍ത്തഡോക്സ് വികാരി മത്തായി ഇടനാലിന്റെ നേതൃത്വത്തില്‍ ഇവര്‍ പള്ളിയില്‍ പ്രര്‍ത്ഥനയും നടത്തി. തുടര്‍ന്ന് യാക്കോബായ വിഭാഗം പള്ളിക്ക് മുന്നില്‍ പ്രതിഷേധവുമായെത്തി. കഴിഞ്ഞ ദിവസം അന്തരിച്ച യാക്കോബായ സഭാംഗത്തിന്റെ മൃതദേഹം സംസ്ക്കാര ശുശ്രുഷകള്‍ക്കായി പള്ളിയില്‍ കയറ്റാന്‍ അനുവധിക്കണമെന്ന് യാക്കോബായ വിഭാഗം ആവശ്യപ്പെട്ടു.

ജില്ലാ ഭരണകൂടത്തിന്റെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയില്‍ ഇക്കാര്യം ഓര്‍ത്തഡോക്സ് വിഭാഗം അംഗീകരിച്ചു. സംസ്ക്കാര ചടങ്ങുകള്‍ക്ക് മരിച്ചയാളിന്റെ ബന്ധുക്കളെ മാത്രമാണ് പൊലീസ് അകത്തേക്ക് കയറ്റിയത്. എന്നാല്‍ സംസ്ക്കാര ചടങ്ങുകള്‍ കഴിഞ്ഞ് ആളുകള്‍ പുറത്തെത്തിയതോടെയാണ് യാക്കോബായ സഭാ അധ്യക്ഷന്‍ ബസേലിയോസ് തോമസ് പ്രഥമന്‍ കാതോലിക്ക ബാവ പള്ളിക്ക് മുന്നി‌ല്‍ ഉപവാസം ആരംഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button