KeralaLatest News

പിന്നാക്കവിഭാഗങ്ങൾക്ക് മികച്ച ജീവിതാവസ്ഥയുണ്ടാക്കിയതിൽ നവോത്ഥാനത്തിന് പങ്ക് -മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം•മറ്റു സംസ്ഥാനങ്ങളിൽനിന്ന് വ്യത്യസ്തമായ ജീവിതാവസ്ഥ കേരളത്തിൽ പിന്നാക്കവിഭാഗങ്ങൾക്ക് ഉണ്ടാക്കിയതിൽ നവോത്ഥാനത്തിന് മുഖ്യപങ്കുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പിന്നാക്കക്കാർക്കും പട്ടികവിഭാഗക്കാർക്കും പീഡനമേറ്റുവാങ്ങേണ്ട അവസ്ഥയാണെങ്കിലും അത്തരം സാഹചര്യമല്ല കേരളത്തിലെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെ നവീന വായ്പാ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം കിളിമാനൂരിൽ നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സമൂഹത്തിലെ നൂതന തൊഴിൽ സാധ്യതകൾ ഉപയോഗിക്കാനാവുംവിധവും പട്ടികജാതി പട്ടികവർഗ വിഭാഗങ്ങളെ സജജമാക്കാനും സ്ത്രീശാക്തീകരണത്തിന് കരുത്തേകാനാകുംവിധമുള്ള നടപടികളുമാണ് പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ വഴി നടപ്പാക്കുന്നത്.
നമ്മുടെ നാടിനേക്കാളും ശക്തമായ ഇടപെടലുകളാണ് തമിഴ്‌നാട്, മഹാരാഷ്ട്ര പോലുള്ള സംസ്ഥാനങ്ങളിൽ നവോത്ഥാനം പ്രസ്ഥാനങ്ങൾ നടത്തിയത്. എന്നാൽ അവിടങ്ങളിൽ ജാതീയമായ ഉച്ചനീചത്തങ്ങളും ഫ്യൂഡൽ അവശിഷ്ടങ്ങളും ഇപ്പോഴും ശക്തമാണ്. അതിൽനിന്ന് വ്യത്യസ്തമായി കേരളത്തിന് നിൽക്കാൻ കഴിയുന്നത് നവോത്ഥാനത്തിന്റെ ശക്തമായ പിന്തുടർച്ച ഉണ്ടായതിനാലാണ്.
ശ്രീനാരായണഗുരു, ചട്ടമ്പി സ്വാമി, അയ്യങ്കാളി തുടങ്ങിയ മഹാരഥൻമാരും അവരുടെ പിന്നിൽ അണിനിരന്നവരും നടത്തിയ പ്രക്ഷോഭങ്ങൾ കേരളത്തെ മാറ്റിമറിക്കുന്നതിൽ വലിയ പങ്ക് വഹിച്ചു.
കർഷകപ്രസ്ഥാനങ്ങളും, തൊഴിലാളി പ്രസ്ഥാനങ്ങളും, ഇടതു സംഘടനകളും ഒക്കെ ശരിയായ രീതിയിൽ ഇടപെടുന്ന നിലയുണ്ടായി. അതിന്റെ ഭാഗമായി ജാതീയ അവശതകൾ മാത്രമല്ല, സാമ്പത്തിക ഇടപെടലുകൾക്കെതിരെയും വലിയ ഇടപെടലുകൾ വന്നു.

ജൻമിത്വ താത്പര്യങ്ങൾക്കെതിരെയും കൃഷിക്കാർക്ക് കൃഷിഭൂമിയുടെ അവകാശത്തിനായും പ്രക്ഷോഭം ഉണ്ടായപ്പോൾ ആക്ഷേപിച്ചവരും അടിച്ചമർത്തിയവരും ഉണ്ടായിരുന്നു.
എന്നാൽ, 1957 ലെ ഇ.എം.എസ് സർക്കാർ വന്നതോടെ ഭൂപരിഷ്‌കരണ നിയമവും കുടിയൊഴിപ്പിക്കലിനെതിരായ നിയമവും വന്നു. ഇക്കാര്യങ്ങൾ കേരളസമൂഹത്തിൽ വലിയ മാറ്റമാണ് സൃഷ്ടിച്ചത്. ഇതോടൊപ്പം പൊതുവിദ്യാഭ്യാസത്തിന് നൽകിയ പ്രാധാന്യവും നൽകിയത് പിന്നാക്കവിഭാഗങ്ങൾക്ക് വിദ്യാഭ്യാസപരമായ വളർച്ചയുണ്ടാക്കി.
സാമൂഹ്യപരമായ പിന്നാക്കാവസ്ഥ പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് പൂർണമായി ഇല്ലാതായിട്ടില്ലാത്തതിനാൽ അതിനുള്ള തുടർനടപടികൾ ആവശ്യമാണ്. അതുകൊണ്ടുതന്നെ സംവരണം തുടരേണ്ടതായിട്ടുണ്ട്.

സ്ത്രീ ശാക്തീകരണത്തിന് സമൂഹത്തിൽ പൊതുവേ പ്രാമുഖ്യം നൽകുന്നുണ്ട്. സ്ത്രീകളെ പിന്നോട്ടടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ സ്ത്രീ സമൂഹത്തിന്റെ തന്നെ ശക്തമായ പ്രതിരോധമായിരുന്നു വനിതാമതിൽ. അത്തരം ഘട്ടത്തിലാണ് സ്ത്രീശാക്തീകരണത്തിന് ശക്തിപകരാൻ കുടുംബശ്രീ വായ്പ നൽകാൻ പദ്ധതി തുടങ്ങുന്നത്. സ്റ്റാർട്ടപ്പ് രംഗത്ത് മുന്നിൽ നിൽക്കുന്ന നമ്മുടെ സംസ്ഥാനത്ത് പട്ടികവിഭാഗങ്ങളിലുള്ളവർക്ക് ഇത്തരം സംരംഭങ്ങളിലേക്ക് കടന്നുവരാനാണ് സ്റ്റാർട്ടപ്പ് വായ്പകൾ അനുവദിക്കാൻ പദ്ധതി ആരംഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വ്യക്തിഗത സഹായങ്ങൾക്കപ്പുറം പിന്നാക്കവിഭാഗങ്ങളുടെ സുസ്ഥിര വികസനത്തിനുള്ള പദ്ധതികളാണ് സർക്കാർ ആവിഷ്‌കരിക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷത വഹിച്ച പട്ടികജാതി പട്ടികവർഗ ക്ഷേമ വകുപ്പ് മന്ത്രി എ.കെ. ബാലൻ പറഞ്ഞു. ഗുണനിലവാരമുള്ള വിദ്യാഭ്യാസത്തിനും അതിനുള്ള പശ്ചാത്തല സൗകര്യങ്ങൾ വർധിപ്പിക്കുന്നതിനുമുള്ള നടപടികളാണ് സ്വീകരിക്കുന്നത്്. കൂടുതൽ ഗുണഭോക്താക്കളിലേക്കെത്താൻ പിന്നാക്ക വികസന കോർപറേഷന്റെയും പട്ടികജാതി പട്ടികവർഗ വികസന കോർപറേഷന്റെയും കൂടുതൽ ശാഖകൾ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ബി. സത്യൻ എം.എൽ.എ, കിളിമാനൂർ ബ്‌ളോക്ക് പഞ്ചായത്ത് പ്രസിഡൻറ് ശ്രീജ ഷൈജുദേവ്, പഴയകുന്നുമേൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ്. സിന്ധു, ജില്ലാ പഞ്ചായത്തംഗം ഡി. സ്മിത, കിളിമാനൂർ ബ്‌ളോക്ക് പഞ്ചായത്തംഗം എസ്. യഹിയ, ഗ്രാമപഞ്ചായത്തംഗം വി. ഗോവിന്ദൻ പോറ്റി, കോർപറേഷൻ ഡയറക്ടർമാരായ ആർ.എസ്. അനിൽ, കെ. കൃഷ്ണൻ തുടങ്ങിയവർ സംബന്ധിച്ചു.
കോർപറേഷൻ മാനേജിംഗ് ഡയറക്ടർ ഡോ. എം.എ നാസർ പദ്ധതി വിശദീകരിച്ചു.
പട്ടികജാതി പട്ടികവർഗ വികസന കോർപറേഷൻ ചെയർമാൻ ബി. രാഘവൻ സ്വാഗതവും ജില്ലാ മാനേജർ എസ്. സുരാജ് നന്ദിയും പറഞ്ഞു.

വനിതാ ശാക്തീകരണം ലക്ഷ്യമാക്കി കുടുംബശ്രീ വായ്പ പദ്ധതി, കൃഷിഭൂമി വായ്പ, ഭവന നിർമാണ വായ്പ, ഭവന പുനരുദ്ധാരണ വായ്പ, പ്രവാസി പുനരധിവാസ വായ്പ, സബ്‌സിഡിയോടെ വിദേശ വായ്പ, സ്റ്റാർട്ടപ്പ് വായ്പ, അംഗീകൃത കോൺട്രാക്ടർമാർക്കുള്ള വായ്പ തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button