KeralaLatest NewsIndia

യുവതി പ്രവേശനത്തിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് മുട്ടുമടക്കുന്നു

ബലംപ്രയോഗിച്ചു നീക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ പ്രതിഷേധം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് പൊലീസിനെ കുഴക്കുന്നത്

ശബരിമല : യുവതികള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതിനെതിരെ അയല്‍സംസ്ഥാന തീര്‍ത്ഥാടകരുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പ്രതിഷേധത്തിന് മുന്നില്‍ പൊലീസ് പതറുന്നു. ഇത്തരത്തിൽ പ്രതിഷേധിക്കുന്ന ഭക്തരെ ബലംപ്രയോഗിച്ചു നീക്കുകയോ, അറസ്റ്റ് ചെയ്യുകയോ ചെയ്താല്‍ പ്രതിഷേധം അയല്‍ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുമെന്ന മുന്നറിയിപ്പാണ് പൊലീസിനെ കുഴക്കുന്നത്.

അന്യ സംസ്ഥാന ഭക്തർക്ക് നേരെ പോലീസ് നടപടിയുണ്ടായാൽ അയല്‍ സംസ്ഥാനങ്ങളില്‍ താമസിക്കുന്ന മലയാളികള്‍ക്കെതിരെയും എതിര്‍പ്പുണ്ടാകാമെന്ന ആശങ്കയുണ്ട്. രേഷ്മ നിശാന്ത്, ഷാനില സജേഷ് എന്നിവരെ നീലിമലയില്‍ കഴിഞ്ഞ ദിവസം പ്രതിരോധിച്ചത് ആന്ധ്ര, തമിഴ്നാട് എന്നിവിടങ്ങളിലെ തീര്‍ത്ഥാടകരായിരുന്നു. മണ്ഡലപൂജയ്ക്ക് മുന്‍പ് മരക്കൂട്ടത്ത് അഡ്വ. ബിന്ദു, കനകദുര്‍ഗ്ഗ എന്നീ യുവതികളെ തടഞ്ഞ് മടക്കി അയച്ചതിന് പിന്നിലും അയല്‍സംസ്ഥാന ഭക്തരുണ്ടായിരുന്നു.

തുടക്കത്തില്‍ കര്‍മ്മസമിതിയും സംഘപരിവാര്‍ സംഘടനകളും നിരോധനാജ്ഞയെ മറികടന്ന് സജീവമായിരുന്നെങ്കിലും മകരവിളക്ക് സീസണ്‍ അടുത്തതോടെ ഇവർക്ക് നേരെ ശക്തമായ നടപടികളാണ് പോലീസെടുത്തത്. ഇതോടെ അന്യ സംസ്ഥാന ഭക്തർ കളം പിടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസംകൊവൈ ധര്‍മ്മരാജ അരശ് പീഠത്തിലെ സന്യാസി കൃഷ്ണമൂര്‍ത്തി ഗുരുസ്വാമിയുടെ നേതൃത്വത്തിലുള്ള സംഘം പാത്രത്തില്‍ കര്‍പ്പൂരം കത്തിച്ച്‌ നാമജപം നടത്തിയതിനൊപ്പം ഗോബാക്ക് വിളികളും മുഴക്കി. എന്നാല്‍ ഇവരെ അറസ്റ്റ് ചെയ്യാനോ ബലപ്രയോഗം നടത്താനോ പൊലീസ് തയ്യാറായില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button