KeralaLatest News

നോർക്ക റൂട്ട്‌സ് ഇടപെടൽ: ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നാട്ടിലെത്തി

 

തിരുവനന്തപുരം•ജോലിത്തട്ടിപ്പിൽപെട്ട് മലേഷ്യയിൽ കുടുങ്ങിയ തൊഴിലാളികൾ നോർക്ക റൂട്ട്‌സ് ഇടപെടലിൽ നാട്ടിലെത്തി. തിരുവനന്തപുരം അഞ്ചുതെങ്ങിലെയും കൊല്ലത്തേയും തീരമേഖലയിൽ നിന്നുള്ള 19 പേരാണ് കോലാലംപൂരിൽനിന്ന് രക്ഷനേടി ഇപ്പോൾ കേരളത്തിലെത്തിയത്. ഇവരിൽ 11 പേർ നന്ദി അറിയിക്കാൻ ബുധനാഴ്ച നോർക്ക റൂട്ട്‌സ് ഓഫീസിലെത്തി. സർക്കാരിന്റെയും നോർക്കയുടെയും മലേഷ്യയിലെ മലയാളി സംഘടനയുടേയും എംബസിയുടേയും സഹായത്തോടെയാണ് ഇവർക്ക് രക്ഷപ്പെടാനായത്.

എജൻസി ചതിച്ച് വിസിറ്റ് വിസയിൽ മലേഷ്യയിൽ എത്തിയവരാണ് കുടുങ്ങിയത്. മത്സ്യത്തൊഴിലാളികളും ഓട്ടോത്തൊഴിലാളികളുമാണ് പോയവരിൽ മിക്കവരും. മികച്ച കൂലിയിൽ ജോലി കിട്ടുമെന്ന വാഗ്ദാനം വിശ്വസിച്ചാണ് ഇവർ 75,000 മുതൽ 85,000 രൂപ നൽകി മലേഷ്യയിലേക്ക് പോയത്. എയർപോർട്ടിൽ വെച്ചാണ് വിസിറ്റ് വിസയാണ് ലഭിച്ചതെന്ന് ഇവർ തിരിച്ചറിഞ്ഞതെന്ന് സംഘത്തിലുണ്ടായിരുന്ന ജസ്റ്റിൻ പറഞ്ഞു. കൊണ്ടുപോയ എജൻസിക്കാർ കോലാലംപൂരിനും 420 കിലോമീറ്റർ അകലെയുള്ള ജോഹർ എന്ന വിദൂരസ്ഥലത്തെ ഒരു ക്യാമ്പിലാണ് ഇവരെ എത്തിച്ചത്. തങ്ങളെ കമ്മീഷൻ വാങ്ങി അടിമജോലിക്ക് സമാനമായ വിവിധ ജോലികൾക്കായി വിവിധ സ്ഥാപനങ്ങൾക്ക് കൈമാറാനായിരുന്നു പദ്ധതിയെന്ന് രക്ഷപ്പെട്ടവർ പറഞ്ഞു. തൊഴിൽ വിസ നേടിത്തരാം എന്നു വാഗ്ദാനം ചെയ്ത് തങ്ങളുടെ പാസ്‌പോർട്ടും അവർ പിടിച്ചെടുത്തിരുന്നു. ഇതുമൂലം പുറത്തിറങ്ങിയാൽ അറസ്റ്റിലാവുന്ന അവസ്ഥയിലായിരുന്നു ഈ തൊഴിലാളികൾ.
തൊഴിലാളികൾ കുടുംബത്തെ വിവരമറിയിക്കുകയും അവർ മുഖ്യമന്ത്രിയുടെ ഓഫീസിലും നോർക്ക റൂട്ട്‌സിലും ബന്ധപ്പെടുകയും ചെയ്താണ് കോലാലംപൂരിലെ ഇന്ത്യൻ എംബസിയുമായി ബന്ധപ്പെടാൻ അവസരമൊരുക്കിയത്.

നോർക്ക വഴി കോലാലംപൂരിലെ മലയാളി സംഘടനയായ ‘മലയാളി കുടുംബ’ത്തിന്റെ സഹായം തേടുകയും അവർ ഏർപ്പെടുത്തിയ സഹായിയും ഡ്രൈവറും മുഖേന രക്ഷപ്പെടുത്തി എംബസിയുടെ ക്യാമ്പിൽ എത്തിക്കുകയുമായിരുന്നു.

ഒന്നരമാസത്തിലധികം നിരന്തരമായ ശ്രമഫലമായാണ് ഇവരെ നാട്ടിലെത്തിക്കാൻ എംബസി സഹായത്തോടെ സാധ്യമായതെന്ന് നോർക്ക റൂട്ട്‌സ് വൈസ് ചെയർമാൻ കെ. വരദരാജനും സി.ഇ.ഒ കെ. ഹരികൃഷ്ണൻ നമ്പൂതിരിയും പറഞ്ഞു.

എംബസിയിൽ ഇവർ നിയമപരമായി കീഴടങ്ങി ഫൈൻ അടക്കേണ്ടതുണ്ടായിരുന്നു. ഈ നടപടിക്ക് ശേഷം രണ്ടുഘട്ടമായി ആദ്യം ഒൻപതുപേർക്കും പിന്നീട് 10 പേർക്കും എക്‌സിറ്റ് പാസ് അനുവദിച്ചാണ് ഇവരെ നാട്ടിലെത്തിക്കാൻ വഴി തെളിഞ്ഞത്. ഇവർക്ക് മടക്കടിക്കറ്റിനുള്ള വിമാനക്കൂലിയും നോർക്ക റൂട്ട്‌സാണ് വഹിച്ചത്.

ജസ്റ്റിൻ, ജിത്തു ചന്ദ്രൻ, സ്റ്റിബിൻ, റൈസൺ, പാർത്താസ്, വിജയ്, അനീഷ്, ഷാജി, സാജു ആൻറണി, സിനിൽ, കെന്നഡി, അഖിൽ, കുമാർ, ജോൺസൺ എ, സിജോ സിബു, ഇസ്സേ, ജോഷി, വർഗീസ്, സോമജ് എന്നിവരാണ് രക്ഷപ്പെട്ട് നാട്ടിലെത്തിയത്. ഇവർ 24നാണ് കൊച്ചിയിൽ നിന്ന് മലേഷ്യയിലേക്ക് പോയത്. ജനുവരി ഏഴിനാണ് രക്ഷപ്പെട്ട് തിരിച്ചെത്തിയത്.

വിദേശകാര്യ മന്ത്രാലയം അംഗീകരിച്ച ഏജൻസികൾ മുഖേന മാത്രമേ വിദേശത്തേക്ക് ആളുകളെ കൊണ്ടുപോകാനാകൂ. സുരക്ഷിതവും നിയമപരവുമായ കുടിയേറ്റം മാത്രമാണ് നോർക്ക റൂട്ട്‌സ് പ്രോത്‌സാഹിപ്പിക്കുന്നത്. വിദേശ തൊഴിലിന് ശ്രമിക്കുമ്പോൾ കൊണ്ടുപോകുന്ന ഏജൻസി അംഗീകൃതവും നിയമപരമായി തൊഴിലിനായി ആളുകളെ കൊണ്ടുപോകാൻ അനുമതിയുള്ളവരുമാണെന്ന് സർക്കാർ ഏജൻസികളോ നോർക്കയോ വഴി ഉറപ്പുവരുത്തണമെന്നും കബളിപ്പിക്കപ്പെടാതിരിക്കാൻ ശ്രദ്ധിക്കണമെന്നും നോർക്ക റൂട്ട്‌സ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button